ബുള്ളറ്റ് കിട്ടാൻ ഇനി മാസങ്ങളോളം കാത്തിരിക്കേണ്ട പുതിയ നിർമാണ പ്ലാന്റുമായി റോയൽ എൻഫീൽഡ്. വർദ്ധിച്ച് വരുന്ന ഉപഭോക്താക്കളുടെ പശ്ചാത്തലത്തലത്തിലാണ് ഐഷര്‍ മോട്ടോര്‍സിന് കീഴിലുള്ള റോയല്‍ എന്‍ഫീല്‍ഡ് ചെന്നൈക്ക് സമീപം വല്ലം വഡഗലില്‍ നിർമാണ കേന്ദ്രം ആരംഭിച്ചത്. ആഭ്യന്തര, വിദേശ വിപണികളില്‍ വില്‍പനയ്ക്കുളള മോഡലുകളായിരിക്കും കമ്പനി ഇവിടെ കൂടുതലായും നിർമിക്കുക. 6,67,135 മോട്ടോര്‍ സൈക്കിളുകളാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ എന്‍ഫീല്‍ഡ് നിര്‍മ്മിച്ച് വില്‍പ്പന നടത്തിയത്.
റോയല്‍ എന്‍ഫീല്‍ഡിന്റെ ഇന്ത്യയിലെ മൂന്നാമത്തെ ഉത്പാദന കേന്ദ്രമാണ് വല്ലം വഡഗല്‍ പ്ലാന്റ്. ആദ്യ ഘട്ടത്തില്‍ ഇവിടെ നിന്നും 300,000 മോട്ടോര്‍സൈക്കിളുകളെ ഉത്പാദിപ്പിക്കാനാണ് റോയല്‍ എന്‍ഫീല്‍ഡ് ലക്ഷ്യമിടുന്നത്. 2017-18 സാമ്പത്തിക വര്‍ഷം 825,000 യൂണിറ്റുകളുടെ ഉത്പാദനമാണ് റോയല്‍ എന്‍ഫീല്‍ഡ് ലക്ഷ്യമിടുന്നത്. വല്ലം വഡഗലില്‍ പ്ലാന്റിനായി 2014 ഒക്ടോബറില്‍ ഭൂമി ഏറ്റെടുത്തെങ്കിലും 15 മാസങ്ങള്‍ക്ക് മുമ്പാണ് പ്ലാന്റിന്റെ നിര്‍മ്മാണം കമ്പനി ആരംഭിച്ചത്. മൂന്ന് നിര്‍മ്മാണശാലകളിലുമായി 8.25 ലക്ഷം യൂണിറ്റ് ഉത്പാദനശേഷി കൈവരിച്ചിട്ടുണ്ട്. ഇതു വഴി കൂടുതല്‍ വില്‍പന നേടാമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. അതിനാൽ റോയല്‍ എന്‍ഫീല്‍ഡുകള്‍ക്കായി ഉപഭോക്താക്കൾ ഇനി മാസങ്ങളോളം കാത്തിരിക്കേണ്ട. ക്ളാസിക് 350 ആണ് ഏറ്റവുമധികം വിറ്റു പോകുന്ന പ്രധാന മോഡല്‍.
800 കോടി രൂപ ഈ സാമ്പത്തിക വർഷം നിക്ഷേപിക്കാനാണ് റോയല്‍ എന്‍ഫീല്‍ഡിന്‍റെ പദ്ധതി. ഇതില്‍ വലിയ ഭാഗം വല്ലംവടഗലിലെ നിര്‍മ്മാണ ശാലയുടെ ഉത്പാദന ശേഷി കൂട്ടാനും പുതിയ മോഡലുകളും പ്ളാറ്റ്ഫോമുകളും അവതരിപ്പിക്കാനുമാണ് ചെലവിടുക. കൂടാതെ ബ്രിട്ടനിലെ ലീഷസ്റ്റര്‍, ചെന്നൈ എന്നിവിടങ്ങളിലെ സാങ്കേതിക കേന്ദ്രങ്ങളിലും മൂലധന നിക്ഷേപം നടത്തും.
Post Your Comments