ന്യൂഡല്‍ഹി: പൊതുപ്രവര്‍ത്തനത്തിനിടെ കീശവീര്‍പ്പിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് പിടിവീഴുന്നു. ചുരുങ്ങിയ സമയം കൊണ്ട് വരുമാന വര്‍ദ്ധനവ് ഉണ്ടാക്കിയ നേതാക്കളെ പിടികൂടാനാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിന് കേന്ദ്രസര്‍ക്കാരിനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.
രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ അഴിമതി കാണിക്കുന്ന നേതാക്കളെല്ലാം ഇതോടെ പേടിയിലാണ്. കണക്കില്‍പ്പെടാത്ത സ്വത്ത് സമ്പാദിച്ചവരും കൃത്യമായ വരുമാന സ്രോതസ് ഇല്ലാതെ പണം കൈകാര്യം ചെയ്യുന്നവരും കുടുങ്ങുമെന്നാണ് സൂചന. ചുരുങ്ങിയ സമയത്തിനുള്ളില്‍ വരുമാനത്തില്‍ പലമടങ്ങ് വര്‍ദ്ധനവുണ്ടാക്കിയ രാഷ്ട്രീയ നേതാക്കളുടെ വിവരങ്ങള്‍ സമര്‍പ്പിക്കാത്തതിന് സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചു.
വരുമാനത്തില്‍ കാര്യമായ വര്‍ദ്ധനവുണ്ടാക്കിയ നേതാക്കളുമായി ബന്ധപ്പെട്ട് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് നടത്തുന്ന അന്വേഷണത്തിന്റെ വിവരങ്ങള്‍ സമര്‍പ്പിക്കാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്. വിവരങ്ങളില്ലാതെ കേന്ദ്രം സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് ഒരു വെള്ള പേപ്പറിന്റെ വിലപോലുമില്ലെന്ന് പരിഹസിച്ച ജസ്റ്റിസ് ജെ.ചെലമേശ്വര്‍ അദ്ധ്യക്ഷനായ ബെഞ്ച് മുഴുവന്‍ വിവരങ്ങള്‍ 12ന് രാവിലെ കോടതിയില്‍ സമര്‍പ്പിക്കണമെന്ന് അന്ത്യശാസനം നല്‍കി.
അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്ന കേന്ദ്രത്തിന്റെ വാദം തള്ളിയ കോടതി, ഇത്രയും കാലം എന്ത് ചെയ്യുകയായിരുന്നുവെന്ന് ചോദിച്ചു. തിരഞ്ഞെടുപ്പ് സത്യവാങ്മൂലവുമായി താരതമ്യം ചെയ്യുമ്പോള്‍ ചുരുങ്ങിയ കാലം കൊണ്ട് വരുമാനം കാര്യമായി വര്‍ദ്ധിച്ച നേതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട ലോക്പ്രഹരി എന്ന സംഘടന നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
Post Your Comments