Latest NewsNewsIndia

ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച : മോഷണം പോയവയില്‍ 800 വര്‍ഷം പഴക്കമുള്ള, വിലമതിക്കാനാകാത്ത പഞ്ചലോഹ വിഗ്രഹവും

മംഗലാപുരംസുള്ളിയ താലൂക്കിലെ പുരാതനമായ ക്ഷേത്രത്തില്‍ നിന്ന് 6 ലക്ഷം രൂപയുടെ വസ്തുക്കളും വിലമതിക്കാനാകാത്ത 800 വര്‍ഷം പഴക്കമുള്ള പഞ്ചലോഹ വിഗ്രഹവും മോഷണം പോയി. സുള്ളിയ താലൂക്കില്‍ സുബ്രഹ്മണ്യ-ഗട്ടിഗര്‍ റോഡിലെ മറകാത്ത ദുര്‍ഗ പരമേശ്വരി ക്ഷേത്രത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.

ക്ഷേത്രത്തില്‍ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി ക്യാമറകള്‍ തകര്‍ത്ത ശേഷമാണ് മോഷ്ടാക്കള്‍ അകത്ത് കടന്നതെന്ന് ക്ഷേത്ര പൂജാരി എച്ച്. ശ്രീരാമ ഭട്ട് പറഞ്ഞു. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവമെന്നും അദ്ദേഹം പറഞ്ഞു. മുസ്രായ് വകുപ്പിന് കീഴില്‍ വരുന്ന ദക്ഷിണ കന്നഡയിലെ ക്ഷേത്രങ്ങളില്‍ പടിഞ്ഞാറോട്ട് ദര്‍ശനമുള്ള രണ്ടേ രണ്ട് ക്ഷേത്രങ്ങളില്‍ ഒന്നാണിത്. ശ്രീ ദുര്‍ഗാ പരമേശ്വരിയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ.

ഹെല്‍മെറ്റും ജാക്കറ്റും ധരിച്ച ഒരു പുരുഷന്‍, കാവല്‍ക്കാരില്ലാത്ത ക്ഷേത്രത്തിലേക്ക് പ്രവേശിക്കുന്നതും ക്ഷേത്ര പരിസരത്ത് സ്ഥാപിച്ചിട്ടുള്ള സി.സി.ടി .വി ക്യാമറകള്‍ തകര്‍ക്കുന്നതും സി.സി.ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞിട്ടുണ്ട്. പിന്നീട് ക്ഷേത്രത്തിന്റെ വാതില്‍ തകര്‍ത്താണ് ഇയാള്‍ അകത്ത് പ്രവേശിച്ചത്. ക്യാമറകള്‍ തകര്‍ത്ത ശേഷം കൂടുതല്‍പേര്‍ ഇയാളോടൊപ്പം ചേര്‍ന്നിട്ടുണ്ടാകാമെന്ന് സംശയിക്കുന്നതായും ഭട്ട് പറഞ്ഞു.

ഒരു ലക്ഷം രൂപ വിലമതിക്കുന്ന ഒരു വെള്ളി കിരീടം, 50,000 രൂപ വിലവരുന്ന പച്ച മരതകത്തിന്റെ പതക്കം, 60,000 രൂപ വിലമതിക്കുന്ന മംഗല്യസൂത്രം മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍ എല്ലാംകൂടി 6 ലക്ഷം രൂപയുടെ സാധനങ്ങളാണ് കവര്‍ച്ചക്കാര്‍ കൊണ്ടുപോയത്. 8 നൂറ്റാണ്ടിലേറെ പഴക്കമുള്ള “ഉത്സവ മൂര്‍ത്തി” എന്നറിയപ്പെടുന്ന വിലമതിക്കാന്‍ കഴിയാത്ത പഞ്ചലോഹ വിഗ്രഹവും മോഷ്ട്ടക്കള്‍ കൊണ്ടുപോയിട്ടുണ്ട്.

രാവിലെ പുരോഹിതന്‍ പൂജകള്‍ക്കായി എത്തിയപ്പോഴാണ് കവര്‍ച്ചയുടെ വിവരം അറിയുന്നത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സുബ്രഹ്മണ്യ പോലീസ് കേസെടുത്ത് അന്വേഷണം ആരഭിച്ചു. 2,000 ലേറെ വര്‍ഷം പഴമുള്ള ക്ഷേത്രം മര്‍ക്കേണ്ഡയ മഹര്‍ഷി സ്ഥാപിച്ചതാണ് എന്നാണ് പറയപ്പെടുന്നത്. മകരസംക്രണമകാലത്ത് ഇവിടെയെത്തി കുളിക്കുന്നതിലൂടെ സര്‍വ പാപവും നശിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button