Latest NewsCinema

യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് പിരിവ് നല്‍കിയില്ല; മലയാളസിനിമയുടെ ചിത്രീകരണം തടഞ്ഞു

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സിനിമാ ചിത്രീകരണം തടസ്സപ്പെടുത്തിയതായി ആക്ഷേപം. “സച്ചിന്‍ സണ്‍ ഓഫ് വിശ്വനാഥ്’ എന്ന സിനിമയുടെ ചിത്രീകരണമാണ് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വന്‍ തുക പിരിവ് നല്‍കിയില്ലെന്ന കാരണത്താല്‍ തടഞ്ഞത്. ഇതേതുടര്‍ന്ന് ഷൂട്ടിംഗ് പൂര്‍ത്തിയാക്കാതെ ചലച്ചിത്ര സംഘം മടങ്ങി.

സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം കഴിഞ്ഞ ഒരു മാസമായി പത്തനാപുരം , പുനലൂര്‍ മേഖലകളിലായി ചിത്രീകരണം നടന്നുവരുകയായിരുന്നു. പത്തനാപുരം പളളിമുക്കിലെ താലൂക്ക് ഓഫീസ് പരിസരത്ത് ചിത്രീകരണം നടക്കുന്നതിനിടെ തിങ്കളാഴ്ച രാവിലെ പണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസുകാര്‍ എത്തിയെന്നും പ്രവര്‍ത്തന ഫണ്ടിലേക്ക് വന്‍ തുക ആവശ്യപ്പെട്ടങ്കിലും നല്‍കാന്‍ നിര്‍മാതാവ് തയാറായില്ലയെന്നും സിനിമാ പ്രവര്‍ത്തകര്‍ പറയുന്നു. . തുടര്‍ന്ന് ഷൂട്ടിംഗ് പൊതുജനത്തിന് തടസ്സമാണെന്ന് ആരോപിച്ച്‌ കൊടിയേന്തി എത്തിയ പ്രവര്‍ത്തകര്‍ ചിത്രീകരണം തടസപ്പെടുത്തുകയായിരുന്നുവെന്നും അവര്‍ ആരോപിച്ചു. ചിത്രീകരണത്തിന് ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ പ്രവര്‍ത്തകര്‍ നശിപ്പിച്ചതായും ആക്ഷേപമുണ്ട്. ആദ്യമായാണ് ഇത്തരം ഒരു അനുഭവമെന്ന് സംവിധായകന്‍ സന്തോഷ് നായര്‍ പറഞ്ഞു.

ധ്യാന്‍ ശ്രീനിവാസന്‍, രഞ്ജി പണിക്കര്‍, മണിയന്‍പിളള രാജു, അജു വര്‍ഗീസ്, ഹരീഷ് കണാരന്‍, രമേഷ് പിഷാരടി തുടങ്ങി വന്‍താരനിര അണിനിരക്കുന്ന ചിത്രമാണ് സച്ചിന്‍ സണ്‍ ഓഫ് വിശ്വനാഥ്. ഷൂട്ടിംഗ് തടസപ്പെട്ടതിനാല്‍ അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി നിര്‍മാതാവ് പറഞ്ഞു. സംഭവത്തില്‍ എട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പത്തനാപുരം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button