
മലപ്പുറം: കെഎസ്ആർടിസി ബസിൽ മറന്നുവച്ച സാധനങ്ങൾ മറ്റ് യാത്രക്കാർ എടുത്തിട്ടില്ലെങ്കിൽ തിരിച്ചുകിട്ടാൻ ചില വഴികളുണ്ട്. ബസുകളിൽനിന്നു വീണുകിട്ടിയ സാധനങ്ങൾ ചട്ടമനുസരിച്ച് ആറുമാസം സൂക്ഷിച്ച ശേഷമുള്ള ലേലം ഇന്നലെ മലപ്പുറം കെഎസ്ആർടിസി ഡിപ്പോയിൽ നടക്കുകയുണ്ടായി. പല സാധനങ്ങളും തുച്ഛം വിലയ്ക്കാണ് ലേലം പോയത്. കുടയും പ്ലേറ്റും വസ്ത്രങ്ങളും പഴ്സും ബാഗുകളുമെല്ലാം വിറ്റപ്പോൾ കെഎസ്ആർടിസിക്ക് എണ്ണായിരത്തോളം രൂപ വരുമാനം ലഭിച്ചു.
മറന്നു വെച്ച സാധനങ്ങൾ ഇനി തിരികെ എങ്ങനെ ലഭിക്കുമെന്ന് നോക്കാം. ടിക്കറ്റിൽ ബസ് നമ്പറും ബസ് ഏത് ഡിപ്പോയിലേതാണെന്നും വ്യക്തമാക്കിയിട്ടുണ്ടാകും. ടിക്കറ്റെടുത്ത സമയവുമുണ്ടാകും. ഡിപ്പോയുമായി ബന്ധപ്പെടുക. ബസ് പോകുന്നത് ഏതു ഡിപ്പോയിലേക്കാണെന്ന് അറിയാമെങ്കിൽ അവിടെ വിളിക്കാം. അധികൃതർക്ക് ബസ് നമ്പർ വച്ച് ‘വേ ബിൽ’ പരിശോധിച്ച് കണ്ടക്ടർ ആരെന്ന് മനസ്സിലാക്കാനാകും. തുടർന്ന് അധികൃതർ കണ്ടക്ടറെ വിളിച്ച് വിവരം അറിയിക്കും. റന്നുവയ്ക്കാൻ സാധ്യതയുള്ള സാധനങ്ങളുടെ ഏതെങ്കിലും ഭാഗത്ത് ഫോൺ നമ്പർ എഴുതിവയ്ക്കുന്നത് അവ തിരിച്ചുകിട്ടാനുള്ള സാധ്യത വർധിപ്പിക്കും.
കെഎസ്ആർടിസി ബസുകളിൽനിന്നു വീണുകിട്ടുന്ന സാധനങ്ങൾ ജീവനക്കാർ ഡിപ്പോയിൽ ഏൽപിച്ച് എൽപി റജിസ്റ്ററിൽ രേഖപ്പെടുത്തും. ആറുമാസം ഡിപ്പോയിൽ സൂക്ഷിച്ച ശേഷം ഇവ ലേലത്തിന് വെയ്ക്കും. സ്വർണംപോലെ വിലപിടിപ്പുള്ള സാധനങ്ങൾ ഡിപ്പോയിൽ മൂന്നുമാസം സൂക്ഷിക്കും. ഈ സമയത്ത് എത്തിയാൽ മൂല്യത്തിന്റെ 10% അടച്ച ശേഷം കൈപ്പറ്റാം. മൂന്നുമാസംകഴിഞ്ഞാൽ അവ തിരുവനന്തപുരത്തെ കെഎസ്ആർടിസി ആസ്ഥാനത്തേക്കു മാറ്റും.
Post Your Comments