Latest NewsNewsIndia

ബലാത്സംഗ കേസില്‍ വിവാദ ആള്‍ദൈവം ഗുര്‍മീതിനെതിരെ പരാതി നല്‍കിയ രണ്ട് പെണ്‍കുട്ടികള്‍ കാണാമറയത്ത് : കേസിന് തുടക്കമിട്ടത് ഊമക്കത്തില്‍ നിന്ന്

ന്യൂഡല്‍ഹി : ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച ബലാത്സംഗ കേസില്‍ ഗുര്‍മീതിനെതിരെ പരാതി നല്‍കിയ രണ്ട് പെണ്‍കുട്ടികള്‍ കാണാമറയത്താണ്. ഇവരുടെ ജീവന് ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഇവര്‍ ഇപ്പോഴും ഒളിവില്‍ കഴിയുന്നത്. മാനഭംഗക്കേസില്‍ ദേര സച്ചാ സൗദ മേധാവി ഗുര്‍മീത് റാം റഹിം സിങ് കുറ്റക്കാരനാണെന്നു കോടതി വിധിച്ചതോടെ എല്ലാവരും അന്വേഷിച്ചത് ഈ രണ്ടു പേരെയാണ്. ഈ പ്രഖ്യാപിത ആള്‍ദൈവത്തിനെതിരെ മൊഴി നല്‍കിയ ആ രണ്ട് പെണ്‍കുട്ടികള്‍. എന്നാല്‍ മാധ്യമങ്ങള്‍ക്കുള്‍പ്പെടെ അവരെ കണ്ടെത്താനായിട്ടില്ല. അവരുടെ അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞതിങ്ങനെ: ‘പെണ്‍കുട്ടികള്‍ ഭീതിയിലാണ്. റാം റഹിം കുറ്റക്കാരനല്ലെന്നു വിധിക്കപ്പെട്ടിരുന്നെങ്കില്‍ ഇരുവരും മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് പോകേണ്ടി വന്നേനെ…’ പെണ്‍കുട്ടികളെപ്പറ്റിയുള്ള യാതൊരു വിവരവും പുറത്തുവിടാനാകില്ലെന്നും അഭിഭാഷകര്‍ പറഞ്ഞു. കോടതിവിധിയുടെ പേരില്‍ സംസ്ഥാനത്ത് അക്രമം പൊട്ടിപ്പുറപ്പോടെ പെണ്‍കുട്ടികളുടെ ഈ തീരുമാനം കൂടുതല്‍ ബലപ്പെടുകയും ചെയ്തു. ഇത്തരമൊരു ഭയത്തിനുമുണ്ട് കാരണം. ഗുര്‍മീതിനെതിരെ പരാതി നല്‍കിയതിനു ശേഷം തന്റെ ജീവിതം മാറിമറിഞ്ഞെന്നാണ് പെണ്‍കുട്ടികളിലൊരാള്‍ മുന്‍പ് സ്വകാര്യമാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ‘സ്വതന്ത്രമായി ഒരിടത്തേക്കും പോകാന്‍ സാധിച്ചിട്ടില്ല. ജീവനു ഭീഷണിയുണ്ട്. എന്റെ കുടുംബാംഗങ്ങളും ഭീതിയിലാണ്…’ പെണ്‍കുട്ടി പറഞ്ഞു.

ഗുര്‍മീതിന്റെ അനുമതിയില്ലാതെ ആശ്രമത്തില്‍ യാതൊന്നും നടന്നിരുന്നില്ല. അനുയായികളാകട്ടെ അദ്ദേഹം എന്തു പറഞ്ഞാലും അത് ദൈവത്തിന്റെ സന്ദേശമാണെന്നു കരുതി നടപ്പിലാക്കുകയാണു പതിവ്. അനുയായികളില്‍ നിന്നു മാത്രമല്ല, സിബിഐ ഉദ്യോഗസ്ഥരില്‍ നിന്നു വരെ കേസ് പിന്‍വലിക്കാനുള്ള നീക്കമുണ്ടായി എന്നതാണു സത്യം. പക്ഷേ വിവാഹിതരായ രണ്ടു യുവതികള്‍ ഭര്‍ത്താക്കന്മാരുടെ പിന്തുണയോടെ നടത്തിയ ധീരമായ പോരാട്ടമാണു ഗുര്‍മീതിനെ മാനഭംഗക്കേസില്‍ ശിക്ഷിക്കാനിടയാക്കിയത്. ഒപ്പം ഒട്ടേറെ സമ്മര്‍ദമുണ്ടായിട്ടും വഴങ്ങാതെ കേസുമായി മുന്നോട്ടുപോയ സിബിഐയുടെ സമര്‍ഥരും അര്‍പ്പണബോധമുള്ളവരുമായ ഏതാനും ഉദ്യോഗസ്ഥന്മാരുടെ അന്വേഷണവും.

ഒരു ഊമക്കത്തില്‍നിന്നാണ് വിവാദ ആള്‍ദൈവത്തെ കുടുക്കിയ കേസിന് തുടക്കം.

ഹരിയാന സിര്‍സയിലെ ദേര ആസ്ഥാനത്ത് വനിതാ അനുയായികളെ ഗുര്‍മീത് പീഡിപ്പിക്കുകയാണെന്നു കാണിച്ചുള്ള മൂന്നു പേജ് ഊമക്കത്തോടെയാണ് കേസിന് തുടക്കമിട്ടത്. അന്നത്തെ പ്രധാനമന്ത്രി എ.ബി.വാജ്‌പേയിക്ക് ലഭിച്ച കത്ത് പഞ്ചാബ്-ഹരിയാന ഹൈക്കോടതിക്ക് അയച്ചു. 2002ല്‍ ഹൈക്കോടതി സിര്‍സയിലെ ജില്ലാ ജഡ്ജി എം.എസ്.സുള്ളറോട് ഇതെക്കുറിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടു. ദേര സച്ചാ സൗദ ഒരു മതസംഘടന എന്നതിനേക്കാള്‍ വാണിജ്യ സ്ഥാപനമാണെന്നും രാഷ്ട്രീയ നേതാക്കളും മന്ത്രിമാരുമായി അടുപ്പമുള്ള വ്യക്തിയാണു റാം റഹിമെന്നും സുള്ളര്‍ നല്‍കിയ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഈ കേസ് സംസ്ഥാന പൊലീസ് അന്വേഷിച്ചാല്‍ ശരിയാവില്ല, കേന്ദ്ര ഏജന്‍സിതന്നെ വേണമെന്ന ശുപാര്‍ശയും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു.

തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശപ്രകാരം 2002 ഡിസംബര്‍ 12നു സിബിഐ കേസ് ഏറ്റെടുത്തു. 2002 മുതല്‍ 2007 വരെ ഒരന്വേഷണവും ഉണ്ടായില്ല. 2007 ല്‍ സിബിഐയുടെ ജോയിന്റ് ഡയറക്ടറായിരുന്ന മുലിന്‍ജ നാരായണന് അന്വേഷണച്ചുമതല നല്‍കി. അദ്ദേഹവും എഎസ്പി സതീഷ് നാഗറുമാണ് അസാധ്യമെന്നു തോന്നിച്ച അന്വേഷണം മുന്നോട്ടുകൊണ്ടുപോയത്. എന്നാല്‍, അന്വേഷണം നടത്തരുതെന്നും കേസ് അവസാനിപ്പിക്കണമെന്നും ഇവര്‍ക്കുമേല്‍ വന്‍ സമ്മര്‍ദം വന്നു. ഉന്നത ഉദ്യോഗസ്ഥന്മാരും മന്ത്രിമാരും വരെ വിളിച്ചു. കേസ് ഏറ്റെടുത്ത് ഏതാനുംദിവസം കഴിഞ്ഞപ്പോള്‍ മുറിയിലേക്കു കടന്നുവന്ന ഒരു സിബിഐ ഉന്നതോദ്യോഗസ്ഥന്‍ തന്നെ ഗുര്‍മീതിനെതിരെയുള്ള അന്വേഷണം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടതായിരുന്നു അത്. അതോടെ ഗുര്‍മീതിന്റെ അനുയായികളെ ചോദ്യം ചെയ്യല്‍ ശക്തമാക്കി.

ഊമക്കത്തു വന്നതു പഞ്ചാബിലെ ഹോഷിയാര്‍പുരില്‍ നിന്നാണെന്നു സിബിഐ കണ്ടെത്തി. പക്ഷേ പെണ്‍കുട്ടി ആരെന്ന് ഒരു രൂപവുമില്ല. ദേര സച്ചാ സൗദയില്‍നിന്നു വിട്ടു പോയ 24 സന്യാസിനിമാരുടെ വിവരങ്ങള്‍ സംഘടിപ്പിച്ചു. അതില്‍ മൂന്നുപേരുടെ വീടു കണ്ടെത്തി. ആരുംതന്നെ കേസിനു തയാറായിരുന്നില്ല. ഒടുവില്‍ ആദ്യത്തെ ഇരയായ പെണ്‍കുട്ടിയെ കണ്ടുപിടിച്ചു. ആ കുട്ടി അപ്പോഴേക്കും വിവാഹിതയായിരുന്നു. അവര്‍ വഴി ഹരിയാനയിലുള്ള രണ്ടാമത്തെ കുട്ടിയെയും കണ്ടെത്തി. സംഭവം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത ആ കുട്ടിയുടെയും വിവാഹം കഴിഞ്ഞിരുന്നു. ഒട്ടേറെ പേര്‍ക്ക് പീഡനമേറ്റിട്ടുണ്ടെന്ന് കത്തില്‍ പറഞ്ഞിട്ടുണ്ടെങ്കിലും പരാതി നല്‍കാന്‍ മുന്നോട്ടു വന്നത് ആ രണ്ടു പേര്‍ മാത്രമായിരുന്നു.

‘1999 സെപ്റ്റംബറിലായിരുന്നു സംഭവം. ഗുര്‍മീത് താമസിക്കുന്നതു നിലവറപോലെയുള്ള ഗുഹയിലാണ്. ഇതിനു കാവല്‍നില്‍ക്കുന്നതു സന്യാസിനിമാരാണ്. രാത്രി എട്ടു മുതല്‍ 12 വരെയുള്ള ഷിഫ്റ്റിലായിരുന്നു എന്റെ ഡ്യൂട്ടി. പത്തു മണിയോടെ ഗുര്‍മീത് എന്നെ അകത്തേക്കു വിളിച്ചു. നിലത്ത് ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ കിടക്കയിലേക്ക് ഇരിക്കാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്നാണു മാനഭംഗപ്പെടുത്തിയത്. കരഞ്ഞുകൊണ്ടു പുറത്തിറങ്ങി. മറ്റു സന്യാസിനിമാര്‍ ചോദിച്ചുവെങ്കിലും ഒന്നും പറഞ്ഞില്ല.

അടുത്തദിവസം വീട്ടില്‍നിന്ന് അച്ഛനും അമ്മയും വന്നപ്പോള്‍ അവരോടു വിവരം പറഞ്ഞു. അതോടെ ദേര ആസ്ഥാനം വിട്ടു. എന്നിട്ടും 2000 ല്‍ വിവാഹം നടത്തിയത് അവിടെത്തന്നെയാണ്. ഗുര്‍മീതും ചടങ്ങില്‍ പങ്കെടുത്തു. എന്നാല്‍ ഭര്‍ത്താവിനു ചില സംശയങ്ങള്‍ തോന്നി. അങ്ങനെ എല്ലാ വിവരവും പറഞ്ഞു. ദേര സച്ചാ അനുയായികളുടെ ഭീഷണി അസഹ്യമായപ്പോള്‍ യമുനാനഗറിലേക്കും പിന്നെ ചണ്ഡിഗഡിലേക്കും താമസം മാറ്റി. കോടതിയില്‍ ക്രോസ് വിസ്താരം നടന്നപ്പോള്‍ പോലും താമസസ്ഥലം വെളിപ്പെടുത്തിയില്ല.’

കേസില്‍ രണ്ടാമത്തെ പെണ്‍കുട്ടിയുടെ മൊഴി സിബിഐ രേഖപ്പെടുത്തിയപ്പോള്‍ പെണ്‍കുട്ടി പറഞ്ഞത് ഇങ്ങനെ.
‘1999 ഓഗസ്റ്റ് 28ന് ആയിരുന്നു സംഭവം. രാത്രി 8.30നു സുധേഷ് കുമാരി എന്ന സന്യാസിനി എന്നോടു പിതാജിയുടെ ഗുഹയിലേക്കു ചെല്ലാന്‍ ആവശ്യപ്പെട്ടു. അദ്ദേഹംതന്നെയാണു വാതില്‍ തുറന്നത്. ധന്‍ ധന്‍ സത്ഗുരു, തേരാ ഹി അസാര എന്നു പറഞ്ഞു വണങ്ങി. കിടക്കയില്‍ ഇരിക്കാന്‍ പറഞ്ഞു. എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടോ എന്നു തിരക്കി. കോളജില്‍ പഠിച്ചകാലത്ത് ഒരു ആണ്‍കുട്ടിയുമായുള്ള അടുപ്പത്തെക്കുറിച്ചു പറഞ്ഞു. നീ കളങ്കിതയായി, ഇനി ഞാന്‍ പവിത്രമാക്കാം എന്നു പറഞ്ഞു മാനഭംഗപ്പെടുത്തി. ഞാന്‍ താങ്കളെ ദൈവമായാണു കാണുന്നതെന്നു പറഞ്ഞപ്പോള്‍, ഭഗവാന്‍ ശ്രീകൃഷ്ണനും ഇതു പോലെ ആയിരുന്നു എന്നു പറഞ്ഞു. വീണ്ടും ഇതുപോലെ നടന്നു. 2001 ല്‍ ആശ്രമം വിട്ടു. സഹോദരനാണ് ആശ്രമത്തില്‍നിന്നു കൊണ്ടുപോയത്’.

രണ്ടാമത്തെ പെണ്‍കുട്ടിയുടെ സഹോദരനാണ് ഊമക്കത്തെഴുതിയതെന്നു ഗുര്‍മീത് സംശയിച്ചു. 2002 ജൂലൈ 10 ന് ഈ യുവാവിനെ ദേര സച്ചാ സൗദ അനുയായികള്‍ കൊലപ്പെടുത്തി. 2005ല്‍ പെണ്‍കുട്ടി വിവാഹിതയാകുകയും ചെയ്തു.

ഒട്ടേറെ രാഷ്ട്രീയക്കാരും വമ്പന്‍ വ്യവസായികളും കേസ് ഒഴിവാക്കാനുള്ള സമ്മര്‍ദ്ദവുമായി സിബിഐ ഓഫിസില്‍ എത്തി. ഏറെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലാണ് ഗുര്‍മീതിനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button