KeralaLatest NewsNews

സെബാസ്റ്റ്യന്‍ പോളിന്റെ ലേഖനം: നിലപാട് വ്യക്തമാക്കി മാനേജ്മെന്റ്- സൗത്ത് ലൈവില്‍ പൊട്ടിത്തെറി

കൊച്ചി•കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ സൗത്ത് ലൈവ് എഡിറ്റര്‍ ഇന്‍ ചീഫ് സെബാസ്റ്റ്യന്‍ പോള്‍ എഴുതിയ ‘സഹാനുഭൂതി കുറ്റമല്ല, ദിലീപിന് വേണ്ടിയും ചോദ്യങ്ങള്‍ ഉണ്ടാകണം’ എന്ന ലേഖനത്തെച്ചൊല്ലി സൗത്ത് ലൈവ് മാനേജ്മെന്റും എഡിറ്റോറിയല്‍ ടീമും രണ്ട് തട്ടില്‍. ചീഫ് എഡിറ്റര്‍ സെബാസ്റ്റ്യന്‍ പോളിന്റെ നിലപാടാണ്‌ മാനേജ്മെന്റിന്റെയും നിലപാടെന്ന് ജീവനക്കാരുടെ യോഗം വിളിച്ച് അറിയിച്ചതോടെയാണ് സൗത്ത് ലൈവില്‍ കാര്യങ്ങള്‍ പൊട്ടിത്തെറിയിലേക്ക് നീങ്ങിയിരിക്കുന്നത്. യോഗത്തില്‍ വച്ച് ചീഫ് എഡിറ്ററുടെ ലേഖനത്തോട് വിയോജിപ്പുള്ളവര്‍ പുറത്തുപോകണം എന്ന സെബാസ്റ്റിയന്‍ പോള്‍ പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. മാനേജിംഗ് ഡയറക്ടര്‍ സാജ് കുര്യനും സി ഇ ഒ ജോഷി സിറിയക്കുമാണ് തീരുമാനം അറിയിച്ചത്. ചീഫ് എഡിറ്റര്‍ സെബാസ്റ്റ്യന്‍ പോളിന്റെ നയം അതെന്താണോ അതാണ് സൗത്ത് ലൈവ് എന്ന മാധ്യമത്തിന്റെ നയം എന്നാണ് മാനേജ്‌മെന്റിന്റെ വിശദീകരണം.

അതേസമയം, ആക്രമിക്കപ്പെട്ട നടിയെ പിന്തുണയ്ക്കുന്നതിന് പകരം കുറ്റാരോപിതന്റെ മനുഷ്യാവകാശമാണ് ഉയര്‍ത്തിപ്പിടിക്കേണ്ടതെന്ന എഡിറ്റോറിയല്‍ നയംമാറ്റത്തോട് അതിശക്തമായി വിയോജിക്കുന്നതായി സൗത്ത് ലൈവിലെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരും മാനേജ്മെന്റിനെ അറിയിച്ചു. സൗത്ത് ലൈവിന്റെ നിലപാട് അറിയിച്ച് മറ്റ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളില്‍ അദ്ദേഹം സഹപ്രവര്‍ത്തകരുടെ ആത്മാഭിമാനം ചോദ്യം ചെയ്യുന്ന തരത്തില്‍ നടത്തിയ ചില പരാമര്‍ശങ്ങളിലുള്ള കടുത്ത വിയോജിപ്പും മാനേജ്‌മെന്റിനെ എല്ലാ ജീവനക്കാരും അറിയിച്ചു. എക്സിക്യൂട്ടീവ് എഡിറ്റര്‍ എന്‍ കെ ഭൂപേഷ്, സീനിയര്‍ എഡിറ്റര്‍ സി പി സത്യരാജ് , അസോസിയേറ്റ് എഡിറ്റര്‍ മനീഷ് നാരായണന്‍ എന്നിവര്‍ സെബാസ്റ്റ്യയന്‍ പോളിന്റെ നിലപാടുകള്‍ക്ക് വേണ്ടി, സൗത്ത് ലൈവ് എന്ന മാധ്യമത്തിന്റെ വിശ്വാസ്യത ഇല്ലാതാക്കുന്ന നടപടിയെ വിമര്‍ശിച്ചു. വനിതാ മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ള യോഗത്തിലാണ് സെബാസ്റ്റ്യന്‍ പോളിന്റെ മനുഷ്യത്വ വിരുദ്ധ നിലപാടുകളാണ് സ്ഥാപനത്തിന്റെതെന്ന നിലപാട് ഇവര്‍ ആവര്‍ത്തിച്ചത്. മാനേജ്‌മെന്റിന്റെ നിലപാടിനോട് യോജിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കൂ എന്ന് യോഗത്തില്‍ ഒന്നടങ്കം ആവശ്യപ്പെട്ടു.

എന്‍ കെ ഭൂപേഷ് ,സിപി സത്യരാജ്, മനീഷ് നാരായണന്‍, രഞ്ജിമ ആര്‍, നിര്‍മല്‍ സുധാകരന്‍, സികേഷ് ഗോപിനാഥ്, അജ്മല്‍ ആരാമം, ശ്യാമ സദാനന്ദന്‍ , എയ്ഞ്ചല്‍ മേരി മാത്യു, ആല്‍ബിന്‍ എം യു, ശ്രിന്‍ഷ രാമകൃഷ്ണന്‍, റെയക്കാഡ് അപ്പു ജോര്‍ജ്ജ് , നിര്‍മ്മലാ ബാബു, നിസാം ചെമ്മാട് എന്നിവരാണ്‌ മാനേജ്മെന്റ് നിലപടിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.

കടുത്ത സ്ത്രീവിരുദ്ധതയും വ്യക്തിവിദ്വേഷവും പ്രതിഫലിക്കുന്ന മനുഷ്യത്വവിരുദ്ധമായ ഈ ലേഖനം കേരള സമൂഹം ചര്‍ച്ച ചെയ്ത് തള്ളികളഞ്ഞിട്ടും ആ ലേഖനത്തിലെ നിലപാടുകളാണ് സൗത്ത് ലൈവിന്റെ തുടര്‍നയമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് മാനേജ്‌മെന്റ്. ഈ നിലപാടിനെ അംഗീകരിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. നടിയെ ആക്രമിച്ചവര്‍ക്കും ആസൂത്രണം ചെയ്തവര്‍ക്കും അനുകൂലമായി സഹതാപതരംഗം സൃഷ്ടിക്കാനുള്ള ശ്രമത്തിനിടയിലും കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുമെന്ന് തന്നെയാണ് തങ്ങളുടെ പ്രതീക്ഷയെന്നും ഇവര്‍ ഫേസ്ബുക്ക്‌ പോസ്റ്റില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button