Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Onamcelebrity

ഓണ വിശേഷങ്ങളുമായി ഡോ. വി.പി ഗംഗാധരന്‍

കാന്‍സര്‍ ചികിത്സാ രംഗത്തെ പ്രമുഖനായ ഓങ്കോളജിസ്റ്റാണ് ഡോ. വി.പി ഗംഗാധരന്‍. ഓണത്തിന്റെ ഓര്‍മ്മകള്‍ അദ്ദേഹം പങ്കു വയ്ക്കുന്നു

63 നീണ്ട വര്‍ഷങ്ങള്‍ അതെ, ഞാന്‍ അറുപത്തിമൂന്നാമത്തെ ഓണം ഉണ്ണാന്‍ പോകുന്നു… ഓണത്തിന്റെ ഓര്‍മകള്‍ ഗൃഹാതുരത്വം വിളമ്പുന്നു… ഓണത്തിന്റെ ഓര്‍മകള്‍ മനസ്സില്‍ നിറഞ്ഞുവരുന്നു.

കുട്ടിക്കാലത്തെ ഓണം, ഇരിഞ്ഞാലക്കുടയിലെ സ്കൂള്‍ജീവിതവുമായി ബന്ധപ്പെട്ട ഓര്‍മകള്‍ തന്നെയാണ്. പേഷ്കാര്‍ റോഡിലെ കുട്ടികളെല്ലാവരും ഒന്നിച്ചാഘോഷിക്കുന്ന ഓണം… അവിടെ അവിഭാജ്യമായ ഒരു ഘടകം വെട്ടിയാട്ടില്‍ വീടും കുടുംബാഗങ്ങളും തന്നെയാണ്. പൂക്കളമിടാന്‍ വേണ്ടി പൂ പറിക്കാന്‍ പോകുന്നതു തന്നെയാണ് ഏറ്റവും സന്തോഷകരമായ നിമിഷങ്ങള്‍… ഞങ്ങള്‍ കുട്ടികള്‍ കൂട്ടംകൂട്ടമായി ഓടിനടന്ന് പറിക്കുന്ന പൂക്കളും ഇലകളും മത്സര ബുദ്ധിയോടെ, മണിക്കൂറുകള്‍ ചെലവിട്ട് ഉണ്ടാക്കുന്ന പൂക്കളങ്ങള്‍. വഴിയോരക്കച്ചവടപ്പൂക്കളും നിറമാര്‍ന്ന പൊടികളും ആ സന്തോഷ നിമിഷങ്ങളെല്ലാം കവര്‍ന്നെടുത്തിരിക്കുന്നു. നഷ്ടപ്പെട്ട ഒരു ബാല്യകാലത്തിന്റെ സ്മരണകള്‍ മാത്രമിന്ന്.
ഓണദിവസം അച്ഛന്റേയും അമ്മയുടേയും അടുത്തായിരിക്കും. തമിഴ്നാട്ടിലെ തിരുപ്പൂരില്‍. ഓണത്തിന് മക്കളെല്ലാവരും അച്ഛന്റെയടുത്ത് വേണമെന്ന് അച്ഛന് നിര്‍ബന്ധമായിരുന്നു. ഞങ്ങള്‍ക്കെല്ലാമുള്ള ‘ഓണപ്പുടവ’ അച്ഛന്റെ കൈയില്‍നിന്നുതന്നെ വാങ്ങണം. അത് അച്ഛന്റെ ഒരു വാശിയായിരുന്നു… അവകാശവുമായിരുന്നു. മരുമക്കളായപ്പോഴും അച്ഛന്‍ അതു തുടര്‍ന്നു.

1992-ല്‍ എന്റെ ഓണത്തിന്റെ മറ്റൊരു ഘട്ടം തീര്‍ന്നു. ഞാന്‍ ഓണദിവസം കുട്ടിയല്ലാതായി. അച്ഛന്റെ മരണത്തോടെ ആ ഓണക്കോടി നഷ്ടപ്പെട്ടു.അടുത്ത വര്‍ഷത്തെ ഓണം… അച്ഛന്റെ അഭാവം അമ്മ നികത്തി. ‘നിനക്ക് തരാന്‍ ചെറിയ ഒരു ഓണസമ്മാനമേ എന്റെ കൈയിലുള്ളൂ… അത് നിനക്ക് ഇഷ്ടപ്പെടുമോ, അവോ’ അമ്മയുടെ വാക്കുകള്‍. അതൊരു ഷര്‍ട്ടിന്റെ തുണിയായിരുന്നു… കാവി നിറത്തിലുള്ള തുണി. ഈ ലോകത്തുള്ള ഏറ്റവും വിലപിടിച്ച വസ്തുവിനേക്കാള്‍ പതിന്‍മടങ്ങ് വിലയുണ്ട്, ആ തുണിക്ക്’ എന്നു വിളിച്ചുപറയണമെന്ന് തോന്നി. ‘അമ്മയുടെ ഓണക്കോടിയുടെ സ്ഥാനം മറ്റൊന്നിനുമില്ല’ എന്നു മാത്രം പറഞ്ഞുനിര്‍ത്തി. 2014-ല്‍ അമ്മയുടെ മരണം വരെ വീണ്ടും കൊച്ചുകുട്ടിയായിത്തന്നെ ഓണക്കോടി സ്വീകരിക്കാന്‍ സാധിച്ചു.
‘ഗംഗയുടെ മുണ്ടിന്റെ നീളവും വീതിയും ശരിയാണോ… കുത്താമ്ബിള്ളിയില്‍ പറഞ്ഞ് ഗംഗയ്ക്ക് പ്രത്യേകം നെയ്തെടുത്തതാണ്. എന്നെ പ്രസവിക്കാത്ത എന്റെ അമ്മ. ശാന്തമ്മ അമ്മയുടെ മുന്‍പില്‍ ഞാന്‍ വീണ്ടും കുട്ടിയായി. 2017-ല്‍ ഈ ഓണത്തിന് എനിക്ക് ആ ഓണക്കോടിയും ഇല്ലാതായി.

‘ലഭിക്കുന്ന ഓണക്കോടികളേക്കാള്‍ സന്തോഷകരമാണ് ഓണക്കോടി കൊടുക്കുന്നത്’ എന്നു പഠിപ്പിച്ചത് അച്ഛന്‍ തന്നെയാണ്. ഞങ്ങളുടെ അടുത്ത തലമുറക്കാര്‍ക്ക് ഞങ്ങള്‍ ഓണക്കോടി നല്‍കണമെന്നുള്ളതും അച്ഛന്റെ വാശിയായിരുന്നു. അത് ഞങ്ങള്‍ ഇന്നും തുടരുന്നു. ഈ ഓണത്തിന് ഒന്നും വാങ്ങുന്നില്ലേ. കഴിഞ്ഞ വര്‍ഷത്തെപ്പോലെ അവസാന നിമിഷം പറഞ്ഞാല്‍ കടയില്‍ പോകാന്‍ എന്നെക്കിട്ടില്ല. കഴിഞ്ഞ വര്‍ഷത്തെ അനുഭവം മരുമകള്‍ പങ്കുവെച്ചു. ശരിയാണ്. ഇപ്രാവശ്യം ഓണത്തിന് ഒരുത്സാഹം തോന്നുന്നില്ല. സദ്യയിലെ പപ്പടവും അച്ചാറും ഉപേക്ഷിക്കേണ്ടി വന്നതു കൊണ്ടാണോയെന്ന് മനസ്സില്‍ നിന്ന് ഒരു കുസൃതിച്ചോദ്യം. ആരൊക്കെയോ നഷ്ടപ്പെട്ടു എന്ന് മനസ്സിന്റെ കോണില്‍ ഒരു ചെറിയ വിഷമം. മനസ്സിന് പ്രായമായിത്തുടങ്ങിയോ? ഇല്ല, ഞാന്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെതന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു. ഈ ജീവിതം എനിക്കു തന്ന കുറേ മക്കളും അച്ഛനമ്മമാരുണ്ട്… എന്റെ രോഗികളായിട്ട് കടന്നുവന്ന്, എന്റെ ജീവിതത്തിന്റെ ഭാഗമായവര്‍. എന്റെ ഓണക്കോടിക്കായി കാത്തിരിക്കുന്നവരാണവര്‍. അവരിലൂടെ ഞാന്‍ എന്റെ ബാല്യകാലത്തേക്ക് തിരികെ പോകുന്നു. ഒരു വട്ടമല്ല.പലവട്ടം. ആ ഗതകാല സ്മരണകള്‍ മേയുന്ന സുന്ദര കാലത്തേക്കുള്ള തിരികെയാത്ര… ഓണത്തിന് മരണമില്ല എന്ന സത്യം മനസ്സിലാക്കിക്കൊണ്ടുതന്നെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button