മുംബൈ : മുംബൈ സ്‌ഫോടനപരമ്പര ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ ഇന്ത്യ തിരയുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമിന് ഇന്ത്യയിലേക്ക് തിരികെ വരാന്‍ ആഗ്രഹമുണ്ടെന്നും ഇതിനു വേണ്ടി കേന്ദ്രവുമായി ധാരണയിലെത്താന്‍ ചര്‍ച്ചകള്‍ നടക്കുകയാണെന്നും മഹാരാഷ്ട്ര നവനിര്‍മാണ സേന(എംഎന്‍എസ്) തലവന്‍ രാജ് താക്കറെ. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാജ്.
അംഗവൈകല്യം സംഭവിച്ച അവസ്ഥയിലാണ് ദാവൂദ് ഇബ്രാഹീം ഇപ്പോഴുള്ളത്. ഇന്ത്യയിലേക്ക് മടങ്ങിയെത്തണമെന്ന് അയാള്‍ക്ക് അതീവ ആഗ്രഹമുണ്ട്. ഇതിനു വേണ്ടി കേന്ദ്രവുമായി ‘വിലപേശല്‍’ ചര്‍ച്ചകളും സജീവമാണ്. അടുത്ത പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ദാവൂദ് ഇന്ത്യയിലേക്കു തിരിച്ചെത്തും.
ദാവൂദിനെ ഇന്ത്യയിലെത്തിക്കുന്നത് രാഷ്ട്രീയ നേട്ടമാകും എന്നത് കൊണ്ട് നരേന്ദ്രമോദി സര്‍ക്കാറിന് ഈ നീക്കത്തില്‍ താത്പ്പര്യം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക മാധ്യമരംഗത്ത് തുടക്കം കുറിച്ച രാജ് താക്കറെ വ്യാഴാഴ്ച സ്വന്തം ഫേസ്ബുക്ക് പേജിന്റെ ഉദ്ഘാടന വേളയിലാണ് അദ്ദേഹം ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.
ഓഗസ്റ്റില്‍ സാമ്പത്തിക ഉപരോധ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ദാവൂദിന്റെ 45 കോടി ഡോളര്‍ (ഏകദേശം 2835 കോടി രൂപ) സ്വത്തുവകകളാണു ബ്രിട്ടിഷ് അധികൃതര്‍ മരവിപ്പിച്ചത്. യുകെ ട്രഷറി വകുപ്പ് പുറത്തുവിട്ട ഉപരോധ പട്ടികയനുസരിച്ചു ധനികരായ കുറ്റവാളികളില്‍, കൊളംബിയയിലെ ലഹരിമരുന്നു മാഫിയത്തലവന്‍ പാബ്ലോ എസ്‌കൊബാറിനുശേഷം ലോകത്തുതന്നെ രണ്ടാം സ്ഥാനമാണു ദാവൂദിന്.
ലോകമെമ്പാടുമായി 700 കോടി ഡോളറിന്റെ ആസ്തികളാണു ദാവൂദിനുള്ളത്. ഇതില്‍ പകുതിയും ബ്രിട്ടനിലും ദുബായിലും ഇന്ത്യയിലുമുള്ള നിക്ഷേപങ്ങളാണ്. ദുബായിലുള്ള 15000 കോടി രൂപയുടെ സ്വത്തുക്കള്‍ നേരത്തേ മരവിപ്പിച്ചിരുന്നു.
Post Your Comments