മഞ്ചേരി: ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് എന്ന് മുദ്രകുത്തി ഒന്നിനും കൊള്ളാത്തവരെന്ന് പുച്ഛിച്ച് തള്ളിയിരുന്ന സമൂഹത്തിന് മറുപടിയായി റിയ. മഞ്ചേരിയില്‍ നടക്കുന്ന നീതി മേളയില്‍ ന്യായാധിപയായി റിയ എന്ന ട്രാന്‍സ് ജെന്‍ഡറും എത്തുന്നു. ലീഗല്‍ സര്‍വീസസ് അഥോറിറ്റി കോടതിയില്‍ നടക്കുന്ന മെഗാ അദാലത്തില്‍ സിറ്റിങ് ജഡ്ജിമാരുടെ പാനലിലാണ് ട്രാന്‍സ്‌ജെന്‍ഡറും ഇടം പിടിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ഇത്തരത്തില്‍ ന്യായാധിപയാകുന്നത്. അഥോറിറ്റി വൊളന്റിയറായി പരിശീലനം ലഭിച്ച റിയ ആണ് ജഡ്ജിക്കൊപ്പമിരുന്നു പരാതികള്‍ കേള്‍ക്കുക.
വാഹനാപകട കേസുകള്‍ കൈകാര്യം ചെയ്യുന്ന ബൂത്തിലാണു റിയയുടെ സ്ഥാനം. ജഡ്ജിയും പരിശീലനം ലഭിച്ച വൊളന്റിയറുമാണു ബെഞ്ചില്‍ വേണ്ടത്. സ്ഥിരം അഭിഭാഷകയ്ക്കു പകരമായാണ് ഇത്തവണ ട്രാന്‍സ്‌ജെന്‍ഡര്‍ ഇരിക്കുന്നത്. സംസ്ഥാനത്തു തന്നെ ആദ്യമായാണു സിറ്റിങ്ങിന് ട്രാന്‍സ്‌ജെന്‍ഡര്‍ ജഡ്ജിങ് പാനലില്‍ എത്തുന്നതെന്ന് അഥോറിറ്റി അധികൃതര്‍ പറഞ്ഞു.
വാഹനാപകടത്തില്‍ പരുക്കേറ്റ് ഇന്‍ഷുറന്‍സ് കമ്പനിയുമായി ബന്ധപ്പെട്ട കേസ് നടത്തി അനുഭവം കൂടിയുണ്ട് ഇവര്‍ക്ക്. കോഴിക്കോട് സ്വദേശിയായ റിയ പെരിന്തല്‍മണ്ണയിലാണു താമസം. ബെംഗളൂരു, കോയമ്പത്തൂര്‍ എന്നിവിടങ്ങളില്‍ ഫാഷന്‍ ഡിസൈനര്‍ കൂടിയാണു റിയ.
Post Your Comments