KeralaLatest NewsNews

ജനദ്രോഹ നയങ്ങള്‍ക്കെതിരെ മേഖലാ ജാഥകളുമായി എല്‍.ഡി.എഫ്

തിരുവനന്തപുരംകേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹനയങ്ങള്‍ തുറന്നുകാട്ടാനും, രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന അക്രമണോത്സുക വര്‍ഗ്ഗീയതയ്‌ക്കെതിരെ മതനിരപേക്ഷതയുടെ സന്ദേശമുയര്‍ത്തിയും ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാരിന്റെ ജനോപകാരപ്രദമായ നടപടികള്‍ വിശദീകരിക്കുന്നതിനും എല്‍.ഡി.എഫ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ച രണ്ട് ജാഥ ഒക്ടോബര്‍ 3 ന് ആരംഭിച്ച് ഒക്ടോബര്‍ 16 ന് സമാപിക്കുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഒക്ടോബര്‍ 3 ന് മഞ്ചേശ്വരത്ത് നിന്നാരംഭിയ്ക്കുന്ന വടക്കന്‍ മേഖലാ ജാഥയ്ക്ക് സി.പി.ഐ (എം) പി.ബി അംഗവും, സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്‍ നേതൃത്വം നല്‍കും. തിരുവനന്തപുരത്ത് നിന്നരാംഭിയ്ക്കുന്ന തെക്കന്‍ മേഖലാ ജാഥയ്ക്ക് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേതൃത്വം നല്‍കും. കോടിയേരി ബാലകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന വടക്കന്‍ മേഖലാ ജാഥ 16 ന് തൃശ്ശൂരിലും, കാനം രാജേന്ദ്രന്‍ നേതൃത്വം നല്‍കുന്ന തെക്കന്‍ മേഖലാ ജാഥ 16 ന് എറണാകുളത്തും സമാപിക്കും.

സാമ്രാജ്യത്വ ആഗോളവത്കരണ നയങ്ങള്‍ തീവ്രമായി നടപ്പിലാക്കി ജനജീവിതം ദുഷ്‌കരമാക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്. കാര്‍ഷിക പ്രധാനമായ ഇന്ത്യാരാജ്യത്ത് കര്‍ഷകരുടെ ജീവിതം ദുരിതപൂര്‍ണ്ണമായിരിക്കുകയാണ്. സ്വാശ്രയത്വത്തിന് അടിസ്ഥാനമായിത്തീരേണ്ട പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റുതുലയ്ക്കുകയാണ്. തൊഴിലില്ലായ്മയാകട്ടെ അതിഭീകരമായി വളര്‍ന്നുവരികയാണ്. രാജ്യം നിലനിര്‍ത്തിപോന്നിരുന്ന ജനാധിപത്യപരമായ എല്ലാ സമീപനങ്ങളേയും തല്ലിക്കെടുത്തുന്ന സ്ഥിതിയാണ് രാജ്യത്ത് വളര്‍ന്നുവന്നിരിക്കുന്നത്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിലൂടെ വ്യക്തമായിരിക്കുന്നത്. നാനാത്വത്തില്‍ ഏകത്വമെന്ന കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ച രാജ്യത്ത് ഫെഡറല്‍ ഘടനയേയും തകര്‍ക്കുന്ന നടപടികളാണ് മുന്നോട്ടുവെയ്ക്കുന്നത്. ഇത്തരം നയങ്ങള്‍ക്കെതിരെ ജനകീയ ബദലുയര്‍ത്തി മുന്നോട്ടുപോകുന്ന സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടക്കുകയാണ്.

രാജ്യത്ത് ഗുരുതരമായ ഈ സ്ഥിതിവിശേഷം സംജാതമായിട്ടും അതുമായി സമരസപ്പെട്ടുപോകുന്ന നയമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. കേരളത്തിലാകട്ടെ ഇത്തരം നയസമീപനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് യു.ഡി.എഫ്.

ജാഥ മുന്നോട്ടുവെയ്ക്കുന്ന സന്ദേശം ജനങ്ങളിലെത്തിക്കാനും, ജാഥാ സ്വീകരണങ്ങള്‍ വിജയിപ്പിക്കാനും മുഴുവന്‍ ബഹുജനങ്ങളും മുന്നോട്ടുവരണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അഭ്യര്‍ത്ഥിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button