തിരുവനന്തപുരം: ബിഎസ്എൻഎൽ ഉപഭോകതാക്കൾക്കൊരു ദുഃഖവാർത്ത. ബിഎസ്എൻഎൽ അവതരിപ്പിച്ച ആകര്‍ഷകമായ പ്ലാനുകളുടെ പരിധി വരിക്കാർ അറിയാതെ ബിഎസ്എൻഎൽ വെട്ടി ചുരുക്കുന്നു. അടുത്തകാലത്ത് കൊണ്ടുവന്ന പ്ലാനുകളില്‍ ചിലതിലെ സേവനങ്ങളുടെ ദിവസ പരിധി കുറഞ്ഞ വിവരം ഏറെ വൈകിയാണ് പല വരിക്കാരും അറിഞ്ഞത്.
വരിക്കാരെ ഏറെ ആകർഷിച്ചിരുന്ന 395 രൂപയുടെ പ്ലാനിന് 71 ദിവസമായിരുന്നു കാലാവധി. ബി.എസ്.എന്‍.എല്‍ നെറ്റ്വര്ക്കുകളിലേക്ക് 50 മണിക്കൂറും മറ്റു നെറ്റ്വര്ക്കുകളിലേക്ക് 30 മണിക്കൂറും കോളിനോടൊപ്പം പ്രതിദിനം രണ്ടു ജി.ബി ഇന്റര്‍നെറ്റ് ഡാറ്റയും ലഭിച്ചിരുന്ന ഈ ഓഫറിന്റെ കാലാവധി രണ്ടാഴ്ച മുൻപ് 56 ദിവസമായും പ്രതിദിന ഡാറ്റ രണ്ടു ജി.ബിയില്‍നിന്ന് ഒന്നായും വെട്ടിക്കുറച്ചു. എന്നാൽ രണ്ടു ദിവസം മുൻപാണ് ഈ വിവരം എസ്.എം.എസ് വഴി ഉപഭോക്താക്കളിലെത്തിത്തുടങ്ങിയത് എന്നത് ശ്രദ്ധേയം.
അതേസമയം 339 രൂപയുടെ പ്ലാനിന്റെ കാലാവധി 30 ദിവസത്തില്‍നിന്ന് 26 ദിവസമായും,349 രൂപയുടെ പ്ലാനിന്റെ കാലാവധി 28 ദിവസത്തില്‍നിന്ന് 26 ദിവസമായും കുറച്ചിട്ടുണ്ട്. ജിയോ ഉയര്‍ത്തിയ വെല്ലുവിളി മറികടക്കാൻ വേണ്ടിയാണ് ആകര്‍ഷകമായ ഓഫറുകള്‍ ബി.എസ്.എന്‍.എല്‍ അവതരിപ്പിച്ചത്. ഈ ഓഫാറുകൾക്കെല്ലാം തന്നെ മികച്ച പ്രതികരണം ലഭിക്കുന്നതിനിടെയാണ് കാലാവധി വെട്ടിക്കുറച്ചത്.
ഓഫറുകള്‍ കൂടിയപ്പോള്‍ ഉപയോഗം വര്‍ദ്ധിച്ചു.ഇതുകാരണം നെറ്റ്വര്ക്കില് തടസ്സങ്ങള്‍ നേരിട്ടു. ഇതിനെ തുടർന്നാണ് ഓഫറുകളുടെ ദിവസ പരിധി കുറയ്ക്കാൻ കാരണമായെന്ന് ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. കൂടാതെ എസ്.എം.എസ് വഴി അറിയിക്കാന്‍ വൈകിയതിനു കാരണമറിയില്ലെന്നും എന്നാല്‍, പ്രധാനപ്പെട്ട ഓഫിസുകളില്‍ യഥാസമയം നോട്ടിസ് പതിച്ചിട്ടുണ്ടെന്നും അവര്‍ പറയുന്നു
Post Your Comments