ദുബായ്•സോഷ്യല്‍ മീഡിയയില്‍ ഇസ്ലാം നിന്ദ നടത്തിയതിന് ഒരുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ഇന്ത്യന്‍ വെല്‍ഡിംഗ് തൊഴിലാളിയുടെ അപ്പീല്‍ കോടതി തള്ളി. പ്രവാചകന്‍ മൊഹമ്മദ് നബിയെ ഫേസ്ബുക്കിലൂടെ അപമാനിച്ച കേസിലാണ് 31 കാരനായ ഇന്ത്യന്‍ തൊഴിലാളിയെ ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി ശിക്ഷിച്ചത്.
ഫേസ്ബുക്കില്‍ നിന്നും വിവാദ പോസ്റ്റുകള്‍ ഇയാള്‍ നീക്കം ചെയ്തിരുന്നുവെങ്കിലും പബ്ലിക് പ്രോസിക്യൂഷന്‍ പോസ്റ്റുകളുടെ കോപ്പികള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷന്‍ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രാഥമിക കോടതി പ്രതിയ്ക്ക് ഒരു വര്‍ഷം തടവും 500,000 ലക്ഷം ദിര്‍ഹം (ഏകദേശം 87 ലക്ഷം ഇന്ത്യന്‍ രൂപ) പിഴയും കോടതി ശിക്ഷ വിധിച്ചിരുന്നു. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് പ്രതി അപ്പീല്‍ കോടതിയെ സമീപിച്ചത്. അപ്പീല്‍ കോടതിയില്‍ കുറ്റം നിഷേധിച്ച പ്രതി, തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്താണ് സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തെന്നും വാദിച്ചു. എന്നാല്‍ ഈ വാദം തള്ളിയ കോടതി കീഴ്ക്കോടതി ശിക്ഷ ശരിവയ്ക്കുകയായിരുന്നു.
സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തത് വിവാദമായ ശേഷം പ്രതി യു.എ.ഇയില്‍ നിന്ന് കടന്നുകളയാന്‍ ശ്രമിച്ചതിന്റെ രേഖകളും പബ്ലിക് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.
2016 നവംബര്‍ 6 നാണ് ഇദ്ദേഹത്തിന്റെ പോസ്റ്റ് വായിച്ച മറ്റൊരു ഇന്ത്യക്കാരന്‍ അല്‍-റാഷിദിയ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. പരാതി ലഭിച്ച് രണ്ട് ദിവസത്തിന് ശേഷം രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി പോലീസ് പിടിയിലായത്. പോസ്റ്റ് ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തിരുന്നു.
പ്രതിയുടെ മൊബൈല്‍ ഫോണില്‍ നിന്ന് തന്നെയാണ് പോസ്റ്റ് ചെയ്തതെന്നും ഹാക്കിംഗ് നടന്നിട്ടില്ലെന്നും ക്രിമിനല്‍ എവിഡന്‍സ് ജനറല്‍ ഡയറക്റ്ററേറ്റ് കോടതിയെ അറിയിച്ചിരുന്നു. നവംബര്‍ 7 നാണ് പ്രതി ഫേസ്ബുക്ക് സൈന്‍ ഔട്ട് ചെയ്തതെന്നും കണ്ടെത്തിയിരുന്നു.
അപ്പീല്‍ കോടതി വിധിക്കെതിരെ 30 ദിവസത്തിനകം ഫെഡറല്‍ സുപ്രീംകോടതിയെ സമീപിക്കാം.
Post Your Comments