അറിവ് നേടുക എന്ന പ്രക്രീയ നമ്മൾ ജീവിതത്തിൽ ഉടനീളം തുടർന്നുകൊണ്ടേയിരിക്കും. സ്വന്തം ജീവിതത്തിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും, സുഹൃത്തുക്കളിൽ നിന്നും,പുസ്തകളിൽ നിന്നും, ഇതുപോലെ മറ്റനേകം മാർഗങ്ങളിൽ നിന്നും നമുക്ക് അറിവ് നേടാൻ സാധിക്കും. പക്ഷെ ജീവിതത്തിൽ അറിവിന്റെ മധുരം പൂർണമായി പകർന്നു തന്നവർ അധ്യാപകരാണ്. ക്ലാസ് മുറികളിൽ പുസ്തകങ്ങളിലൂടെ പകർന്നു തരുന്ന അറിവ് മാത്രമല്ല ഒരധ്യാപകൻ നമുക്ക് നൽകുന്നത്. ആത്മവിശ്വാസം പകർന്നു തരുന്ന വാക്കുകൾ, ഇടക്ക് കിട്ടുന്ന ചൂരൽ കാഷായങ്ങൾ ഇവയൊക്കെ ജീവിതത്തിൽ പ്രതിസന്ധികളെ അതിജീവിക്കാനുള്ള മരുന്നുകൾ കൂടിയാണ്. അതുകൊണ്ടാണ് അധ്യാപക ജോലി ഇന്നും സമൂഹത്തിലെ ഏറ്റവും ബഹുമാനം ലഭിക്കുന്ന ജോലിയായി തുടരുന്നത്. സമൂഹത്തിന്റെ ഉന്നത തലത്തിൽ നിൽക്കുന്ന ആരെ എടുത്താലും അവരുടെ വിജയത്തിന് പിന്നിൽ ദീർഘ ദൃഷ്ടിയുള്ള ഒരു അധ്യാപകന്റെ സാനിധ്യം നമുക്ക് കാണാൻ സാധിക്കും.
അധ്യാപക ദിനത്തിന്റെ ആരംഭം
1962ൽ ഡോ. രാധാകൃഷ്‌ണൻ ഇന്ത്യയുടെ രാഷ്‌ട്രപതിയായ സമയം. അദ്ദേഹത്തിന്റെ പിറന്നാളിനു കുറേ ദിവസം മുൻപ് ഏതാനും വിദ്യാർഥികൾ ഓഫിസിലെത്തി ചോദിച്ചു. ‘കളിയും പാട്ടും മൽസരവുമൊക്കെയായി ഞങ്ങൾ അങ്ങയുടെ പിറന്നാൾ ആഘോഷിച്ചോട്ടെ?ഞങ്ങൾക്കൊപ്പം അങ്ങും കൂടണം.’ അദ്ദേഹം മറുപടി പറഞ്ഞു: ‘കളിയും ചിരിയുമായി നമ്മൾ മാത്രം ആഘോഷിക്കുന്നതിനേക്കാൾ എനിക്കിഷ്‌ടം ഈ ദിനം എന്നെപ്പോലെയുള്ള എല്ലാ അധ്യാപകർക്കുമുള്ള ദിനമായി ആഘോഷിക്കുന്നതാണ്.’ അന്നു മുതലാണു നമ്മുടെ രാജ്യത്ത് അധ്യാപക ദിനം വ്യാപകമായി ആഘോഷിച്ചുതുടങ്ങിയത്.
1888 സെപ്‌റ്റംബർ അഞ്ചിന് തമിഴ്‌നാട്ടിലെ തിരുത്തണി എന്ന ഗ്രാമത്തിലാണു രാധാകൃഷ്‌ണൻ ജനിച്ചത്. കുട്ടികൾക്കു ട്യൂഷനെടുത്തു കിട്ടുന്ന പണം കൊണ്ടാണു പഠിച്ചത്. മദ്രാസ് പ്രസിഡൻസി കോളജിൽ അധ്യാപകനായി തുടങ്ങി. കൊൽക്കത്ത കോളജ്, ഓക്‌സ്‌ഫഡിലെ മാഞ്ചസ്‌റ്റർ കോളജ് എന്നിവിടങ്ങളിൽ അധ്യാപകൻ, ആന്ധ്ര സർവകലാശാല,ബനാറസ് സർവകലാശാല എന്നിവയുടെ വൈസ് ചാൻസലർ, ലീഗ് ഓഫ് നേഷൻസ് അംഗം, ഇന്ത്യൻ സർവകലാശാല കമ്മിഷൻ, യുനസ്‌കോ എന്നിവയുടെ ചെയർമാൻ, സോവിയറ്റ് യൂണിയനിലെ ഇന്ത്യൻ സ്‌ഥാനപതി ഇങ്ങനെ 1952ൽ ഉപരാഷ്‌ട്രപതിയാകുന്നതിനു മുൻപ് ഡോ. രാധാകൃഷ്‌ണൻ വഹിച്ചിരുന്ന സ്‌ഥാനങ്ങൾ ഒട്ടേറെയാണ്.
രാഷ്‌ട്രപതിയായപ്പോഴും ലാളിത്യവും എളിമയും അദ്ദേഹം കാത്തുസൂക്ഷിച്ചു. രാഷ്‌ട്രപതിയായപ്പോൾ എടുത്ത ആദ്യ തീരുമാനം സ്വന്തം ശമ്പളം പതിനായിരത്തിൽ നിന്ന് രണ്ടായിരമായി കുറച്ചു. ആഴ്ചയിൽ 2 ദിവസം മുൻകൂട്ടി അനുവാദമില്ലാതെ ആർക്ക് വേണമെങ്കിലും അദ്ദേഹത്തെ സന്ദർശിക്കാനുള്ള അനുവാദം ഉണ്ടായിരുന്നു. ഭാരതീയ തത്വ ചിന്തയുടെ മഹിമ ലോകത്തിനു മുന്നിൽ കാണിച്ചു കൊടുത്ത മഹദ് വ്യക്തിയായിരുന്നു അദ്ദേഹം.
Post Your Comments