KeralaLatest NewsNewsUncategorized

സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ന്യായവില ഹോട്ടലുകള്‍ വരുന്നു

തിരുവനന്തപുരം: സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ ന്യായവില ഹോട്ടലുകള്‍ വരുന്നു. വിശപ്പുരഹിത പദ്ധതിയുടെ ഭാഗമായിട്ടാണ് ന്യായവില ഹോട്ടലുകള്‍ വരുന്നത്. തമിഴ്നാട്ടിലെ അമ്മ, മഹാരാഷ്ട്രയിലെ പ്രിയദര്‍ശിനി ഹോട്ടലുകളുടെ മാതൃകയിലാകുമിത്. ആശയം ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി പി.തിലോത്തമന്റേതാണ്. ജി.എസ്.ടിയുടെപേരില്‍ ഹോട്ടലുകള്‍ പിടിച്ചുപറി നടത്തുന്ന സംസ്ഥാനത്ത് പദ്ധതി നടപ്പായാല്‍ വലിയ മാറ്റമുണ്ടാകും. 30-ന് നടക്കുന്ന ആലോചനായോഗത്തില്‍ ഇതും ചര്‍ച്ചയ്ക്കു വരും. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ന്യായവില ഹോട്ടലുകള്‍ക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ വിതരണം ചെയ്യും.

വിശപ്പുരഹിത പദ്ധതിയുടെ ലക്ഷ്യം അര്‍ഹര്‍ക്കു സൗജന്യമായും മറ്റുള്ളവര്‍ക്കു ന്യായവിലയിലും ഭക്ഷണം ലഭ്യമാക്കുകയാണ്. സംസ്ഥാനത്തെ ഹോട്ടലുകള്‍ ജി.എസ്.ടിയുടെ മറവില്‍ ഉപഭോക്താക്കളെ പിഴിയുകയാണ്. ഇതു സംബന്ധിച്ചു വ്യാപക പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നു ഹോട്ടലുകള്‍ അമിത ചാര്‍ജ് വാങ്ങുന്നതിനെതിരേ ധനമന്ത്രി തോമസ് ഐസക് രംഗത്ത് എത്തിയിരുന്നു. വിഷയം ജി.എസ്.ടി. കൗണ്‍സിലിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും അറിയിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് ന്യായവില ഹോട്ടലെന്ന ആശയം മന്ത്രി പി.തിലോത്തമന്‍ മുന്നോട്ടുവച്ചത്. സര്‍ക്കാരിനു ബാധ്യതയാകാതെ സപ്ലൈകോയിലെ സാധാനങ്ങള്‍ നല്‍കിയാകും ഹോട്ടലുകള്‍ പ്രവര്‍ത്തിപ്പിക്കുക. ജനങ്ങള്‍ക്കു ന്യായവിലയില്‍ സാധനങ്ങള്‍ കിട്ടുന്നതിനൊപ്പം സപ്ലൈകോയുടെ വിറ്റുവരവ് വര്‍ധിക്കുമെന്ന മെച്ചവുമുണ്ട്. അരി,ഗോതമ്ബ്, ആട്ട, വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള ശബരി ഉല്‍പ്പന്നങ്ങള്‍, മറ്റു പലവ്യജ്ഞനങ്ങള്‍ എന്നിവയാകും സപ്ലൈകോ വിശപ്പുരഹിത പദ്ധതിക്കും ന്യായവില ഹോട്ടലുകള്‍ക്കുമായി നല്‍കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button