![](/wp-content/uploads/2017/09/NEET-protest-3.jpg)
ചെന്നൈ: ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ 98% മാര്‍ക്ക് ലഭിച്ചിട്ടും നീറ്റ് പരീക്ഷയില്‍ പ്രവേശനം ലഭിയ്ക്കാത്തതിനെ തുടര്‍ന്ന് ദളിത് വിദ്യാര്‍ഥിനി അനിത ആത്മഹത്യ ചെയ്ത സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും നീറ്റ് പരീക്ഷ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു തമിഴ്നാട്ടില്‍ പ്രതിഷേധം തുടരുന്നു.
സ്കൂള്‍, കോളജ് വിദ്യാര്‍ഥികളും, സംഘടനകളും നടത്തിവന്ന പ്രതിഷേധം രാഷ്ട്രീയ പാര്‍ട്ടികളും ഏറ്റെടുത്തതോടെ മറ്റൊരു ‘ജെല്ലിക്കെട്ട് മോഡല്‍’ സമരത്തിന്റെ പാതയിലാണ് തമിഴ്നാട്. ജെല്ലിക്കെട്ടിനു സമാനമായ പ്രതിഷേധം ഭയന്നു മറീന, ബസന്റ് നഗര്‍ ബീച്ചുകളിലേക്കുള്ള പ്രവേശനം പൊലീസ് തടഞ്ഞിട്ടുണ്ട്.
വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ക്യാംപസുകളിലടക്കം സമരങ്ങള്‍ നടക്കുകയാണ്. ഡിഎംകെ വര്‍ക്കിങ് പ്രസിഡന്‍റ് എം.കെ. സ്റ്റാലിന്‍റെ നേതൃത്വത്തില്‍ പ്രതിപക്ഷപാര്‍ട്ടികളുടെ പ്രതിഷേധയോഗം ഇന്നു വൈകുന്നേരം അഞ്ചിന് തിരുച്ചിറപ്പള്ളിയില്‍ നടക്കും. ഡിഎംകെയെ കൂടാതെ കോണ്‍ഗ്രസ്, സിപിഎം, സിപിഐ, വിസികെ, മുസ്ലിം ലീഗ് തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളാണ് പ്രതിഷേധത്തില്‍ പങ്കുചേരുന്നത്. നീറ്റിനെതിരായ സമരം പ്രതിപക്ഷം കൂടി ഏറ്റെടുക്കുന്നതോടെ വരും ദിവസങ്ങളില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാകാനാണു സാധ്യത. ടി.ടി.വി. ദിനകരന്‍റെ നേതൃത്വത്തിലുള്ള പ്രതിഷേധ മാര്‍ച്ച് നാളെ ചെന്നൈയില്‍ നടക്കും.
Post Your Comments