Travel

ശങ്കരാചാര്യ ഗുഹ, പ്രഭാസത്തിലൂടെയൊരു യാത്ര

ജ്യോതിർമയി ശങ്കരൻ

പഞ്ച പാണ്ഡവ ഗുഹയിൽ നിന്നും പുറത്തു കടന്നു വീണ്ടും സൂര്യക്ഷേത്രത്തിനു മുൻപിലെത്തി. പൊട്ടിപ്പൊളിഞ്ഞ പടവുകളിറങ്ങി താഴേയ്ക്കു വന്നപ്പോൾ വഴിയരുകിലെ കടകളിൽ വിലക്കാൻ വച്ചിരിയ്ക്കുന്ന സാധനങ്ങളിൽ കണ്ണുടക്കാതിരുന്നില്ല. പ്രധാനമായും സൂര്യദേവന്റെ രൂപങ്ങൾ തന്നെ. വിവിധ തരം മെറ്റലുകളിൽത്തീർത്തവ. ഇത്തരത്തിലൊന്ന് എന്റെ കൈവശം ഉള്ളതിനാൽ വീണ്ടും വാങ്ങാൻ നിന്നില്ല.പലതരത്തിലുള്ള മാലകളും മറ്റു കൌതുകവസ്തുക്കളും പൂജാസാമഗ്രികളും കൂട്ടത്തിലുണ്ട്. അൽ‌പ്പം മുന്നിലായിക്കണ്ട ഇളനീർക്കട ദാഹത്തിനെ അറിയാതെ വർദ്ധിപ്പിച്ചപ്പോൾ കുടിയ്ക്കാതിരിയ്ക്കാനായില്ല. സ്വാദു കുറവാണെങ്കിലും ധാരാളം വെള്ളമുണ്ട്. ക്ഷീണവും അൽ‌പ്പം കുറഞ്ഞപോലെ.

ഞങ്ങൾ ഇങ്ങോട്ടു വന്ന റിക്ഷകൾ കാത്തുകിടക്കുന്നുണ്ടായിരുന്നു. വീണ്ടും അവയിൽക്കയറി അധികം ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന ശങ്കരാചാര്യ ഗുഹയുടെ മുറ്റത്ത് ഇറങ്ങി. ക്ഷേത്രത്തിന്നകത്തെ തളത്തിൽ പലതരം കരകൌശല വസ്തുക്കൾ വില്‍ക്കുന്ന കടകൾ കണ്ടപ്പോൾ തന്നെ പലരും അവ വാങ്ങാനായി അങ്ങോട്ടു തിരിഞ്ഞു.. അവയ്ക്കു മുന്നിലൂടെ അകത്തു കടന്നു വേണം ഗുഹയിലെത്താൻ.ഗുഹാമുഖത്ത്” ശ്രീ ശങ്കരാചാര്യ തപസ്ഥാൻ “ എന്നെഴുതി വച്ചിരിയ്ക്കുന്നു ഇവിടെയും വളരെ ഇടുങ്ങിയ പ്രവേശന ദ്വാരത്തിലൂടെ വേണം ഗുഹയിലേയ്ക്കിറങ്ങാൻ. ഈ ഗുഹയ്ക്കും തട്ടുയരം വളരെ വളരെ കുറവ്. മുട്ടുകുത്തിപ്പോലും നില്‍ക്കാനാവാത്തവിധം എന്നു പറയാം. അകത്തു പോയിരുന്ന് ചിലർ പോയ വഴിയിലൂടെ തന്നെ തിരിച്ചു വന്നപ്പോൾ പലരും ഉള്ളിലെ സ്ഥിതിഗതികൾ ചോദിച്ചു മനസ്സിലാക്കുന്നുണ്ടായിരുന്നു. ചിലർ ഉള്ളിലേയ്ക്കിറൺഗുന്നില്ലെന്നു തീരുമാനിച്ചെങ്കിലും ഇതുവരെ വന്ന സ്ഥിതിയ്ക്ക് ഉള്ളിലേയ്ക്കിറങ്ങാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു. അൽ‌പ്പം ബുദ്ധിമുട്ടിയിട്ടാണെങ്കിലും നിറങ്ങി ഉള്ളിലെത്തി ശങ്കരാചാര്യസ്വാമികളേയും പ്രണമിച്ച് പൂജാരിയിൽ നിന്നും കുറിയും മേടിച്ചു. കേരളത്തില്‍ നിന്നാണെന്നു പറഞ്ഞപ്പോള്‍ പൂജാരിയ്ക്കും സന്തോഷം. അകത്തു കടന്ന വിധത്തിൽതന്നെ പുറത്തു കടക്കുമ്പോൾ പലരും അകത്തെ അന്തരീക്ഷത്തെക്കുറിച്ച് ചോദിച്ചുകൊണ്ടിരുന്നു.

സരസ്വതീദേവിയുടെ മന്ദിരത്തിലും കാമനാഥമന്ദിരത്തിലും ദർശനം നടത്തിയശേഷം മന്ദിരത്തിന്റെ മുൻഭാഗത്തുകണ്ട 12 ജ്യോതിർലിംഗ പ്രതിഷ്ഠകൾ ഉള്ളിൽ കൌതുകം വളർത്തി. അവ ഏതെല്ലാമാണെന്നും എവിടെയാണെന്നുമെല്ലാം എഴുതി വച്ചിട്ടുണ്ട്.ഇതേക്കുറിച്ച് അറിയാമായിരുന്നിട്ടുകൂടി 12 പ്രതിഷ്ഠകളും ഒന്നിച്ചു തൊഴുതപ്പോൾ വല്ലാത്ത ഭക്തി ഉള്ളിലുണർന്നു.

ഇതിനകം വിശപ്പ് കടന്നാക്രമണം നടത്തിത്തുടങ്ങിയിരുന്നു. കാര്യമായി തിന്നാനുള്ളവയൊന്നും കയ്യിൽ കരുതിയിരുന്നില്ല താനും.ഓട്ടോ റിക്ഷകൾക്കടുത്തായി കുട്ടകളിൽ ഫ്രെഷ് ആയ സ്പ്പോട്ടാപ്പഴങ്ങളുമായിരിയ്ക്കുന്ന കച്ചവടക്കാരിൽ നിന്നും പലരും വിലപേശി വാങ്ങുന്നുണ്ടായിരുന്നു. ഞങ്ങൾ താമസിച്ചിരുന്ന ഹോട്ടലിലേയ്ക്കു ഭക്ഷണത്തിന്നായി റിക്ഷയിലേറി. ഉച്ചഭക്ഷണം കഴിഞ്ഞാൽ അധികം സമയം കഴിയുന്നതിനു മുന്‍പെ ഗീർ വനത്തിലേയ്ക്കാണ് ഇനി യാത്രയെന്ന് പ്ലാൻ ചെയ്തിരുന്നു.അധികം വൈകാതെ തന്നെ ഞങ്ങൾ ഗീർ വനത്തിലേയ്ക്കായി ബസ്സിൽ പുറപ്പെട്ടു. ഏഷ്യൻ സിംഹങ്ങൾക്ക് പേരു കേട്ടയിടമാ‍ണല്ലോ ഗീർ വനങ്ങൾ . ഗീർ വനങ്ങളെക്കുറിച്ച് പാ‍ഠ പുസ്തകങ്ങളിലും അല്ലാതെയും ധാരാ‍ളം വാ‍യിച്ചിട്ടുള്ളതിനാൽ അവിടെപ്പോകാൻ ആകാംക്ഷയുണ്ടയിരുന്നു. ചുട്ടുപൊള്ളുന്ന വേനലിന്റെ തലോടലിനെക്കുറിച്ചോർക്കാ‍നേ നേരംകിട്ടുന്നില്ലെന്നതാ‍യിരുന്നു സത്യം..

shortlink

Related Articles

Post Your Comments

Related Articles


Back to top button