വിനു വി ജോണ്‍ എന്നൊരു വാര്‍ത്താ അവതാരകന്‍ തുടര്‍ച്ചയായി ഒമ്പത് ദിവസം ന്യൂസ് അവര്‍ നടത്തിയാണ് ജനവികാരം ആളിക്കത്തിച്ചതും മറ്റു മാധ്യമങ്ങളെ കൂടി വഴിതെറ്റിച്ച് ജയരാജന്റെ രാജി അനിവാര്യമാക്കിയതുമെന്ന് അഡ്വ. എ.ജയശങ്കര്‍. ജയരാജന് നീതി കിട്ടണമെങ്കില്‍ വിനു.വി. ജോണ്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ മാപ്പ് പറയണമെന്നും ജയശങ്കര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
ജയശങ്കറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സഖാവ് ഇപി ജയരാജൻ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരമോ അഴിമതി നിരോധന നിയമപ്രകാരമോ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്ന് വിജിലൻസ് അന്വേഷണത്തിൽ വ്യക്തമായി. ആ റിപ്പോർട്ട് കോടതി അംഗീകരിക്കുക കൂടി ചെയ്താൽ സർവ്വം ശുഭം, മംഗളം.
സത്യം പറഞ്ഞാൽ, ജയരാജൻ ചെയ്തത് അത്ര വലിയ പാതകമൊന്നുമല്ല. സ്വാതന്ത്ര്യം കിട്ടിയ കാലം മുതൽ എല്ലാ പാർട്ടിക്കാരും ചെയ്തു കൊണ്ടിരിക്കുന്ന പരിപാടിയാണ് ബന്ധുനിയമനം. അതുകൊണ്ടാണ് കോൺഗ്രസോ ബിജെപിയോ പോലും അത് ഏറ്റുപിടിക്കാഞ്ഞത്. വിനു വി ജോൺ എന്നൊരു വാർത്താ അവതാരകൻ തുടർച്ചയായി ഒമ്പത് ദിവസം ന്യൂസ് അവർ നടത്തിയാണ് ജനവികാരം ആളിക്കത്തിച്ചതും മറ്റു മാധ്യമങ്ങളെ കൂടി വഴിതെറ്റിച്ച് ജയരാജന്റെ രാജി അനിവാര്യമാക്കിയതും.
സത്യം തെളിഞ്ഞു എങ്കിലും നീതി നടപ്പായിട്ടില്ല. ജയരാജനു നീതി കിട്ടണമെങ്കിൽ മന്ത്രിസഭയിൽ തിരിച്ചെടുക്കണം, പാർട്ടി ശാസന പിൻവലിക്കണം, വിനു വി ജോൺ അടക്കമുള്ള മാധ്യമ പ്രവർത്തകർ മാപ്പു പറയണം, എല്ലാത്തിനും ഉപരി സുധീർ നമ്പ്യാർക്ക് നല്ല നിലയും വിലയുമുളള ഉദ്യോഗം തരപ്പെടുത്തി കൊടുക്കണം.
Post Your Comments