ലക്നൗ: മെട്രോ ട്രെയിൻ ഉദ്ഘാടന ഓട്ടത്തിൽ ഒരു മണിക്കൂറിലേറെ പാളത്തിൽ കുടുങ്ങി. 101 യാത്രക്കാരാണ് സാങ്കേതിക തകരാറുമൂലം ഒരു മണിക്കൂറിലേറെ പാളത്തിൽ കുടുങ്ങി കിടന്നത്. ട്രെയിൻ തകരാറിലായത് ഇന്നലെ രാവിലെ ചാർബാഗിൽനിന്നു ട്രാൻസ്പോർട്ട് നഗറിലേക്കുള്ള ആദ്യയാത്രയിലാണ്.
വെളിച്ചവും എയർ കണ്ടിഷനിങ് സംവിധാനവും ഓട്ടം നിലച്ചതോടെ പ്രവർത്തനരഹിതമായി. ലക്നൗ മെട്രോ റെയിൽ കോർപറേഷന്റെ (എൽഎംആർസി) വിദഗ്ധ സംഘമെത്തി യാത്രക്കാരെ അടിയന്തര വാതിലിലൂടെ പുറത്തിറക്കുമ്പോഴേക്കും ഒരു മണിക്കൂർ പിന്നിട്ടിരുന്നു. മാത്രമല്ല വിമാനത്താവളത്തിലേക്കു വേഗമെത്താൻ ട്രെയിനിൽ കയറിയ ഏതാനും യാത്രക്കാർക്കു വിമാനവും നഷ്ടപ്പെട്ടു.
ഇക്കഴിഞ്ഞ അഞ്ചിനാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും കേന്ദ്രമന്ത്രി രാജ്നാഥ് സിങ്ങും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചത്. ഇന്ത്യയിൽത്തന്നെ ഏറ്റവും വേഗത്തിൽ നിർമാണം നടക്കുന്നതും ചെലവു കുറഞ്ഞതുമായ പദ്ധതിയായിരുന്നു ഇത്. 2014 സെപ്റ്റബർ 27ന് ആരംഭിച്ച പദ്ധതിയുടെ ദൂരം 22.87 കിലോമീറ്റർ. ലക്നൗ മെട്രോ റയിൽ കോർപറേഷൻ ചെയർമാൻ ആലോക് രാജനാണ്.
Post Your Comments