ഇന്നത്തെ പ്രധാനവാര്‍ത്തകള്‍
1.ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി.
ലാവലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള ഏഴ് പ്രതികളെ കുറ്റവിമുക്തരാക്കിയ തിരുവനന്തപുരം സിബിഐ കോടതിയുടെ വിധി ഹൈക്കോടതി ശരി വെച്ചു. സിബിഐയുടെ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് പി ഉബൈദിന്റെ ബഞ്ചാണ് വിധി പറഞ്ഞത്. ലാവ്‌ലിൻ ഇടപാടിൽനിന്ന് പിണറായി വിജയന്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ലെന്നും പിണറായി വിജയനെതിരെ തെളിവുകള്‍ ഇല്ലെന്നും കോടതി നിരീക്ഷിച്ചു. സിബിഐയുടെ റിവിഷന്‍ ഹര്‍ജിയില്‍ അഞ്ച് മാസം മുമ്പ് വാദം പൂര്‍ത്തിയായിരുന്നു. കേസ് വിധി പറയാന്‍ മാറ്റിയ ശേഷം തനിക്ക് ധാരാളം ഊമക്കത്തുകള്‍ കിട്ടിയെന്നും പലര്‍ക്കും രാഷ്ട്രീയ ലക്ഷ്യമായിരുന്നെന്നും വിധി പ്രസ്താവം നടത്തിയപ്പോള്‍ ജസ്റ്റിസ് പി ഉബൈദ് വ്യക്തമാക്കി. 202പേജുള്ള വിധിന്യായമാണ് ഇന്ന് കോടതിയില്‍ വായിച്ചത്. കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട മൂന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ നടപടികൾ നേരിടണം. എന്നാല്‍ പിണറായി വിചാരണ നേരിടേണ്ടെന്നും കോടതി വ്യക്തമാക്കി
2.കൊച്ചിയില്‍ യുവനടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഹൈക്കോടതി മാറ്റി
ദിലീപിനെതിരെ പുതിയ തെളിവുകള്‍ ഉണ്ടെന്നു രാവിലെ കോടതിയില്‍ അറിയിച്ച പ്രോസിക്യുഷന്‍ ദിലീപും സുനിയും തൃശൂരിലെ ടെന്നീസ് ക്ലബിനു സമീപം കൂടിക്കാഴ്ച നടത്തുന്നതിന് ഒരു ജീവനക്കാരന്‍ സാക്ഷിയാണെന്നും നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവന്റെ ഡ്രൈവര്‍ ദിലീപിനെതിരെ മൊഴി കൊടുത്തുവെന്നും അറിയിച്ചു. കേസ് കെട്ടിച്ചമച്ചതാണെന്നും പള്‍സര്‍ സുനിയും നടിയും തമ്മിലുള്ള അസ്വാരസ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നും ഇന്നലെ ദിലീപിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയിരുന്നു. സുനിയും ദിലീപും ഒരു ടവറിനു കീഴിലുണ്ടായിരുന്നു എന്നതുമാത്രം ഗൂഢാലോചനയ്ക്ക് തെളിവായി കാണാനാവില്ല. ഇന്നലെ രാവിലെ 10.30നു തുടങ്ങിയ വാദം മൂന്നര മണിക്കൂറുകളോളം നീണ്ടു നിന്നിട്ടും തീരുമാനമാകാത്തതിനാല്‍ ഇന്നത്തേക്ക് നീട്ടി വയ്ക്കുകയായിരുന്നു. ഇരുപക്ഷത്തിന്റെയും വാദം ഉച്ചയോടെ പൂര്‍ത്തിയായി.
3.ഇന്ത്യക്കെതിരെ ജലയുദ്ധത്തിന് ചൈന; ഇന്ത്യയ്ക്ക് വേണ്ട ഹൈഡ്രോളജിക്കൽ ഡാറ്റ നല്‍കുന്നത് നിര്‍ത്തലാക്കാന്‍ നീക്കം
മഴക്കാലത്ത് ഇന്ത്യയ്ക്ക് വേണ്ട ഹൈഡ്രോളജിക്കൽ ഡാറ്റ നൽകുന്നത് ചൈനയാണ്. ചൈനയുമായുള്ള പ്രത്യേക കരാർ ഒപ്പുവെച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹൈഡ്രോളജിക്കൽ ഡാറ്റയുടെ കൈമാറ്റം നടക്കുന്നത്. ഇത് നിർത്തലാക്കാനാണ് ചൈന നീക്കം നടത്തുന്നത്. ദോക്ലാം അതിർത്തി തർക്കം രൂക്ഷമായതിനു ശേഷം ജലം, മഴ എന്നിവയുമായി ബന്ധപ്പെട്ടുള്ള ഒരു വിവരവും ചൈന ഇന്ത്യയ്ക്ക് കൈമാറിയിട്ടില്ല. അവസാനമായി കഴിഞ്ഞ മേയിലാണ് ഹൈഡ്രോളജിക്കൽ ഡാറ്റ ഇന്ത്യയ്ക്ക് നൽകിയത്. കാലാവസ്ഥാ നിരീക്ഷണ റിപ്പോർട്ടുകൾ കൈമാറുന്നത് ഇരുരാജ്യങ്ങൾക്കും ഏറെ ഗുണം ചെയ്യുന്നുണ്ട്. ചൈനീസ് നദികളിലെ ജലത്തിന്റെ അളവും മഴലഭ്യതയുടെ കണക്കുകളും ഇന്ത്യയ്ക്ക് കൈമാറിയിരുന്നു. എന്നാൽ ഹൈഡ്രോളജിക്കൽ ഡാറ്റ ലഭിക്കാതെ വന്നതോടെ ചൈനയുടെ ഭാഗത്തുള്ള നദികളിലെ ജലത്തിന്റെ അളവ് കണക്കാക്കാൻ ഇന്ത്യയ്ക്ക് സാധിക്കുന്നില്ല.ഇത് കിഴക്കൻ സംസ്ഥാനങ്ങളിൽ വൻ പ്രളയത്തിനു വരെ കാരണമാകും.
4.കൊച്ചി നഗരത്തില്‍ വാടക മാഫിയ അരങ്ങുതകര്‍ക്കുന്നു. കെട്ടിടം ഉടമകളെ നോക്കുകുത്തിയാക്കിക്കൊണ്ടാണ് വാടക മാഫിയകളുടെ വിളയാട്ടം.
വാടകത്തര്‍ക്കത്തിന്റെ പേരില്‍ വിചിത്രമായ ആക്രമണമാണ് കൊച്ചി നഗരത്തില്‍ നടക്കുന്നത്. പെണ്‍ഗുണ്ടകളെ വരെ രംഗത്തിറക്കി മാഫിയക്കാര്‍ തമ്മില്‍തല്ല് നടത്തി തുടങ്ങി. ജി.സി.ഡി.എ.യുടെ ഉടമസ്ഥതയിലുള്ള കലൂര്‍ സ്റ്റേഡിയം മുറികള്‍ വാടകയ്ക്കെടുത്ത് ‘കെട്ടിടം ഉടമ’ ചമയുന്ന സ്ത്രീയും അവരില്‍ നിന്ന് വാടകയ്ക്ക് എടുത്തയാളും തമ്മിലുള്ള തര്‍ക്കം ഇപ്പോഴും നടക്കുകയാണ്. ഇതോടെ യഥാര്‍ഥ ഉടമകള്‍ വീട് പൂട്ടിയിട്ടാലും വാടകയ്ക്ക് കൊടുക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. സ്ത്രീകള്‍ വന്ന് കയ്യേറ്റം നടത്തിയതു കണ്ട് കേസെടുക്കാന്‍ പൊലീസും ആദ്യം മടിച്ചിരുന്നു.
5.ലോകത്തിലെ ഏറ്റവും വലിയ സമൂസ ഇനി ലണ്ടന്റെ ‘അടുക്കളയില്‍’.
153.1 കിലോഗ്രാം ഭാരമുള്ള സമൂസ നിര്‍മ്മിച്ചാണ് ലണ്ടനിലെ മുസ്ലിം എയ്ഡ് ചാരിറ്റി പ്രവര്‍ത്തകര്‍ റെക്കോര്‍ഡ് തീര്‍ത്തത്. പന്ത്രണ്ടോളം വരുന്ന മുസ്ലിം എയ്ഡ് ചാരിറ്റി പ്രവര്‍ത്തകര്‍ ചേര്‍ന്ന് കിഴക്കന്‍ ലണ്ടനിലെ ഒരു പള്ളിയില്‍ പ്രത്യേകം നിര്‍മ്മിച്ച പാത്രത്തിലാണ് ഭീമന്‍ സമൂസ പൊരിച്ചെടുത്തത്. ഏകദേശം 15 മണിക്കൂര്‍ സമയം കൊണ്ടാണ് സമൂസയുടെ നിര്‍മ്മാണവും പാകപ്പെടുത്തലും പൂര്‍ത്തിയായത്. 2012ല്‍ വടക്കന്‍ ഇംഗ്ലണ്ടിലെ ബ്രാഡ്‌ഫോര്‍ഡ് കോളേജ് നിര്‍മ്മിച്ച 110.8 കിലോഗ്രാം സമൂസയുടെ റെക്കോര്‍ഡാണ് ഈ ഭീമന്‍ സമൂസ തകര്‍ത്തത്.
വാര്‍ത്തകള്‍ ചുരുക്കത്തില്‍
1.ഒറ്റ ദിവസം കൊണ്ട് 9500 വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് ചരിത്രം കുറിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ മാസം 29ന് രാജസ്ഥാനിലാണ് വികസന പദ്ധതികളുടെ ഉദ്ഘാടനം നടക്കുക
2.ആരോഗ്യമന്ത്രി കെ.കെ ഷൈലജയ്ക്കു നേരെ കരിങ്കൊടി പ്രതിഷേധം. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിനു മുമ്പില്‍ വെച്ച് കെ.എസ്.യു പ്രവര്‍ത്തകരാണ് മന്ത്രിയെ കരിങ്കൊടി കാണിച്ചത്.
3.മുത്തലാഖിൽ നിയമനിർമാണമില്ല. കോടതി വിധി നടപ്പാക്കുമെന്നു കേന്ദ്രം.
4.പി.വി.അന്‍വറിന്റെ അനധികൃത ചെക്ക് ഡാം പൊളിക്കാന്‍ നടപടി തുടങ്ങി; എസ്റ്റിമേറ്റ് തയ്യാറാക്കാന്‍ മലപ്പുറം ഡെപ്യൂട്ടി കലക്ടറുടെ നിര്‍ദേശം
5.ബാബാ രാംദേവിന്റെ പതഞ്ജലിയെ മറികടക്കാന്‍ ‘ശ്രീ ശ്രീ തത്വ’യുമായി ശ്രീ ശ്രീ രവിശങ്കര്‍. പതഞ്ജലി മാതൃകയില്‍ ആയുര്‍വേദ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാനാണ് രവിശങ്കറും തയ്യാറെടുക്കുന്നത്
6.സ്വാശ്രയക്കേസിലെ ഹൈക്കോടതി പരാമര്‍ശം സർക്കാരിനേറ്റ കനത്തപ്രഹരമെന്നു പ്രതിപക്ഷ നേതാവ്. കുറ്റവാളിയായി ജനങ്ങള്‍ക്കു മുന്നില്‍ നില്‍ക്കുന്ന സാഹചര്യമാണു സർക്കാരിനെന്നും രമേശ് ചെന്നിത്തല.
7.രാജീവ് ഗാന്ധിയെ പോലെ സമ്മര്‍ദ്ദത്തിന് വഴങ്ങുന്നയാളല്ല ഇന്ത്യന്‍ പ്രധാനമന്ത്രിയെന്നു രവിശങ്കര്‍ പ്രസാദ്. മുത്തലാഖ് വിജയം ഇച്ഛാശക്തിയുടെ നേട്ടമാണെന്നും കേന്ദ്ര നിയമമന്ത്രി
8.ബാലവകാശ കമ്മീഷന്‍ നിയമനത്തില്‍ തനിക്കെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കണമെന്ന മന്ത്രി കെ.കെ.ശൈലജയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു.
9.ഉത്തര കൊറിയയുടെ ആണവ പദ്ധതികളെ സഹായിക്കുന്ന ചൈനയ്ക്കും റഷ്യയ്ക്കും യുഎസിന്റെ പരോക്ഷ പ്രഹരം. ഇവരുമായി സഹകരിക്കുന്ന 12 റഷ്യൻ, ചൈനീസ് കമ്പനികൾക്ക് യുഎസ് വിലക്കേർപ്പെടുത്തി.
10.വടക്കുകിഴക്കന്‍ നൈജീരിയയില്‍ ഭീകരാക്രമണങ്ങളില്‍ ചാവേറുകളായി കുട്ടികളെ ഉപയോഗിക്കുന്നത് വര്‍ധിക്കുന്നുവെന്ന് ഐക്യരാഷ്ട്ര സംഘടനകളുടെ കണക്ക്. വടക്കന്‍ നൈജീരിയയില്‍ മൂന്നുവര്‍ഷം മുമ്പ് 200-ലധികം സ്കൂള്‍ കുട്ടികളെ ഇത്തരത്തില്‍ കാണാതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments