കൊച്ചി: വാഗമണിലെ സിമി പ്രതികളെ കേരളത്തിലെ ജയിലിലേക്ക് മാറ്റണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഭോപ്പാല്‍ ജയിലില്‍ കഴിയുന്ന 14 പ്രതികളുടെ ഹര്‍ജിയാണ് തള്ളിയത്. വിചാരണ തുടങ്ങാനിരിക്കെ കേരളത്തിലെ ജയിലിലേക്ക് മാറ്റണമെന്നായിരുന്നു ആവശ്യം. ഈരാറ്റുപേട്ട സ്വദേശികളായ ഷാദുലി, ഷിബിലി, ആലുവ സ്വദേശി മുഹമ്മദ് അന്‍സാര്‍, ബംഗളുരു സ്വദേശികളായ ഹാഫിസ് ഹുസൈന്‍, മുഹമ്മദ് യാസിര്‍, മിര്‍സ അഹമ്മദ് ബേഗ്, മദ്ധ്യപ്രദേശില്‍ നിന്നുള്ള സഫ്ദര്‍ ഹുസൈന്‍, അമില്‍ പര്‍വേസ്, കമ്രാന്‍ സിദ്ദിഖി, കമറുദ്ദീന്‍ നഗോറി, മുംബയ് അന്ധേരി സ്വദേശി മുഹമ്മദ് അബു ഫൈസല്‍ ഖാന്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്.
ഹര്‍ജിയിന്മേല്‍ നേരത്തെ ഹൈക്കോടതി കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ വിശദീകരണം തേടിയിരുന്നു. എതിര്‍കക്ഷികളായ എന്‍ഐഎ, മദ്ധ്യപ്രദേശ് – ഗുജറാത്ത് സര്‍ക്കാരുകള്‍, ഭോപ്പാല്‍ ജയില്‍ അഥോറിറ്റി എന്നിവരും നിലപാട് അറിയിക്കണമെന്നു കോടതി ഉത്തരവിട്ടിരുന്നു. സിമി പ്രവര്‍ത്തകരെന്നാരോപിച്ച് ജയിലിലടച്ചവരില്‍ എട്ടുപേര്‍ ഭോപ്പാല്‍ ജയിലില്‍ അടുത്തിടെ വെടിയേറ്റു മരിച്ചു. ഈ സംഭവത്തോടെ തങ്ങളുടെ ജീവനു ഭീഷണിയുണ്ടെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കിയിരുന്നു.
എന്നാൽ പ്രതികളെ താമസിപ്പിക്കാൻ പറ്റിയ സുരക്ഷാ സംവിധാനം കേരളത്തിലെ ജയിലിൽ ഇല്ലെന്നു എൻ ഐ എ വ്യക്തമാക്കിയിരുന്നു.നിരോധിക്കപ്പെട്ട സംഘടനയായ സിമിയുടെ പേരില്‍ വാഗമണ്ണില്‍ രഹസ്യയോഗം ചേര്‍ന്നുവെന്ന തീവ്രവാദക്കേസില്‍ പ്രതികളായ ഇവര്‍ ഇന്‍ഡോര്‍ ബോംബ് സ്ഫോടനക്കേസ്, അഹമ്മദാബാദ് സ്ഫോടനക്കേസ്, പാനായിക്കുളം കേസ് തുടങ്ങിയവയിലും പ്രതികളാണ്.
Post Your Comments