ആലപ്പുഴ ; വീട്ടിൽ തളർന്ന് കിടന്നയാൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചു. ശരീരം തളർന്ന അവസ്ഥയിലിരുന്ന മുളന്താനത്ത് (പുന്നശേരി) ജോസ്മോനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുള്ളതിനാൽ പോലീസ് അന്വേഷണം ആരംഭിച്ചു.
രാവിലെ ഭാര്യയും മകന്റെ ഭാര്യയും ജോസ്മോനെ വീട്ടിലാക്കിയ ശേഷം പുറത്തുപോയിരുന്നു. ഇവർ തിരിച്ചെത്തിയപ്പോഴാണ് കഴുത്തിൽ കയർമുറുക്കി മരിച്ച നിലയിൽ ജോസ്മോനെ കാണുന്നത്. വീടിന്റെ ജനലിന് അരികിലായിരുന്നു ഇദ്ദേഹത്തെ ഇരുത്തിയിരുന്നത്. കഴുത്തിൽ കയർ മുറുക്കി കൊലപ്പെടുത്തിയെന്നാണ് സംശയിക്കുന്നതെങ്കിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കഴുത്തിൽ കയർ മുറുക്കിയ പാടുണ്ട്. ജീവനൊടുക്കാൻ കഴിയാത്ത സ്ഥിതിയിലുള്ള ആളാണ് ജോസ്മോനെന്നും ശരീരം തളർന്ന അവസ്ഥയിലായതിനാലാണ് ജനലിന് സമീപം ഇരുത്തിയിട്ട് പോയതെന്നും വീട്ടുകാർ മൊഴി നല്കി.
സംഭവം നടന്ന വീട്ടിൽ പോലീസ് പരിശോധന ആരംഭിച്ചു. വീടിന്റെ പരിസരത്ത് രാവിലെ നാടോടി സ്ത്രീകളെ കണ്ടിരുന്നുവെന്നും ഇവരിൽ ചിലർ ഓട്ടോയിൽ കയറി പോകുന്നത് കണ്ടുവെന്നും പ്രദേശവാസികൾ പോലീസിന് മൊഴി നൽകി. പോസ്റ്റ്മോർട്ടത്തിന് ശേഷമേ കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരൂ എന്ന് പോലീസ് അറിയിച്ചു.
Post Your Comments