ശ്രീനഗര്‍: കശ്മീരിലെ സൈനിക ഓഫീസര്‍ ഉമര്‍ ഫയാസിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ലഷ്‌കര്‍ ഇ തൊയ്ബ ഭീകരനെ സൈന്യം വധിച്ചു. കുല്‍ഗാം ജില്ലയില്‍ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യവും പോലീസും ചേര്‍ന്ന് ലഷ്‌കര്‍ ഭീകരന്റെ ഒളിത്താവളം വളഞ്ഞതോടെ ശക്തമായ വെടിവെപ്പുണ്ടായി.
തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് ഭീകരനെ വധിക്കാന്‍ സൈന്യത്തിന് കഴിഞ്ഞത്. അവധിയിലായിരുന്ന സൈനിക ഓഫീസറെ ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ദേഹമാസകലം വെടിയുണ്ടകള്‍ തറച്ച നിലയില്‍ 22 കാരനായ സൈനിക ഓഫീസറുടെ മൃതദേഹം തൊട്ടടുത്ത ദിവസം ഷോപിയാനില്‍ കണ്ടെത്തുകയായിരുന്നു.
കശ്മീരിലെ ബാങ്കുകള്‍ കൊള്ളയടിച്ചതിന് പിന്നിലും പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചതിലും കൊല്ലപ്പെട്ട ഭീകരന് പങ്കുണ്ടെന്ന് സൈന്യം വ്യക്തമാക്കി. എ കെ 47 തോക്കുകളും നിരവധി വെടിയുണ്ടകളും ഭീകരന്റെ ഒളിത്താവളത്തില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്.
Post Your Comments