പത്തനംതിട്ട: ചാരിറ്റി തട്ടിപ്പിനെതിരേ പരാതിപ്പെട്ട കാര്‍ഗില്‍ യുദ്ധഭടനെ പോക്‌സോ കേസില്‍ കുടുക്കി 55 ദിവസം ജയിലിലടച്ചു. കോടതി ഉത്തരവ് പ്രകാരം അന്വേഷണം നടത്തിയ ഉദ്യോഗസ്ഥന്‍ കേസ് കെട്ടിച്ചമച്ചതാണെന്നു കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പ്രതിയായ വിമുക്തഭടന്റെ പരാതിയില്‍ ഇരയുടെ പിതാവ്, മാതാവ്, കുഞ്ഞമ്മ, കോണ്‍ഗ്രസ് നേതാവ്, െവെദികന്‍, വക്കീല്‍ എന്നിവരടക്കം 15 പേര്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത് സ്തുത്യര്‍ഹസേവനം നടത്തിയതിന് രാഷ്ട്രപതിയുടെ മെഡല്‍ നേടിയ, നൂറനാട് പടനിലം നടുവിലേമുറി ഷാജി ഭവനത്തില്‍ ഷാജി(45)ക്കാണ് സമീപവാസിയുടെ കള്ളക്കളി മൂലം 55 ദിവസം ജയിലില്‍ കഴിയേണ്ടി വന്നത്.
ജാമ്യാപേക്ഷ പരിശോധിച്ച ഹൈക്കോടതി, കേസ് സംശയാസ്പദമാണെന്നു നിരീക്ഷിച്ച് ഷാജിക്ക് ജാമ്യം അനുവദിച്ചു. തന്റെ ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കിയതാണെന്നും ഇതേപ്പറ്റി ഡിവൈ.എസ്.പി. റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥര്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു ഷാജിയുടെ ഭാര്യ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.
ഡിവൈ.എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയെ കോടതി ചുമതലപ്പെടുത്തി. ഇതനുസരിച്ച് ആലപ്പുഴ ഡി.സി.ആര്‍.ബി: ഡിവൈ.എസ്.പി. അന്വേഷിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കേസ് കെട്ടിച്ചമച്ചതാണെന്നു പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഷാജി നല്‍കിയ പരാതിയിലാണ് പടനിലം നടുവിലേമുറി പള്ളിത്തറയില്‍ സണ്ണി ജോര്‍ജ്, സഹോദരനും കോണ്‍ഗ്രസ് നേതാവുമായ കറ്റാനം ഷാജി,ഇരയുടെ പിതാവ്, മാതാവ്, കുഞ്ഞമ്മ, തിരുവനന്തപുരം ചില്‍ഡ്രന്‍സ് ഹോം ഡയറക്ടര്‍ ഫാ. ജെയിംസ്, അഡ്വ. ജി. മധു എന്നിവരടക്കം 15 പേര്‍ക്കെതിരേ നൂറനാട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ക്രിമിനല്‍ ഗൂഢാലോചന, പോക്‌സോ വകുപ്പ് ദുരുപയോഗം ചെയ്യല്‍ എന്നിങ്ങനെ ജാമ്യമില്ലാ വകുപ്പുകളിട്ടാണ് കേസെടുത്തിരിക്കുന്നത്. ഇതു സംബന്ധിച്ച് അന്വേഷണം നടന്നുവരികയാണെന്നും തുടര്‍ നടപടികള്‍ ഉടനുണ്ടാകുമെന്നും മാവേലിക്കര സി.ഐ: പി. ശ്രീകുമാര്‍ പറഞ്ഞു. സത്യം തെളിയിക്കാന്‍ ഷാജി സ്വമേധയാ നുണപരിശോധനയ്ക്കു വിധേയനായിരുന്നു. പെണ്‍കുട്ടിയും ഇതിനു തയാറായെങ്കിലും നിശ്ചയിച്ച ദിവസങ്ങളിലൊന്നും ഹാജരായില്ല.
18 വര്‍ഷം സൈന്യത്തില്‍ എം.ഇ.ജി. വിഭാഗത്തില്‍ വയര്‍ലസ് ഓപ്പറേറ്ററായി സേവനമനുഷ്ഠിച്ച ഷാജി മടങ്ങിയെത്തിയശേഷം എച്ച്.എം.ടിയില്‍ ഇലക്ട്രീഷ്യന്റെ ജോലി ചെയ്തുവരികയായിരുന്നു. അതിനിടെയാണ് വീടിനു സമീപം പള്ളത്തറയില്‍ സണ്ണി ജോര്‍ജ് വിവിധ ചാരിറ്റി ട്രസ്റ്റുകളുടെ പേരില്‍ ബോര്‍ഡ് വച്ചിരിക്കുന്നതിനെതിരേ ഇദ്ദേഹം പഞ്ചായത്തില്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്.
ഓരോ ട്രസ്റ്റിനും മല്‍സ്യ സ്റ്റാള്‍, പച്ചക്കറി സ്റ്റാള്‍ എന്നീ കെട്ടിടങ്ങളുടെ പേരിലാണ് നമ്പറും ലൈസന്‍സും അനുവദിച്ചിരിക്കുന്നത് എന്ന് അപേക്ഷയ്ക്ക് മറുപടി ലഭിച്ചു. ചാരിറ്റിയുടെ പേരു പറഞ്ഞ് നടത്തുന്ന തട്ടിപ്പിനെതിരേ ഷാജി ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി.
സണ്ണിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ജാമ്യത്തില്‍ ഇറങ്ങിയ സണ്ണിയും കൂട്ടാളിയും ചേര്‍ന്ന് ഷാജിയുടെ വീടുകയറി ആക്രമിക്കാന്‍ ശ്രമിച്ചു. ഹൈക്കോടതിയെ സമീപിച്ച ഷാജി ഇവര്‍ക്കെതിരേ പോലീസ് സംരക്ഷണത്തിനുള്ള അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. ഇതിന്റെ പ്രതികാരമെന്നോണം 15 വയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഷാജിയും മറ്റു രണ്ടുപേരും ചേര്‍ന്ന് ബലാല്‍സംഗം ചെയ്തുവെന്ന് ആരോപിച്ച് നല്‍കിയ പരാതിയിലാണ് അറസ്റ്റുണ്ടായത്. 2013 ഫെബ്രുവരി മൂന്നിന് രാവിലെ 11.30 ന് ഷാജിയടക്കം മൂന്നുപേര്‍ ചേര്‍ന്ന് മാരുതി ഓമ്‌നി വാനില്‍ കയറ്റിക്കൊണ്ടു പോയെന്നും കായല്‍ക്കരയില്‍ വച്ച് ഒന്നും രണ്ടും പ്രതികള്‍ ബലാല്‍സംഗം ചെയ്തുവെന്നുമായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. നൂറനാട്ട് നടന്നതായി പറയുന്ന പീഡനത്തിന് പുജപ്പുര ചില്‍ഡ്രന്‍സ് ഹോമിലെത്തിയാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്.
ശക്തമായ തെളിവുകള്‍ ഹാജരാക്കാന്‍ പോലീസിന് കഴിയാതിരുന്നിട്ടും കോടതി ഷാജിയെ റിമാന്‍ഡ് ചെയ്തു. കീഴ്‌ക്കോടതിയില്‍ ജാമ്യം കിട്ടാതെ വന്നപ്പോള്‍ ഷാജിയുടെ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. കോടതിയുടെ മേല്‍നോട്ടത്തില്‍ നടന്ന അന്വേഷണ കാലയളവില്‍ ആര്‍. ജയചന്ദ്രന്‍ പിള്ള, ടി. ചന്ദ്രമോഹനന്‍, എന്‍. പാര്‍ഥസാരഥി പിള്ള എന്നിവര്‍ ഡിവൈ.എസ്.പിമാരായി വന്നു. കഴിഞ്ഞ മാര്‍ച്ച് 30 ന് പാര്‍ഥസാരഥി പിള്ളയാണ് കേസ് കെട്ടിച്ചമച്ചതാണെന്ന റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവിക്കു നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ മേയ് 16 ന് ജില്ലാ പോലീസ് മേധാവിയായിരുന്ന വി.എം. മുഹമ്മദ് റഫീഖ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാന്‍ അനുവാദം നല്‍കി.
പോളിടെക്‌നിക്കില്‍ പഠിക്കുന്ന മകനും പ്ലസ് ടു വിദ്യാര്‍ഥിയായ മകള്‍ക്കും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ വന്നു. എച്ച്.എം.ടിയില്‍ തനിക്കുണ്ടായിരുന്ന ജോലിയും നഷ്ടമായി. തന്നെ കുടുക്കാന്‍ ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചവര്‍ക്കെതിരേ കേസ് കൊടുത്തത് അതിന്റെ ഭാഗമായിട്ടാണ്. സണ്ണിക്കുവേണ്ടി മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ ഓഫീസില്‍ സ്വാധീനം ചെലുത്തി തന്നെ അറസ്റ്റ് ചെയ്യിപ്പിച്ചത് കോണ്‍ഗ്രസ് നേതാവായിരുന്ന ഷാജി കറ്റാനമായിരുന്നുവെന്ന് ഷാജി ആരോപിച്ചു.
സണ്ണിയുടെ അടുത്ത സുഹൃത്തായ ഫാ. ജെയിംസ് ചില്‍ഡ്രന്‍സ് ഹോം ഡയറക്ടറായിരുന്നു കൊണ്ട് തന്നെ കുടുക്കാന്‍ മൊഴി നല്‍കി. അതേ പോലെ തന്നെ പെണ്‍കുട്ടിയെ കൊണ്ട് മൊഴി പഠിപ്പിച്ച് പോലീസില്‍ പറയിപ്പിച്ചതിനാണ് അഡ്വ. ജി. മധുവിനെ പ്രതി ചേര്‍ത്തത്.
പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്ന മൂന്നു ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടാണ് യഥാര്‍ഥത്തില്‍ ഷാജിക്ക് തുണയായത്. അതിനൊപ്പം ഷാജി സ്വമേധയാ നുണപരിശോധനയ്ക്കു ഹാജരായി. പെണ്‍കുട്ടിയും നുണപരിശോധനയ്ക്ക് ഹാജരാകാന്‍ സമ്മതിച്ചിരുന്നു. മൂന്നു തവണ ഇതിനായി നോട്ടീസ് നല്‍കിയെങ്കിലും ഓരോ കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞു മാറി. 80 സാക്ഷികളുടെ മൊഴിയെടുത്താണ് ഈ കേസ് കെട്ടിച്ചമച്ചതാണെന്ന നിഗമനത്തില്‍ ഡി.സി.ആര്‍.ബി: ഡിവൈ.എസ്.പി: എന്‍. പാര്‍ഥസാരഥി പിള്ളയെത്തിയത്.
Post Your Comments