ഷാര്‍ജ : യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഞായറാഴ്ച കേരളത്തിലെത്തും. മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണം സ്വീകരിച്ചാണ് ഷാര്‍ജ ഭരണാധികാരി എത്തുന്നത്.
യുഎഇ സന്ദര്‍ശനത്തിനിടെ ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയെ മുഖ്യമന്ത്രി കേരളത്തിലേക്ക് ക്ഷണിച്ചിരുന്നു. സെപ്റ്റംബര്‍ 24 മുതല്‍ സെപ്തംബര്‍ 28 വരെയാണ് സുല്‍ത്താന്റെ കേരള സന്ദര്‍ശനം .
കോഴിക്കോട് സര്‍വകലാശാല പ്രഖ്യാപിച്ച ഡിലിറ്റ് ബിരുദവും ഷാര്‍ജ ഭരണാധികാരി സ്വീകരിക്കും. 24 വൈകിട്ട് മൂന്നു മണിക്കാണ് ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോ.സുല്‍ത്താന്‍ തിരുവനന്തപുരത്തു എത്തുക.
25 നു അദ്ദേഹം കേരള മന്ത്രി സഭാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തും. അന്ന് ഉച്ചക്ക് കേരള ഗവര്‍ണ്ണര്‍ നല്‍കുന്ന വിരുന്നിലും ഷെയ്ഖ് ഡോ.സുല്‍ത്താന്‍ പങ്കെടുക്കും,
പിറ്റേ ദിവസം രാവിലെ മുഖ്യമന്ത്രി പിണറായി വിജയനുമായി ഷെയ്ഖ് ഡോ.സുല്‍ത്താന്‍ കൂടിക്കാഴ്ച നടത്തും. അതിനു ശേഷം രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ അദ്ദേഹം കാലിക്കറ്റ് സര്‍വ്വകലാശാല യുടെ ഡോക്ടറേറ്റ് സ്വീകരിക്കും.
27 നു ലുലു ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ എം എ യൂസഫലിയുടെ വസതി സന്ദര്‍ശിക്കും.ഷാര്‍ജ സര്‍ക്കാരിന്റെ ഉന്നത പ്രതിനിധികളും സുല്‍ത്താനെ അനുഗമിക്കും.
ഷാര്‍ജ മീഡിയ കോര്‍പറേഷന്‍ ചെയര്‍മാന്‍ , ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് , ഷാര്‍ജ റൂളേഴ്സ് കോര്‍ട്ട് ചെയര്‍മാന്‍ ശൈഖ് സാലം ബിന്‍ അബ്ദുല്‍ റഹ്മാന്‍, ഷാര്‍ജ പെട്രോളിയം കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ശൈഖ് ഫാഹിം അല്‍ ഖാസിമി , ഷാര്‍ജ കള്‍ച്ചര്‍ അതോറിട്ടി ചെയര്‍മാന്‍,അബ്ദുള്ള അല്‍ ഒവൈസ് , ലുലു ഗ്രൂപ്പ് ചെയര്‍മാന്‍, എം എ യൂസുഫലി, ഷാര്‍ജ ഭരണാധികാരിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഉമര്‍ സൈദ് മുഹമ്മദ്ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് അഡ്വ: വൈ. എ റഹീം എന്നിവര്‍ ഷാര്‍ജ ഭരണാധികാരിയുടെ ഔദ്യോഗിക പ്രതിനിധി സംഘത്തിലുണ്ട്.
ഡോ. ഷെയ്ഖ് സുല്‍ത്താന്‍ നേരത്തെ ഇന്ത്യ സന്ദര്‍ശിചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് കേരളം സന്ദര്‍ശിക്കുന്നത്.
Post Your Comments