കൊച്ചി: സെപ്റ്റംബർ മുതൽ നല്ലൊരു വിഭാഗത്തിന്റെയും ശമ്പളം മുടങ്ങുമെന്നു സൂചന. സർക്കാർ ജീവനക്കാരുടെ വ്യക്തിവിവരങ്ങൾ ഡിജിറ്റലായി സൂക്ഷിക്കുന്ന ‘സ്പാർക്’ സംവിധാനം പരിഷ്കരിച്ചില്ലെങ്കിൽ ശമ്പളം മുടങ്ങാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. വിവിധ വകുപ്പുകളിലെ ഡ്രോയിങ് ആൻഡ് ഡിസ്ബേഴ്സിങ് ഓഫിസർമാരുടെ (ഡിഡിഒ) ആധാർ കാർഡിലെ പേരും സ്പാർകിലെ പേരും വ്യത്യസ്തമാണെങ്കിൽ കീഴ്ജീവനക്കാരുടെ ശമ്പളവിവരങ്ങൾ അപ്‌ലോഡ് ചെയ്യാൻ സാധിക്കില്ല. 39 സർക്കാർ വകുപ്പുകളിൽ ഇതേ പ്രശ്നം നേരിടുന്ന ഒട്ടേറെ ഡിഡിഒമാർ സ്പാർക് സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും സാധ്യമല്ലെന്നാണ് വിവരം ലഭിച്ചത്. എന്നാൽ വേണമെങ്കിൽ ആധാറിലെ പേര് സ്പാർകിലേതിനു സമാനമാക്കാനുമാണ് നിർദേശം ലഭിച്ചിരിക്കുന്നത്.
ശമ്പള വിതരണം പൂർണമായും ‘സ്പാർക്’ വഴിയാക്കാൻ നിർദേശിച്ചിരിക്കുന്നത്. ഡിജിറ്റൽ സിഗ്‌നേച്ചർ ഉപയോഗിച്ച് ഓരോ വകുപ്പിലെയും ഡിഡിഒമാർ സ്പാർകിൽ കയറിയ ശേഷം തനിക്കു കീഴിലുള്ള ജീവനക്കാരുടെ ശമ്പള വിവരങ്ങൾ അപ്‍ലോഡ് ചെയ്യണം. ഡിഡിഒമാർ കെൽട്രോൺ വഴിയാണ് ഡിജിറ്റൽ സിഗ്‌നേച്ചർ എടുത്തിരിക്കുന്നത്. ഇതിന് അടിസ്ഥാനമാക്കിയിരിക്കുന്നത് ആധാർ കാർഡിലെ വിവരങ്ങളും.
ആധാറിൽ പേരിനു മുന്നിൽ ചുരുക്കപ്പേര് രേഖപ്പെടുത്തിയിട്ടുള്ള നൂറുകണക്കിന് ഡിഡിഒമാരാണ് വെട്ടിലായിരിക്കുന്നത്. സ്പാർകിൽ പേരിനു ശേഷമാണു ചുരുക്കപ്പേര് എന്നതിനാൽ ഇവർക്ക് ലോഗിൻ ചെയ്യാൻ സാധിക്കില്ല. അവർക്കു കീഴിലുള്ള ആയിരക്കണക്കിനു ജീവനക്കാരുടെ ശമ്പളവും ഇതോടെ മുടങ്ങുന്ന സ്ഥിതിയാണെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
ഡിഡിഒമാരാണ് പിഎസ്‌സി വഴി നിയമനം ലഭിച്ചിരിക്കുന്ന മുഴുവൻ ജീവനക്കാരുടെയും ശമ്പളം ‘സ്പാർകി’ൽ അപ്‌ലോഡ് ചെയ്യേണ്ടത്. ഈ സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടിയപ്പോൾ, സ്പാർക് സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്താൻ സാധിക്കില്ലെന്നും വേണമെങ്കിൽ ആധാറിലെ വിവരങ്ങൾ മാറ്റി, പുതിയ ഡിജിറ്റൽ സിഗ്‌നേച്ചർ എടുക്കാനുമായിരുന്നു നിർദേശം. എന്നാൽ ബാങ്ക് അക്കൗണ്ടും പാൻ കാർഡുമെല്ലാം ആധാർ കാർഡുമായി ലിങ്ക് ചെയ്തു കഴിഞ്ഞ ഉദ്യോഗസ്ഥർക്ക് ആധാറിലെ വിവരങ്ങൾ മാറ്റുന്നതിൽ ആശങ്കയുണ്ട്.
Post Your Comments