Latest NewsKeralaNews

ഉന്നതവിദ്യാഭ്യാസ രംഗത്ത് അസ്വസ്ഥത : കോളേജുകളില്‍ പഠിപ്പിക്കുന്നത് ശമ്പളം പോലും ലഭിയ്ക്കാത്ത താത്ക്കാലിക അധ്യാപകര്‍

 

കണ്ണൂര്‍: സംസ്ഥാനത്ത് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ പഠിപ്പിക്കുന്നത് കൂലിപോലും കിട്ടാത്ത താത്കാലിക അധ്യാപകര്‍. 2012-ല്‍ അനുവദിച്ച പുതിയ കോഴ്‌സുകളിലും 2014-ല്‍ അനുവദിച്ച പുതിയ കോളേജുകളിലും അധ്യാപകതസ്തിക അനുവദിക്കാത്തതാണ് പ്രശ്‌നം. സ്വകാര്യ, സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലായി ആയിരത്തോളം തസ്തികകളില്‍ സ്ഥിരം അധ്യാപകരില്ല.

എല്ലാ എയ്ഡഡ്, ഗവ. കോളേജുകളിലും 2012-ല്‍ ചുരുങ്ങിയത് ഓരോ കോഴ്‌സ് വീതം അനുവദിച്ചു. അതിന്റെ തുടര്‍ച്ചയായി ഓരോ പി.ജി. കോഴ്‌സും അനുവദിച്ചു. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളില്ലാത്ത എല്ലാ നിയമസഭാമണ്ഡലത്തിലും 2014-15ല്‍ ഓരോ ഗവ. കോളേജ് അനുവദിച്ചു. സംസ്ഥാനത്താകെ ഇങ്ങനെ 23 കോളേജുകള്‍ പുതുതായി അനുവദിച്ചു.

സംസ്ഥാനത്തെ 170 സ്വകാര്യ കോളേജുകളിലും പുതിയ 23 എണ്ണമടക്കം 63 സര്‍ക്കാര്‍ കോളേജുകളിലുമായി മുന്നൂറ്റിഅമ്പതോളം കോഴ്‌സുകള്‍ അഞ്ചുകൊല്ലത്തിനിടെ തുടങ്ങി. 2012-ല്‍ അനുവദിച്ച കോഴ്‌സുകള്‍ പഠിപ്പിക്കാന്‍മാത്രം എയ്ഡഡ് കോളേജുകളില്‍ 178 അസി. പ്രൊഫസര്‍ തസ്തിക സൃഷ്ടിക്കാനുള്ള ഫയല്‍ ധനവകുപ്പില്‍ പൊടിപിടിച്ചുകിടക്കുകയാണ്. പുതുതായി തുടങ്ങിയ ഗവ. കോളേജുകളിലേക്ക് ഒരു തസ്തികപോലും സൃഷ്ടിച്ചിട്ടില്ല.

ഗസ്റ്റ് അധ്യാപകരെവെച്ച് കോഴ്‌സുകള്‍ നടത്താനാണ് സര്‍ക്കാര്‍ നിര്‍ദേശം. സ്വകാര്യമേഖലയിലെ പുതിയ കോഴ്‌സുകളില്‍ താത്കാലികാധ്യാപകര്‍ക്ക് കൊല്ലത്തിലൊരിക്കലോ രണ്ടു വര്‍ഷത്തിലൊരിക്കലോ ആണ് കൂലി നല്‍കുന്നത്. കോഴ്‌സ് തുടങ്ങിയ 2012 മുതല്‍ 2014 വരെയുള്ള കാലത്ത് താത്കാലികാധ്യാപകര്‍ക്ക് മാനേജരും പി.ടി.എ.യും ചേര്‍ന്നാണ് ചെറിയ അലവന്‍സ് നല്‍കിയത്. ഓണത്തിനും ഒരു രൂപപോലും കിട്ടാത്ത എയ്ഡഡ് കോളേജുകളിലെ താത്കാലികാധ്യാപകര്‍ക്ക് സഹാധ്യാപകരും പി.ടി.എ.യും ചേര്‍ന്ന് വായ്പയായി ഓണം അലവന്‍സ് നല്‍കുകയാണ് പലയിടത്തും.

സര്‍ക്കാര്‍ കോളേജുകളില്‍ ഗസ്റ്റ് അധ്യാപകര്‍ക്ക് വേതനം നല്‍കുന്നുണ്ട്. 2011-ല്‍ നിശ്ചയിച്ച വേതനമാണിപ്പോഴും. വന്‍ സാമ്പത്തികബാധ്യത വരുന്നതിനാലാണ് സ്ഥിരം നിയമനം നടത്താത്തതെന്നാണ് സര്‍ക്കാര്‍വൃത്തങ്ങളുടെ വിശദീകരണം. ഗസ്റ്റ് അധ്യാപകരുടെ വേതനം പരിഷ്‌കരിക്കുന്നത് ധനവകുപ്പിന്റെ പരിഗണനയ്ക്കുവിട്ടതാണെങ്കിലും ഒരു വര്‍ഷം കഴിഞ്ഞിട്ടും ഫയലിന് അനക്കമില്ലെന്ന് അധ്യാപകസംഘടനകള്‍ പറയുന്നു.

shortlink

Post Your Comments


Back to top button