തിരുവനന്തപുരം: ബൈക്കപകടത്തില്‍ പരിക്കേറ്റ് തമിഴ്നാട് സ്വദേശി മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് വീഴ്ച പറ്റിയതായി ആരോഗ്യ വകുപ്പ് ഡയറക്ടറുടെ റിപ്പോര്‍ട്ട്. മുരുകന്‍ മരിക്കാനിടയായ സംഭവത്തില്‍ തങ്ങള്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് അധികൃതരുടെ വാദം. മുരുകനേയും കൊണ്ട് ആംബുലന്‍സ് എത്തിയ എല്ലാ ആശുപത്രികളിലും നേരിട്ടെത്തി തെളിവെടുത്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
എന്നാല്‍ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ അന്വേഷണ സംഘമോ ആരോഗ്യവകുപ്പ് അധികൃതരോ തയാറായിരുന്നില്ല. മുരുകനെ എത്തിച്ച സമയത്ത് വെന്റിലേറ്റര്‍ ഒഴിവില്ലായിരുന്നു എന്ന് വിശദമാക്കുന്ന ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പിന് അന്ന് തന്നെ ആശുപത്രി അധികൃതര്‍ കൈമാറിയിരുന്നു.
ഗുരുതരാവസ്ഥയിലുള്ള രോഗിയെ കൊണ്ടു വരുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ ആശുപത്രി അധികൃതര്‍ പാലിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പരിക്കേറ്റ മുരുകനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിക്കുമ്പോള്‍ ആശുപത്രിയില്‍ വെന്റിലേറ്റര്‍ ഒഴിവുണ്ടായിരുന്നു. 15 വെന്റിലേറ്ററുകളാണ് ഒഴിവുണ്ടായിരുന്നത്. ഇതില്‍ മുരുകന് ചികിത്സ നല്‍കേണ്ട ന്യൂറോ സര്‍ജറി ഐസിയുവില്‍ രണ്ട് വെന്റിലേറ്ററുകള്‍ ഒഴിവുണ്ടായിരുന്നു.
നേരത്തെ ആരോഗ്യ വകുപ്പ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സംഭവത്തില്‍ മുരുകന്റെ കുടുംബത്തോട് മുഖ്യമന്ത്രി പിണറായി വിജയന്‍ മാപ്പ് ചോദിച്ചിരുന്നു. ദേശീയപാതയില്‍ ഇത്തിക്കരയിലുണ്ടായ വാഹനാപകടത്തിലാണ് മുരുകന്‍ മരണപ്പെടുന്നത്. ആറോളം ആശുപത്രികളില്‍ മുരുകനെ എത്തിച്ചിരുന്നെങ്കിലും എല്ലാ ആളുപത്രികളും ചികിത്സ നിഷേധിക്കുകയായിരുന്നു.
Post Your Comments