Latest NewsNewsIndia

വിവാഹമോചനത്തിനായി ഇനി മുതൽ ആറു മാസം കാത്തിരിക്കേണ്ട

ന്യൂഡൽഹി: വിവാഹമോചനക്കേസിൽ ആറു മാസ കാലാവധി ഒഴിവാക്കാം. ഒരു വർഷത്തിലേറെ പിരിഞ്ഞു ജീവിച്ചശേഷം വിവാഹമോചനത്തിന് അപേക്ഷിക്കുന്ന ദമ്പതികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. അവർക്ക് വീണ്ടും ആറു മാസം കൂടി വൈകിക്കാതെ വിവാഹമോചനം അനുവദിക്കാവുന്നതാണെന്നു സുപ്രീം കോടതി വ്യക്‌തമാക്കി. സ്വമേധയ വിവാഹമോചനത്തിന് തയ്യാറാണെങ്കില്‍ ഒഴാഴ്ചക്കുള്ളില്‍ തന്നെ തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. എട്ടുവർഷമായി പിരിഞ്ഞു ജീവിക്കുന്ന ദമ്പതികളുടെ വിവാഹമോചന അപേക്ഷ അംഗീകരിച്ച വിധിയിലാണ് കോടതി നിലപാട് വ്യക്‌തമാക്കിയത്.

സുപ്രീം കോടതി ഹിന്ദു വിവാഹ നിയമത്തിലെ 13(ബി) വകുപ്പ് വ്യാഖ്യാനിക്കുന്നതിൽ ഉദാരസമീപനമാവാമെന്നാണ് വ്യക്‌തമാക്കിയത്. ദമ്പതികൾക്കു ഈ വകുപ്പനുസരിച്ച് ഒരു വർഷമെങ്കിലും വേർപിരിഞ്ഞു ജീവിച്ചശേഷമാണു ജില്ലാ കോടതിയിൽ അപേക്ഷ നൽകാവുന്നത്. അപേക്ഷ നൽകി ആറു മാസത്തിനുശേഷമാണു കോടതി നടപടികളിലേക്കു കടക്കുക. കഴിഞ്ഞ ദിവസത്തെ നിർദേശം ഈ ആറു മാസ കാലാവധി ഒഴിവാക്കാമെന്നാണ്.

13(ബി) വകുപ്പ് നിർബന്ധിത വ്യവസ്‌ഥയല്ല, നിർദേശ സ്വഭാവമുള്ളതാണ്. പരാതി നൽകുന്നതുതന്നെ ഒരു വർഷം പിരിഞ്ഞുജീവിച്ചശേഷമാണ്. വീണ്ടും കാലതാമസം വരുത്തുന്നതുകൊണ്ട് പ്രയോജനമില്ലാത്ത സ്‌ഥിതിയാണെങ്കിൽ, ദമ്പതികൾക്ക് ഒരുമിച്ചു ജീവിക്കാൻ സാധ്യതയില്ലെങ്കിൽ, കോടതിക്കു വിവേചനാധികാരം പ്രയോഗിക്കാം. വിവാഹ മോചനത്തിന്റെ സാഹചര്യം വിലയിരുത്തി കാത്തിരിപ്പ് സമയം എത്ര വേണമെന്ന് കോടതിക്ക് തീരുമാനിക്കാം. എന്നാല്‍ ആറ് മാസം തന്നെ വേണമെന്ന നിബന്ധന ഒഴിവാക്കുകയാണ്.

എന്നാൽ, അപേക്ഷ ആറു മാസം വൈകിക്കാതെ പരിഗണിക്കാൻ തീരുമാനിക്കുംമുൻപ് കോടതികൾ പരിഗണിക്കേണ്ട ചില കാര്യങ്ങളുണ്ട്. അനുരഞ്‌ജന സാധ്യതകളെല്ലാം പരാജയപ്പെട്ടോ, ജീവനാംശം, കുട്ടികൾ ആരുടെ കൂടെയായിരിക്കണം തുടങ്ങിയ കാര്യങ്ങളിൽ തീർപ്പായോ, അപേക്ഷ തീർപ്പാക്കുന്നതു വൈകിച്ചാൽ ദമ്പതികളുടെ ദുരവസ്‌ഥ നീണ്ടുപോകുമോ. ന്യായമായ കാരണങ്ങളുണ്ടെങ്കിൽ കേസ് നടപടികൾക്കു ദമ്പതികൾ നേരിട്ടു ഹാജരാകുന്നതും ഒഴിവാക്കാം, വിഡിയോ കോൺഫറൻസിങ്ങിലൂടെയും നടപടികളാവാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button