കൊച്ചി: യുവനടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവൻ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയിൽ. 56 പേജുകളുള്ള വിശദമായ ഹര്‍ജിയാണ് കാവ്യാ മാധവൻ സമർപ്പിച്ചിരിക്കുന്നത്. കേസില്‍ തന്നെ കാരണമില്ലാതെ അറസ്റ്റ് ചെയ്യുമോ എന്ന ആശങ്കയുള്ളതിനാലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുന്നതെന്ന് കാവ്യ വ്യക്തമാക്കിയിട്ടുണ്ട്. അഡ്വ. രാമൻപിള്ള മുഖേന നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും.
അന്വേഷണ സംഘത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഹര്‍ജിയിലുള്ളത്. നടിയെ ആക്രമിച്ച കേസിൽ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥരിൽനിന്ന് ഭീഷണിയുണ്ട്. പൊലീസ് നിരന്തരം വിളിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥർ നിയമവിരുദ്ധമായ കാര്യങ്ങൾ അംഗീകരിക്കാൻ സമ്മർദം ചെലുത്തുന്നുണ്ട്. അന്വേഷണം പക്ഷപാതപരമാണെന്നും തനിയ്ക്കെതിരെ ദുഷ്ലാക്കോടെയാണ് അന്വേഷണ സംഘം പ്രവര്‍ത്തിക്കുന്നതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ മൊഴി പ്രകാരം മാഡം എന്നൊരു കഥാപാത്രത്തെ കൃത്രിമമായി ഉണ്ടാക്കാൻ ശ്രമമുണ്ട്. അത് താനാണെന്ന് വരുത്തിത്തീർക്കാനാണ് ശ്രമിക്കുന്നതെന്നും കാവ്യ പറയുന്നു.
നുണപരിശോധനയ്ക്കു വിധേയനാക്കാൻ അപേക്ഷ നൽകിയെങ്കിലും സുനി അതിനു വിസമ്മതിച്ചു. അയാൾ പറയുന്നത് കളവാണെന്ന് അതിൽ നിന്നുതന്നെ വ്യക്തമാണ്. ദിലീപിന്റെ ഭാര്യയാണെന്ന കാരണം കൊണ്ടാണ് തന്നെ വേട്ടയാടുന്നത്. തന്റെ സ്ഥാപനത്തിലെത്തി മാതാപിതാക്കളെയും സഹോദരനെയും ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തി, ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ചലച്ചിത്രരംഗത്ത പ്രബലരായ ചിലരും അടങ്ങുന്ന സംഘം നടത്തിയ ഗൂഢാലചനയുടെ ഫലമാണ് ഇപ്പോഴത്തെ കേസ്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി സഹോദരൻ സൂരജ് ഡിജിപിക്ക് പരാതി നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും കാവ്യ ഹർജിയിൽ പറയുന്നു.
കാവ്യയുമായി അടുത്ത പരിചയമുണ്ടെന്നും കേസിലെ മാഡം കാവ്യയാണെന്നും സുനി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞിരുന്നു. അതേസമയം കാവ്യക്ക് കേസുമായി ബന്ധമില്ലെന്നും സുനി വ്യക്തമാക്കിയിരുന്നു. എന്നാൽ പൊലീസ് ചോദ്യം ചെയ്തപ്പോൾ പൾസർ സുനിയെ അറിയില്ലെന്ന നിലപാടാണ് കാവ്യ സ്വീകരിച്ചത്.
Post Your Comments