ന്യൂഡല്‍ഹി: ബംഗളൂരുവിലേത് പോലെ സമാന സംഭവം ഡല്‍ഹിയിലും അരങ്ങേറി. ബാംഗ്ലൂരില്‍ 50 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട് മലയാളി വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോയി കൊന്നതിന് പിന്നാലെ ഡല്‍ഹിയിലും സമാന സംഭവം. 75 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട് ഹരിയാന ബഹാദുര്‍ഗഡില്‍ താമസിക്കുന്ന പാസ്റ്റര്‍ സേവ്യര്‍ മാത്യുവിന്റെ മകന്‍ അഭിഷേകിനെ(20)യാണ് തട്ടിക്കൊണ്ടു പോയത്. കോളേജില്‍ പോയി മടങ്ങിയ അഭിഷേകിനെ വെള്ളിയാഴ്ച വൈകിട്ട് നാലിനാണ് തട്ടിക്കൊണ്ടു പോയത്.
അഭിഷേകിനെ വിട്ടുനല്‍കാന്‍ 75 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് അഞ്ചരയ്ക്കു സംഘം സേവ്യറിനെ ഫോണില്‍ വിളിച്ചു. ശനിയാഴ്ച രാവിലെ 11 മണിയോടെ വീണ്ടും വിളിച്ച സംഘം രണ്ടു ദിവസത്തിനകം പണം നല്‍കണമെന്ന് ആവശ്യപ്പെട്ടു. വീടിനു സമീപംവച്ചാണ് അഭിഷേകിനെ തട്ടിക്കൊണ്ടു പോയതെന്നാണു സൂചന. തെക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ നജഫ്ഗഡിലാണു തങ്ങളുള്ളതെന്നു സംഘം അറിയിച്ചെങ്കിലും അവിടെ പൊലീസ് നടത്തിയ തിരച്ചിലില്‍ ഇവരെ കണ്ടെത്താനായില്ല.
അഭിഷേകിന്റെ ഫോണില്‍നിന്നാണു സംഘം സേവ്യറിനെ ബന്ധപ്പെടുന്നത്. ഫോണിന്റെ സിഗ്‌നല്‍ പിന്തുടര്‍ന്നാണ് അന്വേഷണം പുരോഗമിക്കുന്നത്. രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ മുഖേന വിവരം ലഭിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, അന്വേഷണം ഊര്‍ജിതമാക്കാന്‍ പൊലീസിനു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കാണാതാകുമ്പോള്‍ ഇളംനീല ജീന്‍സും നീല ഷര്‍ട്ടുമായിരുന്നു അഭിഷേകിന്റെ വേഷം. പത്തനംതിട്ട മല്ലശേരി സ്വദേശിയായ പാസ്റ്റര്‍ സേവ്യര്‍, ഇന്ത്യന്‍ പെന്തക്കൊസ്ത് ചര്‍ച്ചില്‍ (ഐപിസി) ശുശ്രൂഷകനാണ്.
ബാംഗ്ലൂരില്‍ ശരത്ത് എന്ന മലയാളി യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ വാര്‍ത്ത ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. ഉറ്റ സുഹൃത്ത് തന്നെയായിരുന്നു ശരത്തിനെ 50 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടു പോയത്. പണം കിട്ടില്ലെന്ന് മനസ്സിലാക്കിയ സംഘം ശരത്തിനെ കൊലപ്പെടുത്തുകയും ചെയ്തു. ഇത് ബാംഗ്ലൂരിലെ മലയാളി സമൂഹത്തിനിടയില്‍ ഭീതി പടര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വാര്‍ത്ത വന്നിരിക്കുന്നത്.
Post Your Comments