ന്യൂഡല്‍ഹി: പാർട്ടി ചിഹ്നത്തിനും ഔദ്യോഗിക പേരിനും അവകാശമുന്നയിച്ച് ജെ.ഡി.യു ശരത് യാദവ് വിഭാഗം നല്കിയ ഹര്‍ജി തെരഞ്ഞെടുപ്പ് കമീഷന് തള്ളി. ആവശ്യമായ രേഖകള്‍ ഹാജരാക്കാത്തതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഹര്‍ജി തള്ളിയത്.
ഇത് കൂടാതെ ശരത് യാദവിനായി ഹർജി നല്കിയ ജാവേദ് റാസ അപേക്ഷയില്‍ ഒപ്പിട്ടിരുന്നില്ല. ഇതും ഹർജി തള്ളാൻ കാരണമായി. ബിഹാറില്‍ കോണ്‍ഗ്രസും ആര്.ജെ.ഡിയുമുള്‍പ്പെടുന്ന മഹാസഖ്യം വിട്ട് ബി.ജെ .പിയുമായി കൂട്ടുകൂടി നിതീഷ് കുമാര്‍ സര്‍ക്കാര്‍ രൂപീകരിച്ചതോടെയാണ് ശരത് യാദവ് വിഭാഗം പാര്‍ട്ടി വിട്ടത്.
യഥാര്‍ത്ഥ ജെ.ഡി.യു തങ്ങളുടേതാണെന്നും അതിനാല്‍ പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നവും പേരും ഉപയോഗിക്കാന്‍ അവകാശം തന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിനാണെന്നും ചൂണ്ടികാട്ടിയായിരുന്നു ശരത് യാദവ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
71 പാര്‍ട്ടി എം.എല്‍.എമാരും 30 എം.എല്‍.സിമാരും ഏഴ് രാജ്യ സഭാ എം.പിമാരും രണ്ട് ലോക് സഭാ എം.പിമാരും തങ്ങളെ പിന്തുണക്കുന്നുണ്ടെന്നും, ഇത് കൂടാതെ 14 സംസ്ഥാന കമ്മിറ്റികളുടെ പിന്തുണ തനിക്കുണ്ടെന്നും ശരത് യാദവ് അവകാശപ്പെട്ടിരുന്നു. പക്ഷെ ഇത് തെളിയിക്കാനുള്ള രേഖകൾ ശരത് യാദവ് സമർപ്പിച്ചിരുന്നില്ല. ഇതേസമയം എംപി മാരായ ശരത് യാദവിനെയും അലി അന്‍വറിനും അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് നിതീഷ് കുമാര്‍ പക്ഷം നല്കിയ അപേക്ഷ പരിഗണിച്ച ഉപരാഷ്ട്രപതി ശരത് യാദവിനും അലി അന്‍വറിനും നോട്ടീസയച്ചു.
Post Your Comments