തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ നിയമനവിവാദത്തില്‍ സ്ത്രീയാണെന്ന പരിഗണനപോലുമില്ലാതെ പ്രതിപക്ഷം തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. വ്യക്തിഹത്യ നടത്തിയ പ്രതിപക്ഷത്തിനെതിരെ നിയമനടപടി ആലോചിക്കുന്നുണ്ടെന്നും താന്‍ ചെയ്യാത്ത കുറ്റത്തിനാണ് തന്നെ പ്രതിപക്ഷം ആക്രമിച്ചതെന്നും അതിനു പിറകില്‍ മറ്റ് പലതുമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
തെറ്റാണ് താന്‍ ചെയ്തതെങ്കില്‍ കോടതി പറയുന്ന ശിക്ഷ ഏറ്റുവാങ്ങാന്‍ തയാറാണെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. കമീഷന്‍ നിയമനത്തിന് കാലാവധി നീട്ടിയത് കൂടുതല്‍ നല്ല അപേക്ഷകര്‍ എത്തട്ടേയെന്ന് കരുതിയാണ്. കോടതി തനിക്ക് എതിരായ പരാമര്‍ശങ്ങള്‍ നീക്കം ചെയ്തതില്‍ അതിയായ സന്തോഷമുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പ്രതിപക്ഷം ആരോഗ്യവകുപ്പിലെ ഒരോ നിയമനങ്ങളും ചികഞ്ഞ് നടക്കുകയാണ്. എന്നാല്‍ എല്ലാം ശരിയായ രീതിയിലാണ് നടക്കുന്നതെന്ന് തനിക്ക് ഉറപ്പുണ്ട്. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ തനിക്കെതിരെ ചുണ്ടിക്കാട്ടിയ ഫയല്‍ കൃത്രിമമാണ്. ആരോഗ്യവകുപ്പില്‍ നിന്നുമല്ലാത്ത കാര്യം എഴുതിച്ചേര്‍ത്താണ് അദ്ദേഹം മാധ്യമങ്ങളെ കാണിച്ചതെന്നും അവർ വ്യക്തമാക്കി.
Post Your Comments