തിരുവനന്തപുരം: ആര്‍.സി.സിയില്‍ നിന്ന് രക്തം സ്വീകരിച്ച ഒമ്പതുകാരിക്ക് എയ്ഡ്‌സ് ബാധിച്ചതായി പരാതി. രക്ഷിതാക്കളുടെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രക്താര്‍ബുദത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ആര്‍.സി.സിയില്‍ കുട്ടി ചികിത്സതേടിയെത്തിയിരുന്നു. ആര്‍.സി.സിയിലെ പരിശോധനയില്‍ രക്താര്‍ബുദമുള്ളതായി സ്ഥിരീകരിച്ച കുട്ടിയ്ക്ക് ചികിത്സയുടെ ഭാഗമായി ഇവിടെ നിന്ന് റേഡിയേഷന്‍ തെറാപ്പി നടത്തി.
തെറാപ്പിയ്ക്കുശേഷം രക്തത്തില്‍ കൗണ്ട് കുറഞ്ഞു. ഇത് പരിഹരിക്കാനായി ആര്‍.സി.സിയില്‍ നിന്ന് ബ്‌ളഡ് ട്രാന്‍സ്ഫ്യൂഷന്‍ നടത്തിയിരുന്നു. ഇതിനുശേഷം നടത്തിയ പരിശോധനയിലാണ് എച്ച്.ഐ.വി ബാധിച്ചതായി സ്ഥിരീകരിച്ചത്. മാര്‍ച്ചിന് മുമ്പുള്ള രക്തപരിശോധനയിലെല്ലാം എച്ച്.ഐ.വി നെഗറ്റീവ് ആയിരുന്നു. തുടര്‍ന്നാണ് ആര്‍.സി.സി അധികൃതര്‍ക്കെതിരെ പരാതിയുമായി രക്ഷിതാക്കള്‍ പൊലീസിനെ സമീപിച്ചത്.
രക്ഷിതാക്കളുടെ മൊഴിയനുസരിച്ചാണ് മെഡിക്കല്‍ കോളേജ് എസ്.ഐ ഗിരീഷിന്റെ നേതൃത്വത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴക്കൂട്ടം സൈബര്‍ സിറ്റി അസി. കമ്മിഷണര്‍ പ്രമോദ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം ഇന്ന് ആര്‍.സി.സിയിലെത്തി സംഭവത്തെപ്പറ്റി അന്വേഷണം നടത്തും. കുട്ടിയുടെ ചികിത്സയുടെ തുടക്കം മുതലുള്ള എല്ലാ ഘട്ടങ്ങളും രക്തപരിശോധനകളും ബ്‌ളഡ് ബാങ്കിലെ രേഖകളും പരിശോധിച്ചശേഷം മെഡിക്കല്‍ ബോര്‍ഡ്, ഫോറന്‍സിക് – പതോളജി വിഭാഗങ്ങള്‍ എന്നിവരുടെ സഹായത്തോടെ പിഴവുകണ്ടെത്തിയശേഷം ബന്ധപ്പെട്ടവര്‍ക്കെതിരെ നിയമപരമായ നടപടികള്‍ കൈക്കൊള്ളുമെന്ന് പൊലീസ് അറിയിച്ചു. ആര്‍.സി.സിയിലെ ബ്‌ളഡ് ബാങ്കില്‍ രക്തപരിശോധനയില്‍ സംഭവിച്ച പിഴവാകാം അണുബാധയുള്ള രക്തദാനത്തിനിടയാക്കിയതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
Post Your Comments