മുംബൈ: മഹാരാഷ്ട്രയിലെ കര്‍ഷകരുടെ പേരിലുള്ള പത്തുലക്ഷം ബാങ്ക് അക്കൗണ്ടുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതായി മഹാരാഷ്ട്ര സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനത്തെ കർഷക സമരത്തതിനെത്തുടർന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് പ്രഖ്യാപിച്ച കടാശ്വാസ പദ്ധതിയനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ ഒക്ടോബര്‍ ഒന്നിന് വിതരണം ചെയ്യാനിരിക്കേയാണ് വ്യാജ അക്കൗണ്ടുകളെ കുറിച്ചുള്ള വിവരം പുറത്താകുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച കടാശ്വാസത്തിന് വ്യാജ അക്കൗണ്ടുകാർ അര്‍ഹരല്ലെന്ന് റവന്യൂ മന്ത്രി ചന്ദ്രകാന്ത് പാട്ടീല്‍ വ്യക്തമാക്കി.
34,022 കോടി രൂപയുടെ കടാശ്വാസ പദ്ധതിയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയ 89 ലക്ഷം കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നായിരുന്നു സർക്കാർ കരുതിയിരുന്നത്. കടാശ്വാസത്തിനുള്ള അപേക്ഷ സെപ്റ്റംബര്‍ ഒന്നുവരെയാണ് സ്വീകരിച്ചത്. അപേക്ഷകള്‍ പരിശോധിക്കുന്നതിന് പ്രത്യേകം കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ തയ്യാറാക്കിയിരുന്നു. പൂര്‍ണ വിവരങ്ങളുള്ള അപേക്ഷകള്‍ മാത്രമേ സോഫ്റ്റ്‌വെയർ പരിഗണിക്കുകയുള്ളൂ. അങ്ങനെയാണ് വ്യാജ അക്കൗണ്ടുകളുടെ വിവരം ലഭിച്ചത്.
കാര്‍ഷിക വായ്പകള്‍ എഴുതിയെടുക്കാന്‍ ബാങ്കുകളും സഹകരണ സംഘങ്ങളും സൃഷ്ടിച്ചതാണ് വ്യാജഅക്കൗണ്ടുകളെന്ന് മന്ത്രി പറഞ്ഞു. ഭൂവിസ്തൃതിയുടെ വിശദാംശങ്ങളോ അവ തെളിയിക്കുന്നതിനുള്ള രേഖകളോ ഇല്ലാത്ത അക്കൗണ്ടുകളെയാണ് വ്യാജമായി കണക്കാക്കുന്നത്.
Post Your Comments