ജനങ്ങള്‍ക്ക് ഉപകാരപ്രദമായ മികച്ച ആശയവും അതുപയോഗിച്ച് മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുക്കാനുള്ള കഴിവുമുണ്ടെങ്കില്‍ സര്‍ക്കാര്‍ നിങ്ങള്‍ക്ക് പണം തരും. ഒരു വര്‍ഷം രണ്ട് മൊബൈൽ ആപ്ലിക്കേഷനുകള്‍ പുറത്തുനിന്നു വാങ്ങാന്‍ എല്ലാ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും ഐ.ടി വകുപ്പ് അനുമതി നല്‍കി.
കേരള സ്റ്റാര്‍ട്ടപ് മിഷന്റെ അംഗീകാരം നേടിയ സ്റ്റാര്‍ട്ടപ്പുകള്‍ക്കു സര്‍ക്കാരിനു വേണ്ടി ആപ്ലിക്കേഷന്‍ തയാറാക്കാം. അഞ്ചുലക്ഷം രൂപയാണ് ഇതിനായി നല്‍കുന്നത്.
സര്‍ക്കാര്‍ ഏജന്‍സികളായ ഐ.ടി മിഷന്‍, നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്റര്‍ തുടങ്ങിയവയാണ് സര്‍ക്കാര്‍ ഇതുവരെ ഇത്തരം കാര്യങ്ങള്‍ക്കായി ആശ്രയിച്ചിരുന്നത്. പുതിയ ആശയങ്ങളുള്ളവര്‍ക്ക് ഏതെങ്കിലും സ്റ്റാര്‍ട്ട് അപ്പിനെ സമീപിക്കാം. സാങ്കേതിക സഹായങ്ങള്‍ സ്റ്റാര്‍ട്ടപ്പ് മിഷന്‍ നല്‍കും. ആപ്ലിക്കേഷന്റെ ചെറുപതിപ്പ് സമര്‍പ്പിക്കുമ്പോള്‍ 50,000 രൂപ ലഭിക്കും. പൂര്‍ത്തിയാക്കി ആപ്ലിക്കേഷന്‍ കൈമാറുമ്പോള്‍ 2.5 ലക്ഷം രൂപയും ആപ്ലിക്കേഷന്‍ പൊതുജനങ്ങള്‍ക്കു ലഭ്യമാക്കുമ്പോള്‍ 1.5 ലക്ഷം രൂപയും ആറു മാസത്തെ വാറന്റി കാലാവധി കഴിയുമ്പോള്‍ ശേഷിക്കുന്ന 50,000 രൂപയും നല്‍കും.
Post Your Comments