വാഷിങ്ടണ്‍ : യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സൈബര്‍ സുരക്ഷാ സമിതിയില്‍ നിന്ന് ഏഴംഗങ്ങള്‍ രാജിവെച്ചു. 27 അംഗ സമിതിയില്‍ നിന്നാണ് കൂട്ടരാജി. സൈബര്‍ സുരക്ഷാ രംഗത്ത് ട്രംപ് വേണ്ടത്ര ശ്രദ്ധ ചെലുത്തുന്നില്ലെന്നാണ് രാജിവെച്ചവരുടെ ആരോപണം.
ഇന്ത്യന്‍ വംശജനായ ചീഫ് ഡാറ്റ അനലിസ്റ്റ് ഡി.ജെ. പാട്ടീലടക്കമുള്ളവരാണ് രാജിവെച്ചത്.
കാലാവസ്ഥാമാറ്റവുമായി ബന്ധപ്പെട്ട പാരീസ് ഉടമ്പടിയില്‍ നിന്ന് അമേരിക്ക പിന്മാറിയതിലുള്ള എതിര്‍പ്പ് രാജിക്കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച വെര്‍ജീനിയയിലുണ്ടായ വംശീയസംഘര്‍ഷത്തെത്തുടര്‍ന്നുള്ള ട്രംപിന്റെ വിവാദ പരാമര്‍ശങ്ങളിലുമുള്ള വിയോജിപ്പും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായി എന്ന യു.എസ്. രഹസ്യാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ ട്രംപ് മടി കാണിച്ചെന്നും ഇവര്‍ ആരോപിക്കുന്നുണ്ട്
കാലുറയ്ക്കാത്ത ഭരണകൂടം
അധികാരമേറ്റ് ഒമ്പതുമാസം തികയുമ്പോഴേക്കും ട്രംപ് ഭരണകൂടത്തിലെ പ്രധാനസ്ഥാനത്തുള്ള ഒമ്പതിലേറെ പേര്‍ സ്ഥാനമൊഴിഞ്ഞു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കിള്‍ ഫ്‌ളിന്‍ , മാധ്യമസെക്രട്ടറി സീന്‍സ് പൈസര്‍ , ചീഫ് സ്ട്രാറ്റജിസ്റ്റ് സ്റ്റീഫന്‍ ബാനന്‍, കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ആന്റണി സ് കറാമൂച്ചി തുടങ്ങിയവര്‍ ഇക്കാലയളവില്‍ അധികാരത്തില്‍ നിന്ന് സ്വയം ഒഴിഞ്ഞവരോ പുറത്തുപോകേണ്ടി വന്നവരോ ആണ്.
Post Your Comments