വാഷിംഗ്ടണ്‍: ലോകത്തെ ഞെട്ടിക്കാനൊരുങ്ങി അല്‍-ഖ്വയ്ദ . ഇസ്ലാമിക് സ്റ്റേറ്റിന്റെ നിഴലില്‍ സിറിയയില്‍ അല്‍-ഖ്വയിദ ഭീകരര്‍ വീണ്ടും വേരുറപ്പിക്കുന്നതായി യു.എസ്. 2001 സെപ്റ്റംബറില്‍ ലോകത്തെ മുഴുവന്‍ ഞെട്ടിച്ച് യു.എസില്‍ ഭീകരാക്രമണം നടത്തി 16 വര്‍ഷത്തിനുശേഷം സംഘടന മറ്റൊരുപേരില്‍ വീണ്ടും തലപൊക്കുകയാണെന്ന് യു.എസ്.അന്വേഷകരാണ് വെളിപ്പെടുത്തിയത്.
കഴിഞ്ഞമാസം വടക്കന്‍ സിറിയന്‍ നഗരമായ ഇദ്‌ലിബിന്റെ നിയന്ത്രണം പിടിച്ച ഹയാത് താഹിര്‍ അല്‍-ഷാം(എച്ച്.ടി.എസ്.) അല്‍ ഖായിദയുടെ പുതിയ രൂപമാണെന്നും ഐ.എസിനെക്കാള്‍ വേഗത്തില്‍ ശക്തി പ്രാപിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ട്.
ആഗോളതലത്തില്‍ ഐ.എസ്. ഭീകരരാണ് ഭീഷണിയെങ്കില്‍ സിറിയയില്‍ കൂടുതല്‍ ഭയക്കേണ്ടത് അല്‍-ഖ്വയിദയെയാണ്. പുതിയ പേരില്‍ വളരെ വേഗത്തിലാണ് അവര്‍ വീണ്ടും വേരുറപ്പിക്കുന്നത്. 2010-നെ അപേക്ഷിച്ച് അല്‍ഖ്വയിദ കൂടുതല്‍ ശക്തിനേടിക്കഴിഞ്ഞു. വൈറ്റ്ഹൗസിലെ ഭീകരവാദവിരുദ്ധവിഭാഗം മുന്‍ ഡയറക്ടര്‍ ജോഷ്വ ഗെല്‍ട്‌സര്‍ പറഞ്ഞു.
സിറിയയിലും ഇറാഖിലും ഇസ്ലാമിക് സ്റ്റേറ്റിന്റെ വീഴ്ചയാണ് ഹയാത് താഹിര്‍ അല്‍-ഷാം മുതലെടുക്കുന്നത്. രൂപം മാറിയ അല്‍ഖ്വയിദയാണ് ഹയാത് താഹിര്‍ അല്‍-ഷാം. ഇദ്‌ലിബിന്റെ നിയന്ത്രണം പിടിച്ചെടുത്ത അവര്‍ എതിരാളികളെ നശിപ്പിച്ചും തങ്ങളുടെ നിയന്ത്രണത്തിലാക്കിയുമാണ് മുന്നേറുന്നത്. ഐ.എസിന്റെ അതേ രീതിയില്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ചാണ് അവരുടെയും വളര്‍ച്ച-യു.എസിലെ ഫൗണ്ടേഷന്‍ ഫോര്‍ ഡിഫന്‍സ് ഓഫ് ഡെമോക്രസീസ് സീനിയര്‍ ഫെലോ ദാവീദ് ഗാര്‍ട്ടന്‍സ്റ്റെന്‍ റോസും പറയുന്നു.
Post Your Comments