പാലക്കാട്: ഉപയോഗശൂന്യമായ വെള്ളക്കുപ്പികളിൽ നിന്നും സൂപ്പര്‍താരങ്ങളുടെ ജെഴ്‌സി. നമ്മുടെ നാട്ടില്‍നിന്ന് ടണ്‍കണക്കിന് കുപ്പികളാണ് കടല്‍കടക്കാൻ പോകുന്നത്. ഇവ മടങ്ങിയെത്തുന്നതാകട്ടെ വിരാട് കോലിയെയും മഹേന്ദ്ര സിങ് ധോനിയെയുംപോലെയുള്ളവരുടെ സൂപ്പര്‍താരങ്ങളുടെ ജെഴ്‌സിയായും.
ഇപ്പോള്‍ പെറ്റ് ബോട്ടിലുകള്‍ എന്ന് അറിയപ്പെടുന്ന പ്ലാസ്റ്റിക് കുപ്പികള്‍ക്ക് വന്‍ ഡിമാന്‍ഡാണ്. പാലക്കാട്ടെ പട്ടാമ്പി, എടത്തനാട്ടുകര തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ള ചെറുകിട ഏജന്‍സികളില്‍നിന്നുമാത്രം 30-40 ടണ്‍ കുപ്പികള്‍ മാസം തോറും കയറ്റുമതി ചെയ്യാറുണ്ട്. 22 രൂപമുതല്‍ 30 രൂപ വരെയാണ് ഒരു കിലോയ്ക്ക് കിട്ടുന്നത്. ഓരോ മാസവും സംസ്ഥാനത്തുനിന്ന് ഏകദേശം 1000 ടണ്‍ കയറ്റി അയയ്ക്കുന്നുണ്ട്.
മരുന്നുകുപ്പികളും കറുപ്പ് നിറമുള്ള നൂലിനായി അയയ്ക്കാറുണ്ട്. പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ച് സോക്‌സ്, ഷോര്‍ട്‌സ്, ട്രാക്ക് സ്യൂട്ട് എന്നിവയും നിര്‍മിക്കുന്നുണ്ട്. പ്ലാസ്റ്റിക് കുപ്പികളില്‍ പോളിസ്റ്ററിന് സമാനമായ പോളിത്തിലിന്‍ ടെറഫ്തലേറ്റ് അടങ്ങിയിട്ടുണ്ട്. കുപ്പികള്‍ പ്രത്യേക രാസപ്രവര്‍ത്തനങ്ങളിലൂടെ നൂലാക്കി മാറ്റും. പോളിസ്റ്റര്‍ സ്റ്റേപ്പിള്‍ ഫൈബര്‍ എന്നാണ് ഇത്തരം നൂല്‍ അറിയപ്പെടുന്നത്. ഇവ ജെഴ്‌സികളില്‍ ഉപയോഗിക്കും.
കായികതാരങ്ങളുടെ വസ്ത്രങ്ങള്‍ക്ക് കൂടുതല്‍ ഇലാസ്തികത ആവശ്യമാണ്. പ്ലാസ്റ്റിക് കുപ്പികള്‍ സംസ്‌കരിച്ചുണ്ടാക്കുന്ന നൂലുപയോഗിച്ച് നിര്‍മിക്കുന്ന വസ്ത്രങ്ങള്‍ ഇതിന് അനുയോജ്യമാണ്. ഒപ്പം ഈര്‍പ്പം നിലനിര്‍ത്താനും സഹായിക്കും.
Post Your Comments