Latest NewsNewsHealth & Fitness

പ്രോസ്റ്റേറ്റ് കാന്‍സറും : രോഗലക്ഷണങ്ങളും

 

പുരുഷന്മാരില്‍ മൂത്രനാളത്തിന്റെ ആരംഭത്തില്‍ രണ്ടു വശങ്ങളിലായി കാണുന്ന ഗ്രന്ഥിയാണു പ്രോസ്റ്റേറ്റ്. ഈ ഗ്രന്ഥി വലുപ്പം വയ്ക്കുന്നതു പലപ്പോഴും മൂത്ര തടസ്സത്തിനും മൂത്രം കൂടെക്കൂടെ ഒഴിക്കണമെന്നു തോന്നുന്നതിനും കാരണമാകും. പക്ഷേ, ഈ ലക്ഷണങ്ങള്‍ പലപ്പോഴും ബിനൈന്‍ പ്രോസ്റ്റേറ്റിക് ഹൈപ്പര്‍ട്രോഫി എന്ന കാന്‍സര്‍ അല്ലാത്ത പ്രോസ്റ്റേറ്റിന്റെ വീക്കം കാരണമാണ് . പ്രോസ്റ്റേറ്റ് ഗ്രന്ഥിക്കു കാന്‍സര്‍ വരുമ്പോഴും ഈ ലക്ഷണങ്ങള്‍ ഒക്കെ തന്നെയാണ് കാണാറുള്ളത്.

ആര്‍ക്കൊക്കെ, എന്തുകൊണ്ട്?

പ്രത്യേകിച്ച് ഒരു കാരണം പറയുവാന്‍ പ്രയാസമാണ്. അടുത്ത ബന്ധുക്കളിലാര്‍ക്കെങ്കിലും പ്രോസ്റ്റേറ്റ് കാന്‍സര്‍ ഉണ്ടായിരുന്നുവെങ്കില്‍  സാധ്യത ഏകദേശം രണ്ടു മടങ്ങാണ്. പ്രായം കൂടി വരുന്നതിനനുസരിച്ചു പ്രോസ്റ്റേറ്റ് കാന്‍സറിന്റെ സാധ്യതയും കൂടുന്നു. 50 വയസ്സിനു മുകളിലുള്ള 50 ശതമാനം പേര്‍ക്കും ഈ കാന്‍സറിന്റെ മുന്നോടിയായുള്ള പിന്‍ എന്ന മാറ്റം കാണാറുണ്ട്. പക്ഷേ , ഒരു ശക്തിയുള്ള കാന്‍സറായി മാറുന്നതു കുറഞ്ഞ ശതമാനം മാത്രം. പ്രോസ്റ്റേറ്റ് കാന്‍സര്‍ ഹോര്‍മോണ്‍ ആശ്രയിച്ചു വളരുന്ന ഒരു കാന്‍സറാണ്. അതു കൊണ്ടു തന്നെ  പൊണ്ണത്തടി അതായതു ശരീരത്തില്‍ അമിതമായ കൊഴുപ്പ് ഉണ്ടായാല്‍ ഈ കാന്‍സറിന്റെ സാധ്യത വര്‍ധിക്കും.

രോഗലക്ഷണങ്ങള്‍

*കൂടെക്കൂടെയുള്ള മൂത്രം ഒഴിക്കല്‍ പ്രത്യേകിച്ചു രാത്രിയില്‍ കൂടുതല്‍ പ്രാവശ്യം

*ഒഴിക്കേണ്ടിവരിക. അല്ലെങ്കില്‍ മൂത്രശങ്ക

*മൂത്രത്തില്‍ രക്തം വരിക

*ശുക്ലത്തില്‍ രക്തം വരിക

*മൂത്രം വരാന്‍ താമസമെടുക്കുക

മൂത്രമൊഴിച്ചതിനുശേഷം പൂര്‍ണമായി പോയില്ല എന്നുള്ള തോന്നല്‍

*മൂത്രം തുടര്‍ച്ചയായി പോകുന്നതിനു പകരം തുള്ളിയായി പോവുക

രോഗനിര്‍ണയം

പ്രോസ്റ്റേറ്റ് ഗ്രന്ഥി ഉല്‍പാദിപ്പിക്കുന്ന ഒരു പ്രോട്ടീന്‍ ആണ് PSA അഥവാ പ്രോസ്റ്റേറ്റ് സ്‌പെസിഫിക് ആന്റിജന്‍. ഇതിന്റെ രക്തത്തിലെ അളവു നോക്കിയാല്‍ പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ധാരണ കിട്ടും. പ്രോസറ്റേറ്റ് ഗ്രന്ഥിയുടെ എല്ലാത്തരം വീക്കത്തിലും രക്ത ത്തിലെ  PSA യുടെ അളവ് കൂടും. കാന്‍സറില്‍  PSA കൂടുന്ന തോത് അസാധാരണമാം വിധം അധികമായിരിക്കും. 50 വയസ്സിനു മുകളിലുള്ളവര്‍ വര്‍ഷത്തില്‍ ഒരിക്കല്‍ PSA ചെയ്തു നോക്കുന്നതു പ്രോസ്റ്റേറ്റ് കാന്‍സര്‍ നേരത്തെ കണ്ടുപിടിക്കാന്‍ സഹായിക്കും.

പ്രോസ്റ്റേറ്റ് ബയോപ്‌സി : PSA  കൂടുതലായി കാണുകയോ അല്ലെങ്കില്‍ പ്രോസ്റ്റേറ്റിന്റെ രോഗലക്ഷണങ്ങള്‍ വല്ലാതെ അനുഭവപ്പെടുകയോ അതുമല്ലെങ്കില്‍ മലദ്വാരത്തിലൂടെയുള്ള പരിശോധനയില്‍ പ്രോസ്റ്റേറ്റിന് അപാകത ഡോക്ടര്‍ക്കു തോന്നുകയാണെങ്കില്‍ പ്രോസ്റ്റേറ്റ്ബയോപ്‌സി ചെയ്യണം. ഇതു കാന്‍സര്‍രോഗം ഉണ്ടോ ഇല്ലയോ എന്നു സ്ഥിരീകരിക്കുവാന്‍ സഹായിക്കും

ചികിത്സ

രോഗം സ്ഥിരീകരിച്ചാല്‍ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടര്‍ന്നിട്ടുണ്ടോ എന്നു പരിശോധിക്കണം. രോഗം പ്രോസ്റ്റേറ്റ് ഗ്രന്ഥിയില്‍ മാത്രം ഒതുങ്ങി നില്ക്കുന്ന അവസ്ഥയില്‍ മൂന്നുതരം ചികിത്സ ലഭ്യമാണ്. ഹോര്‍മോണ്‍  ചികിത്സ, സര്‍ജറി, റേഡിയേഷന്‍ എന്നിവ. രോഗിയുടെ ആരോഗ്യസ്ഥിതി വ്യക്തമായി അപഗ്രഥിച്ചു മാത്രമേ ശസ്ത്രക്രിയ ചെയ്യാറുള്ളൂ. 70 വയസ്സിനു മുകളിലുള്ളവര്‍ക്കു പലപ്പോഴും സര്‍ജറി ചെയ്യാറില്ല.

വര്‍ഷങ്ങളായി  അവലംബിച്ചു പോയിരുന്ന ഒരു ചികിത്സാരീതിയാണു വൃഷണങ്ങള്‍ നീക്കം ചെയ്യുക എന്നത്. കാന്‍സര്‍ ഏതു സ്റ്റേജിലാണെങ്കിലും വൃഷണങ്ങള്‍ നീക്കം ചെയ്യുക പതിവായിരുന്നു. എന്നാല്‍ നീക്കം ചെയ്യാതെ രോഗം ചികിത്സിക്കാനുള്ള പുതിയ മരുന്നുകള്‍ ഇന്നു ലഭ്യമാണ്.  റേഡിയേഷന്‍ ചികിത്സ ആഴ്ചയില്‍ അഞ്ചുദിവസം വച്ച് ആറാഴ്ച ചെയ്യേണ്ടതുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button