Latest NewsIndiaNewsSports

‘നമ്മുടെ സംസ്കാരമിപ്പോഴും പഴയ കാളവണ്ടിയില്‍ തന്നെയാണ്’; മിതാലി രാജിന് പിന്തുണയുമായി റോബിന്‍ ഉത്തപ്പ

ബംഗളൂരു: സൈബര്‍ ആങ്ങളമാരുടെ നിരന്തര ആക്രമണത്തിന് വിധേയയാകുന്ന വ്യക്തിയാണ് ക്രിക്കറ്റ് താരം മിതാലി രാജ്. കഴിഞ്ഞ ദിവസം മിതാലി ട്വിറ്ററിലൂടെ ഒരു ചിത്രം പങ്കുവെച്ചിരുന്നു. ഈ ചിത്രത്തെയും സൈബര്‍ ആങ്ങളമാര്‍ വെറുതെ വിട്ടില്ല. വസ്ത്രത്തിന്റെ കഴുത്തിന് ഇറക്കം കൂടിപ്പോയെന്നും അത് ഇന്ത്യന്‍ സംസ്കാരത്തിന് യോജിക്കുന്നതല്ലെന്നുമായിരുന്നു സൈബര്‍ ആങ്ങളമാരുടെ വിമര്‍ശനം. ചിത്രം ഉടന്‍ ഡിലീറ്റ് ചെയ്യണമെന്നും ചിലര്‍ ആവശ്യപ്പെട്ടിരുന്നു. 

എന്നാല്‍, നിരവധി ആരാധകരും മിതാലിയ്ക്ക് പിന്തുണയറിച്ച്‌ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റ് താരം റോബിന്‍ ഉത്തപ്പയും മിതാലിയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് ഉത്തപ്പ ഐക്യദാര്‍ഢ്യം വ്യക്തമാക്കിയത്.

‘ മിതാലിയെ ചില വിവരമില്ലാത്തവര്‍ പരിഹസിക്കുകയാണ്. ഇന്നും നമ്മുടെ സംസ്കാരം പഴയ കാളവണ്ടിയില്‍ തന്നെയാണെന്നത് ദു:ഖകരമാണ്’. എന്നായിരുന്നു ഉത്തപ്പയുടെ ട്വീറ്റ്.

സമാനമായ തരത്തില്‍ മുമ്പും മിതാലിയ്ക്കെതിരെ സൈബര്‍ ആക്രമണമുണ്ടായിരുന്നു. അന്ന് ഇവരെ ചൊടിപ്പിച്ചത് മിതാലിയുടെ കക്ഷത്തിലെ വിയര്‍പ്പായിരുന്നു. അതേസമയം, തനിക്കെതിരെയുള്ള സൈബര്‍ ആക്രമണത്തിന് ചുട്ടമറുപടിയുമായി മിതാലി തന്നെ രംഗത്തെത്തിയിരുന്നു. ‘ഇത്തരം പരിഹാസങ്ങള്‍ക്ക് മറുപടിപറഞ്ഞ് സമയം കളയേണ്ട ആവശ്യം പോലുമില്ല. എനിക്ക് പ്രതികരിക്കാന്‍ പോലും തോന്നുന്നില്ല. അപഹാസ്യമാണിത്. എനിക്കവരോട് സഹതാപം തോന്നുന്നു. അവര്‍ തങ്ങളുടെ സമയം പ്രയോജനപ്രദമായ രീതിയില്‍ ചെലവഴിക്കുന്നില്ല.’ എന്നായിരുന്നു മിതാലിയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button