ലക്‌നൗ : ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് പ്രതിപക്ഷ നേതൃനിരയില്‍ നിന്ന് വീണ്ടും തിരിച്ചടി. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പോടെ ബി.ജെ.പിയുടെ കളി അവസാനിപ്പിക്കുമെന്ന തീരുമാനത്തോടെ ‘ദേശ് ബചാവോ, ബജ്പ ഭഗാവോ’ എന്ന റാലി നടത്താനായിരുന്നു ലാലുവിന്റെ തീരുമാനം. മറ്റു പ്രതിപക്ഷ പാർട്ടികളെ മുഴുവൻ ഇതിൽ പങ്കെടുപ്പിക്കാൻ കഴിയുമെന്നായിരുന്നു ലാലുവിന്റെ പ്രതീക്ഷ. എന്നാൽ റാലിയുടെ പ്രഖ്യാപനം നടത്തി കഴിഞ്ഞാണ് മിക്ക പ്രതിപക്ഷ പാർട്ടികളെയും ലാലു ഈ വിവരം അറിയിച്ചത്.
ഇതുകൊണ്ടു തന്നെ മായാവതി ഇത് നിരസിക്കുകയും ചെയ്തു. അഖിലേഷ് യാദവിനെയും മായാവതിയെയും ഒരേ വേദിയിൽ എത്തിക്കുമെന്നായിരുന്നു ലാലുവിന്റെ മറ്റൊരു പ്രഖ്യാപനം. ലാലുവിന്റെ റാലിയില്‍ തന്റെ പാര്‍ട്ടിയില്‍ നിന്ന് സതീഷ് ചന്ദ്ര എം.പി പങ്കെടുക്കുമെന്ന് മായാവതി ഇന്നലെ പറഞ്ഞിരുന്നെങ്കിലും ഇന്ന് മായാവതി നിലപാട് മാറ്റുകയായിരുന്നു.
റാലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പങ്കെടുക്കുമോ എന്ന് ഇപ്പോഴും വ്യക്തമല്ല. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ജെ.ഡി.യു നേതാവ് ശരദ് യാദവ് എന്നിവര്‍ പങ്കെടുക്കുമെന്നാണ് ലാലുവിന്റെ വാദം. ഈ മാസം 27നാണ് ലാലുവിന്റെ റാലി.
Post Your Comments