കുവൈത്ത്: വിദേശത്തേക്കുള്ള നഴ്സ് റിക്രൂട്മെന്റ് വിഷയത്തില്‍ സുപ്രധാന നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയിലെ ഏത് ഏജന്‍സി വഴിയും വിദേശത്തേക്കു നഴ്സ് റിക്രൂട്മെന്റ് നടത്താമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. മുമ്പ് ആറു ഏജന്‍സികള്‍ക്ക് മാത്രമേ റിക്രൂട്മെന്റ് നടത്താനുള്ള അനുമതിയുണ്ടായിരുന്നുള്ളൂ. നോര്‍ക്ക, ഒഡെപെക് തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളായിരുന്നു ഇത്. പുതിയ നിര്ദേശത്താടെ സ്വകാര്യഏജന്സികള്ക്കും റിക്രൂട്മെന്റ് നടത്താനുള്ള അവസരമാണ് ലഭ്യമാക്കുന്നത്.
2015 ലായിരുന്നു നഴ്സ് റിക്രൂട്മെന്റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമാക്കി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ലക്ഷങ്ങള്‍ വാങ്ങി ഉദ്യോഗാര്‍ഥികളെ സ്വകാര്യ ഏജന്‍സികള്‍ ചൂഷണം ചെയ്യുന്നുവെന്ന ആക്ഷേപം കാരണമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ നീക്കം. 18 രാജ്യങ്ങളിലേക്കായിരുന്നു ഈ നിയന്ത്രണം. കുവൈത്തും സൗദിയുമായി ഇതനുസരിച്ചു നിയമനത്തിനു പ്രത്യേകം കരാറുകള്‍ ഒപ്പിടുകയും ചെയ്തു. പക്ഷേ ഇതോടെ റിക്രൂട്മെന്റ് നടപടികളുടെ വേഗം കുറഞ്ഞതായി ആക്ഷേപം ഉയര്‍ന്നു.
കേരളം, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, യുപി സംസ്ഥാനങ്ങളിലെ ആറ് ഏജന്‍സികളെ മാത്രം ചുമതലപ്പെടുത്തിയത് രാജ്യത്തെ മറ്റു ഭാഗങ്ങളില്‍നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അവസരം നിഷേധിക്കാന്‍ ഇടയാക്കുമെന്നു വാദിച്ച് സ്വകാര്യ ഏജന്‍സികള്‍ കോടതിയെ സമീപിച്ചിരുന്നു. ഇതോടെ ഡല്‍ഹി ഹൈക്കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിലാണു കേന്ദ്ര സര്‍ക്കാര്‍ ഇതു സംബന്ധിച്ച പുതിയ നിര്‍ദേശം നല്‍കിയത്.
Post Your Comments