Latest NewsKeralaNews

വയറിനുള്ളില്‍ തൊണ്ടിമുതലായി 10 ലക്ഷത്തിന്റെ സ്വര്‍ണം : പുറത്തെടുക്കാന്‍ വേണ്ടിവന്നത് മൂന്ന് ദിവസം : നടന്നത് സിനിമാ കഥയിലെ കാര്യങ്ങള്‍

 

കരിപ്പൂര്‍: കഴിഞ്ഞ മൂന്ന് ദിവസമായി തൊണ്ടിമുതലും ദൃക്‌സാക്ഷിയും സിനിമയിലെ പോലീസിന്റെ ഗതിയായിരുന്നു കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ പോലീസുകാര്‍ക്ക്. സിനിമയില്‍ നായകന്‍ പ്രസാദ് ആയിരുന്നെങ്കില്‍ ഇവിടെ പോലീസിനെ ചുറ്റിച്ചത് കൊടുവള്ളി സ്വദേശി നവാസാണ്.

സിനിമയില്‍ പ്രസാദ് അടിച്ചുമാറ്റിയ വിഴുങ്ങിയ മാല തിരിച്ചെടുക്കാനാണ് പോലീസ് കാത്തിരിക്കുന്നത്. ഇവിടെയാകട്ടെ ഗള്‍ഫില്‍ നിന്നു വയറിലൊളിപ്പിച്ചു കടത്തിയ സ്വര്‍ണം പിടികൂടാനാണ് പോലീസുകാര്‍ മൂന്ന് ദിവസം കാവലിരുന്നത്.
മൂന്നുദിവസത്തിനൊടുവില്‍ ഡോക്ടര്‍മാരുടെ സഹായത്തോടെയാണ് വയറ്റില്‍നിന്ന് പത്തരലക്ഷത്തിന്റെ സ്വര്‍ണം പുറത്തെടുത്തത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നാണ് നവാസിന്റെ (34) വയറ്റില്‍നിന്ന് 346 ഗ്രാം തൂക്കംവരുന്ന സ്വര്‍ണം പുറത്തുവന്നത്.

കസ്റ്റംസിന്റെ കാവലിലായിരുന്നു ഇയാള്‍. മലത്തിലൂടെ സ്വര്‍ണം പുറത്തുവരാന്‍ മരുന്നുനല്‍കുകയും ഇയാള്‍ക്കായി പ്രത്യേക ശൗചാലയം തയ്യാറാക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെ ആറെണ്ണവും ഉച്ചയോടെ ഒന്നും പുറത്തെത്തി. ഏഴ് സ്വര്‍ണ ഉരുളകള്‍ക്ക് 10.5 ലക്ഷം രൂപ വിലവരും.

തിങ്കളാഴ്ച രാത്രി അബുദാബിയില്‍ നിന്നെത്തിയ യാത്രക്കാരനായ നവാസ് സ്വര്‍ണം വിഴുങ്ങിയാണ് എത്തിയിരുന്നത്. എയര്‍കസ്റ്റംസ് ഇന്റലിജന്‍സിന്റെ പരിശോധനയില്‍ സ്വര്‍ണമുള്ളതായി സംശയം തോന്നിയിരുന്നു. പിന്നീട് എക്‌സ്‌റേ പരിശോധനയിലാണ് വയറ്റിനുള്ളില്‍ ഏഴ് സ്വര്‍ണ കഷണങ്ങളുള്ളതായി കണ്ടെത്തിയത്. പ്രതിയെ കൊണ്ടോട്ടിയിലെ സ്വകാര്യ ആസ്പത്രിയിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍കോളജ് ആസ്പത്രിയിലും പ്രവേശിപ്പിച്ചു.

ഇയാള്‍ക്കെതിരേ കസ്റ്റംസ് കേസെടുത്തു. നവാസ് കളളക്കടത്ത് കരിയറാണെന്ന് സംശയിക്കുന്നു. നേരത്തേയും സ്വര്‍ണം കടത്തിയതായി ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. 10,000 രൂപയും വിമാനടിക്കറ്റുമാണ് ഇയാള്‍ക്ക് സ്വര്‍ണക്കടത്തു മാഫിയ വാഗ്ദാനംചെയ്തിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button