ന്യൂഡല്‍ഹി : ദോക്ലാം പ്രതിസന്ധി അടഞ്ഞ അധ്യായമാണെന്നും ഇന്ത്യയും ചൈനയും കൂടുതല്‍ സഹകരണത്തിനുള്ള വഴികള്‍ തേടുകയാണെന്നും വിദേശസെക്രട്ടറി എസ് ജയ്ശങ്കര്‍. ഇരുകൂട്ടരുടെയും താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടത് നല്ല ഉഭയകക്ഷിബന്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും നടത്തിയ കൂടിക്കാഴ്ചയില്‍ ആവര്‍ത്തിച്ച് ഉറപ്പിച്ചു. അതിര്‍ത്തിതര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പരസ്പര വിശ്വാസം വളര്‍ത്തുന്ന നടപടികളിലേക്ക് നീങ്ങുന്നതിനെക്കുറിച്ച് ഇരുനേതാക്കളും ചര്‍ച്ചചെയ്തുവെന്നും വിദേശസെക്രട്ടറി പറഞ്ഞു.
ബ്രിക്‌സ് ഉച്ചകോടിക്കുശേഷമാണ് മോദിയും ജിന്‍പിങ്ങും ചര്‍ച്ച നടത്തിയത്. ദോക്ലാം പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അതിര്‍ത്തിയില്‍ ആശയവിനിമയം വേണമെന്ന് ഇരുനേതാക്കളും ധാരണയില്‍ എത്തിയതായി ജയ്ശങ്കര്‍ പറഞ്ഞു. പ്രതിരോധം, സുരക്ഷ എന്നീ കാര്യങ്ങളില്‍ പരസ്പര സഹകരണം വേണം. പരസ്പരവിശ്വാസം വളര്‍ത്തിയെടുക്കാന്‍ ശ്രമങ്ങള്‍ വേണം. ഈ ദിശയില്‍തന്നെ മുന്നോട്ടുപോകണം.
ബ്രിക്‌സും ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്ബാങ്കും പോലുള്ള രാജ്യാന്തരസംഘടനകളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ വേദികളൊരുക്കും. അഭിപ്രായവ്യത്യാസത്തിന്റെ മേഖലകള്‍ സ്വാഭാവികമായും ഉണ്ടാകുമെന്നും അവ പരസ്പര ബഹുമാനത്തോടെ കൈകാര്യം ചെയ്യണമെന്നും ജയ്ശങ്കര്‍ പ്രതികരിച്ചു.
ബ്രിക്‌സ് ഉച്ചകോടി പ്രഖ്യാപനത്തില്‍ പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കറെ തോയ്ബയെയും ജയ്‌ഷെ മുഹമ്മദിനെയും ഭീകരസംഘടനകളായി ചൂണ്ടിക്കാണിച്ചിരുന്നു. താലിബാന്‍, ഐഎസ്, അല്‍ഖായ്ദ, ഹഖാനി ശൃംഖല തുടങ്ങിയ പ്രസ്ഥാനങ്ങളും മേഖലയുടെ സുരക്ഷയ്ക്കു ഭീഷണിയാണെന്ന് സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
പാകിസ്ഥാനെ സമ്മര്‍ദത്തിലാക്കുന്ന പ്രസ്താവനകളെ ചൈന എതിര്‍ക്കുമെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍, അംഗരാജ്യങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങളില്‍ ബ്രിക്‌സ് ഒറ്റക്കെട്ടാണെന്ന് ചൈന നിലപാട് സ്വീകരിച്ചു. ബ്രസീല്‍ പ്രസിഡന്റ് മൈക്കിള്‍ ടെമര്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് ജേക്കബ് സുമ, റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ എന്നിവരാണ് മോദിക്കും ജിന്‍പിങ്ങിനും ഒപ്പം ബ്രിക്‌സ് പ്രഖ്യാപനം നടത്തിയത്.
Post Your Comments