മംഗളൂരു: എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വന്‍ ദുരന്തത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു ; ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തിയെന്ന് വിശ്വസിക്കാനാകാതെ യാത്രക്കാര്‍ ഞെട്ടലിലാണ്.
170 യാത്രക്കാരുമായി പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് IX 821 വിമാനമാണ് ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടത്. വിമാനം പറന്നുയര്‍ന്ന് 45 മിനിറ്റ് പിന്നിട്ടപ്പോള്‍ എഞ്ചിന്‍ തകരാറിലാവുകയായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം താഴേക്ക് കുതിച്ചു. പൈലറ്റുമാരുടെ സന്ദര്‍ഭോജിതമായ ഇടപെടലിലാണ് ദുരന്തം വഴിമാറിയത്. മംഗളൂരു വിമാനത്താവളത്തില്‍ നിന്നും പുറപ്പെട്ട വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് വന്‍ ദുരന്തത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടത്
വലിയ ശബ്ദത്തോടെയായിരുന്നു എഞ്ചിന്‍ തകരാറിലായത്. നിയന്ത്രണം നഷ്ടമായ വിമാനം ആടിയുലയുകയും യാത്രക്കാര്‍ പരിഭ്രാന്തരാവുകയും ചെയ്തു. ചിലര്‍ ഉറക്കെ പ്രാര്‍ത്ഥിക്കുകയും, മറ്റു ചിലര്‍ നിലവിളിക്കുന്നതിന്റെയും ഓഡിയോ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഒടുവില്‍ വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്തതോടെയാണ് യാത്രക്കാര്‍ക്ക് ശ്വാസം നേരെ വീണത്.
ചിലരാകട്ടെ പൈലറ്റുമാര്‍ക്കൊപ്പം സെല്‍ഫിയെടുത്താണ് വിമാനത്താവളത്തിന് പുറത്തിറങ്ങിയത്. യാത്ര മുടങ്ങിയവരെ തിങ്കളാഴ്ച രാവിലെയുള്ള വിമാനത്തില്‍ ദോഹയിലേക്ക് അയക്കുമെന്നും, ഇവര്‍ക്ക് താമസ സൗകര്യം ഒരുക്കിയതായും വിമാനത്താവള അധികൃതര്‍ പറഞ്ഞു. ചിലര്‍ക്ക് ഇപ്പോഴും ഭയം വിട്ടുമാറിയിട്ടില്ല. അവരെ ഭയം വിട്ടുമാറിയ ശേഷം ദോഹയിലേക്ക് അയക്കാനാണ് തീരുമാനം.
2010 മെയ് 22 ന് മംഗളൂരുവിലുണ്ടായ വിമാന ദുരന്തത്തില്‍ 158 യാത്രക്കാര്‍ക്കാണ് ജീവന്‍ നഷ്ടമായത്.
Post Your Comments