KeralaLatest NewsNews

മൂന്നാറിലെ റിസോര്‍ട്ടുകള്‍ അപകട ഭീഷണിയില്‍

ഇടുക്കി: പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ മൂന്നാറിലെ ഏതാനും റിസോര്‍ട്ടുകള്‍ അപകട ഭീഷണിയിലാണെന്ന് കാണിച്ച്‌ ദേവികുളം തഹസില്‍ദാര്‍ ഇടുക്കി ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ശക്തമായ മഴയില്‍ മണ്ണിടിച്ചിലുണ്ടായ ഭാഗങ്ങളിലെ ഈ റിസോര്‍ട്ടുകളുടെ പ്രവര്‍ത്തനാനുമതി താല്‍ക്കാലികമായി റദ്ദാക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കനത്ത മഴയില്‍ ഇടുക്കിയില്‍ വന്‍തോതിലുള്ള മണ്ണിടിച്ചിലാണ് ഉണ്ടാകുന്നത്. മൂന്നാറിനോട് ചേര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും നിരവധി വീടുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും നാശം സംഭവിച്ചിരുന്നു. ഇതേതുടര്‍ന്നുള്ള പരിശോധനയിലാണ്, പള്ളിവാസല്‍ വില്ലേജില്‍ രണ്ടാം മൈലില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് റിസോര്‍ട്ടുകള്‍ക്ക് അപകടഭീഷണിയുണ്ടെന്ന് കണ്ടെത്തിയത്.

മിസ്റ്റി മൗണ്ട്, ഫോറസ്റ്റ് ഗ്ലയിഡ്, കാശ്മീരം എന്നീ റിസോര്‍ട്ടുകള്‍ക്ക് അപകട ഭീഷണിയുണ്ടെന്ന് ദേവികുളം തഹസില്‍ദാരുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഫോറസ്റ്റ്ഗ്ലൈഡ്, കാശ്മീരം എന്നീ റിസോര്‍ട്ടുകളുടെ സ്ഥിതി അപകടകരമാണെന്നും ഇവയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ റിസോര്‍ട്ടുകള്‍ കൊച്ചി-ധനുഷ്കോടി ദേശീയ പാതയുടെ അതിര്‍ത്തി പങ്കിടുന്നതിനാല്‍ ദേശീയ പാതയുടെ അതിര്‍ത്തി തിട്ടപ്പെടുത്തുംവരെ സംരക്ഷണ ഭിത്തി കെട്ടരുതെന്നും ആവശ്യപ്പെടുന്നുണ്ട്. മഴ തുടരുന്നതിനാല്‍ അപകടഭീഷണിയുള്ള റിസോര്‍ട്ടുകളിലേക്ക് വിനോദ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്.

shortlink

Post Your Comments


Back to top button