Latest NewsKeralaNews

കോട്ടയത്തെ ക്രൂരകൊലപാതകത്തിനു പിന്നിലും അവിഹിതം : ചിരിച്ചുകൊണ്ടുള്ള കാമുകിയുടെ വിവരണം കേട്ട് വിശ്വസിക്കാനാകാതെ പൊലീസും നാട്ടുകാരും

 

കോട്ടയം : സംസ്ഥാനത്തെ നടുക്കിയ ക്രൂരകൊലപാതകത്തിന്റെ ചുരുള്‍ അഴിച്ചത് കാമുകി കുഞ്ഞുമോളുടെ മൊഴിയില്‍ നിന്ന്. കോട്ടയം മാങ്ങാനത്ത് നടന്നത് അതിക്രൂരമായ കൊലപാതകമാണെന്ന് പൊലീസും വിലയിരുത്തുന്നു. ഇവിടെയും കൊലപാതത്തിന് വഴിവെച്ചത് അവിഹിതമായിരുന്നു

ഞായറാഴ്ച രാവിലെ ഒമ്പതരയോടെ കറുകച്ചാല്‍ റോഡിലെ മന്ദിരം കലുങ്കിനു സമീപത്തു നിന്നുമാണു ശിരസറ്റ മൃതദേഹം രണ്ടു കഷണങ്ങളാക്കി മുറിച്ചു ചാക്കുകളിലാക്കിയനിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിലെ വസ്ത്രങ്ങളുടെ അടിസ്ഥാനത്തില്‍ കൊല്ലപ്പെട്ടതു സന്തോഷാണെന്ന് ബന്ധുക്കള്‍ തിരിച്ചറിയുകയായിരുന്നു. കൊല്ലപ്പെട്ട സന്തോഷിന്റെ ഫോണിലേയ്ക്ക്
അവസാനം വിളിച്ചതു വിനോദിന്റെ ഭാര്യ കുഞ്ഞുമോളാണെന്നു അന്വേഷണത്തില്‍ കണ്ടെത്തി. വിനോദും സന്തോഷും തമ്മില്‍ നേരത്തേ തര്‍ക്കമുണ്ടായെന്ന് അറിയാമായിരുന്ന പോലീസ് ഉടന്‍ തന്നെ ദമ്പതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുവരെയും വെവ്വേറെ ചോദ്യം ചെയ്തുവെങ്കിലും ആദ്യം കുറ്റം സമ്മതിച്ചില്ല. തുടര്‍ന്ന് ഒന്നിച്ചിരുത്തി ചോദ്യം ചെയ്തപ്പോള്‍ മൊഴിയിലെ പൊരുത്തക്കേടുകളില്‍ നിന്നു പോലീസിനു തുമ്പു ലഭിച്ചു. പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലായിരുന്നപ്പോള്‍, ഭാര്യയെ സന്തോഷ് ഒപ്പം താമസിപ്പിച്ചതാണു കൊലപാതകത്തിനു കാരണം.

കുപ്രസിദ്ധ ഗുണ്ടയും അച്ഛനെ കൊന്ന കേസിലെ പ്രതിയുമായ കോട്ടയം റെയില്‍വേ ക്വാര്‍ട്ടേഴ്സ് വെട്ടിമറ്റത്തില്‍ എ.ആര്‍. വിനോദ് കുമാറും(കമ്മല്‍ വിനോദ്-38) ആണ് പ്രധാനപ്രതി.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്:

ഒന്‍പതു വര്‍ഷം മുമ്പ് ഒരു കേസില്‍ ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിയവേയാണു ഇരുവരും പരിചയപ്പെടുന്നത്. ജയിലില്‍ നിന്നിറങ്ങിയ വിനോദ്, കോട്ടയം ചന്തക്കവല ബിവറേജസ് ചില്ലറ വില്‍പ്പനശാലയ്ക്കു സമീപം ചെറിയ കട നടത്തുമ്പോള്‍ പരിചയം കൂടുതല്‍ വര്‍ധിച്ചു. പിന്നീട് ഇരുവരും കേസുകളില്‍ കുടുങ്ങി.

ഇതിനിടെയാണ് അച്ഛനെ കൊലപ്പെടുത്തിയ കേസില്‍ വിനോദ് ജയിലിലാകുന്നത്. സന്തോഷും ഒരു മാസത്തോളം ജയിലുണ്ടായിരുന്നു. ഇതിനിടെ, പുറത്തിറങ്ങിയ സന്തോഷ് കുഞ്ഞുമോളുമായി അടുപ്പത്തിലായി. തുടര്‍ന്ന് ഇരുവരും ചേര്‍ന്നു ജയിലില്‍ സന്ദര്‍ശിച്ചതോടെ വിനോദിനു വൈരാഗ്യമായി. ഒരു ദിവസം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഇരുവരെയും ഒരുമിച്ചു കാണുകയും ഒരു വനിതാ സുഹൃത്ത് ഇക്കാര്യം പറഞ്ഞു വിനോദിനെ പരിഹസിക്കുകയും ചെയ്തു. ഇതോടെ, വൈരാഗ്യം ആളിക്കത്തി. സന്തോഷിനെ കൊല്ലുമെന്നു ഭീഷണി മുഴക്കി.

ഭാര്യയെ സന്തോഷ് ഒപ്പം താമസിപ്പിച്ചതും ഇതിന്റെ പേരില്‍ സുഹൃത്തുക്കള്‍ പരിഹസിച്ചതും പഴയസുഹൃത്തിനെ വകവരുത്താന്‍ വിനോദിനെ പ്രേരിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ ജാമ്യത്തില്‍ ഇറങ്ങി സന്തോഷിനെ മര്‍ദിച്ചിരുന്നു. പിന്നീട് കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി പ്രത്യേം ഇരുമ്പു ലിവര്‍ വാങ്ങി സൂക്ഷിച്ചു. ഒന്നിലേറെ തവണ ശ്രമിക്കുകയും പല തവണ ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷമാണ് ബുധനാഴ്ച ഹീനകൃത്യം നടത്തിയത്.

കൃത്യത്തിനു രണ്ടു ദിവസം മുമ്പ് സന്തോഷിനെ വിളിക്കാന്‍ കുഞ്ഞുമോളോട് വിനോദ് ആവശ്യപ്പെട്ടു. എതിര്‍ത്തതിനെത്തുടര്‍ന്നു ഭാര്യയുടെ കൈ തല്ലി ഒടിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. കൈ ഒടിഞ്ഞതിനെത്തുടര്‍ന്നു കുഞ്ഞുമോള്‍ പ്ലാസ്റ്റര്‍ ഇട്ടിരുന്നു. കാലിനും സാരമായ പരുക്കേറ്റു. ഭര്‍ത്താവിന്റെ ഭീഷണിയെത്തുടര്‍ന്നു കഴിഞ്ഞ ബുധനാഴ്ച മീനടത്തെ വീട്ടിലേക്കു സന്തോഷിനെ കുഞ്ഞുമോള്‍ വിളിച്ചു വരുത്തി. രാത്രി പത്തേകാലിന് ഇയാള്‍ വീട്ടിലെത്തിയപ്പോള്‍ വിനോദിന്റെ നാലു മക്കളും അമ്മയും ഉറങ്ങിയിരുന്നു.

സന്തോഷിനെ സ്വീകരിച്ച് കസേരയില്‍ ഇരുത്തിയ ശേഷം കുഞ്ഞുമോള്‍ വെള്ളമെടുക്കാന്‍ അടുക്കളയിലേക്കു പോയി. ഈ സമയം, വാര്‍ക്കയുടെ ആണി പറിക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്പു കമ്പികൊണ്ടു മുറ്റം വഴിയെത്തിയ വിനോദ്, സന്തോഷിന്റെ കാലിലടിച്ചു വീഴ്ത്തി. നിലത്തുവീണതോടെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ മൃതദേഹം വീടിനു പിന്നിലെ വാഴത്തോട്ടത്തിലേക്കു കൊണ്ടുപോയി. സമീപത്തു വീടില്ലാത്തതിനാലും ടി.വി. ശബ്ദംകൂട്ടി വച്ചിരുന്നതിനാലും ആരും സംഭവം അറിഞ്ഞില്ല.

ശരീരത്തിലെ രക്തംവാര്‍ന്ന ശേഷം ഇറച്ചിമുറിക്കുന്ന കത്തിയും വാക്കത്തിയും ഉപയോഗിച്ചു മൃതദേഹം മൂന്നു കഷണങ്ങളാക്കി ചാക്കിലാക്കി. നേരത്തേ ഇറച്ചിവെട്ടുകാരനായും ജോലി ചെയ്തിട്ടുള്ള വിനോദ് പോത്തിനെ വെട്ടുന്ന രീതിയില്‍ സന്തോഷിന്റെ ശരീരം വെട്ടിമുറിക്കുകയായിരുന്നു.

പുലര്‍ച്ചെ രണ്ടോടെ ഓട്ടോറിക്ഷയില്‍ കയറ്റിയ മൃതദേഹം പിന്നീട് കോട്ടയം ഭാഗത്തേക്കു കൊണ്ടുപോയി. കളത്തില്‍ക്കടവ് ഭാഗത്ത് കൊടൂരാറ്റില്‍ ഉപേക്ഷിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍, മന്ദിരം കലുങ്കുഭാഗത്തു വന്നപ്പോള്‍ ഓട്ടോറിക്ഷ നിന്നു പോയി. തുടര്‍ച്ചയായി വാഹനങ്ങള്‍ കടന്നുപോകുന്നതു കണ്ടു ഭയന്ന വിനോദ്, ഭാര്യയുടെ സഹായത്തോടെ ചാക്കുകെട്ടുകളില്‍ രണ്ടെണ്ണം കുറ്റിക്കാട്ടില്‍ തള്ളി. ഇതിനിടെ, ഓട്ടോ സ്റ്റാര്‍ട്ടാവുകയും മാക്രോണി കവല ഭാഗത്ത് എത്തിയപ്പോള്‍ തല തോട്ടിലേക്ക് എറിയുകയുമായിരുന്നു. പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ തല വെള്ളത്തില്‍ താഴാന്‍, സന്തോഷിന്റെ കാവിമുണ്ട് കീറി കലുങ്ക് ഭാഗത്തു നിന്നു പെറുക്കിയ മെറ്റല്‍ അതില്‍ പൊതിഞ്ഞു കവറിലാക്കിയാണു തോട്ടിലേക്കെറിഞ്ഞത്.

കളത്തിക്കടവിലെത്തി ഓട്ടോറിക്ഷ കഴുകി, അഞ്ചോടെ വീട്ടിലെത്തിയ ശേഷവും ഓട്ടോ കഴുകി. അടിക്കാനുപയോഗിച്ച കമ്പി സമീപത്തെ ചാണകക്കുഴിയില്‍ ഒളിപ്പിച്ചു. മുറിക്കാനുപയോഗിച്ച കത്തി വീടിനു പിന്നിലെ റബര്‍ത്തോട്ടത്തില്‍ കുഴിച്ചുമൂടി. വീട്ടില്‍ കയറിയ ഇരുവരും സന്തോഷിനെ വിളിക്കാനുപയോഗിച്ച സിം കാര്‍ഡ് ഫോണില്‍ നിന്ന് ഊരിമാറ്റി. മരിച്ചയാളുടെ പഴ്സും ആധാര്‍കാര്‍ഡും പഴ്സും കത്തിച്ചുകളയുകയും ചെയ്തു. എന്നാല്‍, മൂന്നാം ദിവസം മൃതദേഹം കണ്ടെത്തുകയും മരിച്ചതു സന്തോഷാണെന്ന് തിരിച്ചറിഞ്ഞതോടെ പ്രതികള്‍ കുടുങ്ങുകയായിരുന്നു.

വിനോദിനെയും ഭാര്യയെയും മുണ്ടകപ്പാടത്തും മീനടത്തെ വീട്ടിലെത്തിച്ചും തെളിവെടുത്തു. കൊലപാതകത്തിനു ഉപയോഗിച്ച കത്തിയും ഇരുമ്പു കമ്പിയും കണ്ടെടുത്തു. ചോദ്യം ചെയ്യലില്‍ കമല്‍ പൊട്ടിക്കരഞ്ഞാണ് എല്ലാം സമ്മതിച്ചത്. തെളിവടെപ്പിന് കൊണ്ടു വന്നപ്പോള്‍ കുഞ്ഞുമോള്‍ ചിരിച്ചു കളിച്ചാണ് പൊലീസുകാരോടൊപ്പം നിന്നത്. കോടതി ഇരുവരെയും റിമാന്‍ഡ് ചെയ്തു. കൂടുതല്‍ തെളിവെടുപ്പിനായി ഇവരെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ഡിവൈഎസ്പി സഖറിയാ മാത്യു, സിഐ സാജു വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യംചെയ്യലിലാണ് സംഭവം പുറത്തായത്.

വിനോദിന്റെയും കുഞ്ഞുമോളുടെയും വീട്ടിലെ ചാണകക്കുഴിയില്‍ നിന്ന് ഇരുമ്പു ലിവറും കത്തിയും കിട്ടി. ഭിത്തിയിലും തറയിലും നിന്ന് തുടച്ചുമാറ്റിയെങ്കിലും രക്തത്തുള്ളികള്‍ സയന്റിഫിക് വിദഗ്ദ്ധര്‍ക്കു തെളിവായി കിട്ടി. സന്തോഷിന്റെ ഷര്‍ട്ടിന്റെ ബട്ടണ്‍ പൊട്ടി വീണതുകിട്ടിയതു വിനോദിന്റെ വീട്ടുമുറ്റത്തു നിന്ന്. സന്തോഷിന്റെ പഴ്സ് ഫോണ്‍, ആധാര്‍ കാര്‍ഡ് എന്നിവ കത്തിച്ച ശേഷം ചാരം ചാണകക്കുഴിയില്‍ കളഞ്ഞതായി കണ്ടെത്തി. പഴ്സിലുണ്ടായിരുന്ന 130 രൂപ വിനോദ് എടുത്തെന്നും പൊലീസ് കണ്ടെത്തി. സന്തോഷിന്റെ പല്ല്, തലയോട്ടിയുടെ ഭാഗം, തലമുടി എന്നിവ ഡിഎന്‍ഐ പരിശോധനയ്ക്കു അയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button