Onamculture

ഓണത്തിനു പിന്നിലുള്ള  ഐതീഹ്യങ്ങൾ അറിയാം

ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ്‌ ഓണം. പ്രധാന ഐതിഹ്യം മഹാബലിയുടെത്‌ തന്നെ. അസുര രാജാവും വിഷ്ണുഭക്‌തനുമായിരുന്ന പ്രഹ്ലാദന്റെ പേരകുട്ടി ആയിരുന്നു മഹാബലി.  ദേവൻമാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ  ഭരണകാലം. അക്കാലത്ത്‌ മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു.  മഹാബലിയുടെ ഐശ്വര്യത്തിൽ അസൂയാലുക്കളായ ദേവൻമാർ മഹാവിഷ്ണുവിന്റെ സഹായം തേടി മഹാബലി ‘വിശ്വജിത്ത്‌’ എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടു. ചതി മനസ്സിലാക്കിയ അസുര ഗുരു ശുക്രാചാര്യരുടെ വിലക്കു വക വയ്ക്കാതെ മഹാബലി മൂന്നടി മണ്ണ്‌ അളന്നെടുക്കാൻ വാമനന്‌ അനുവാദം നൽകി.
ആകാശംമുട്ടെ വളർന്ന വാമനൻ തന്റെ കാൽപ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വർഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോൾ മഹാബലി തന്റെ ശിരസ്സ്‌ കാണിച്ചുകൊടുത്തു. മൂന്നാമത്തെ അടി അളക്കുന്നതിലൂടെ മഹാബലിയെ വാമനൻ പാതാളത്തിലേക്ക്‌ ചവിട്ടിതാഴ്ത്തി. ആണ്ടിലൊരിക്കൽ അതായത്‌ ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്റെ പ്രജകളെ സന്ദർശിക്കുന്നതിന്‌ അനുവാദവും വാമനൻ മഹാബലിക്കു നൽകി. അങ്ങനെ ഒരോ വർഷവും തിരുവോണ നാളിൽ മഹാബലി തന്റെ പ്രജകളെ അദൃശ്യനായി സന്ദർശിക്കാൻ വരുന്നു എന്നാണ് ജനങ്ങളുടെ ഇടയിൽ ഉള്ള വിശ്വാസം.
എന്നാൽ മറ്റൊരു കഥയും ഉണ്ട്. മഹാബലിയുടെ ദുരഭിമാനം തീർക്കാനായാന്‌ വാമനൻ അവതാരമെടുത്തത് എന്നാണ്‌.  മഹാബലി പിന്നീട് വാമനൻ ആരാണെന്ന് മനസ്സിലാക്കുകയും തന്റെ പാപ പരിഹാരാർത്ഥം മൂന്നാമത്തെ അടി വക്കാനായി സ്വന്തം തല കാണിച്ചു കൊടുക്കുകയും ചെയ്തു. വിഷ്ണു മഹാബലിയെ മോക്ഷ പ്രാപ്തനാക്കുകയും ജനിമൃതിയുടെ കരങ്ങളിൽ നിന്ന് മോചിപ്പിക്കുകയും ചെയ്തു എന്നുമാണ് ഐതിഹ്യം.
കൂടാതെ  ശ്രീബുദ്ധനുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള കഥകളും ഉണ്ട്‌.  സിദ്ധാർത്ഥ രാജകുമാരൻ ബോധോദയത്തിന്‌ ശേഷം ശ്രവണപദത്തിലേക്ക്‌ പ്രവേശിച്ചത്‌ ശ്രാവണമാസത്തിലെ തിരുവോണനാളിലായിരുന്നുവെന്ന്‌ ബുദ്ധമതാനുയായികൾ വിശ്വസിക്കുന്നു. ബുദ്ധമതത്തിന്‌ ആധിപത്യമുണ്ടായിരുന്ന അന്നത്തെ കേരളം ഈ ശ്രാവണപദ സ്വീകാരം ആഘോഷപൂർവ്വം അനുസ്മരിപ്പിക്കുന്നതാണ്‌ ഓണമെന്ന്‌ അവർ വാദിക്കുന്നു.
പരശുരാമകഥയുമായി ബന്ധപ്പെട്ട മറ്റൊരു ഐതിഹ്യവും ഓണത്തെ സംബന്ധിച്ചിട്ടുണ്ട്‌. വരുണനിൽനിന്ന്‌ കേരളക്ഷേത്രത്തെ മോചിപ്പിച്ച്‌ ബ്രാഹ്മണർക്ക്‌ ദാനം നൽകിയ പരശുരാമൻ അവരുമായി പിണങ്ങിപ്പിരിയുന്നു. മാപ്പപേക്ഷിച്ച ബ്രാഹ്മണരുടെ അഭ്യർത്ഥനയെ തുടർന്ന്‌ വർഷത്തിലൊരിക്കൽ തൃക്കാക്കരയിൽ അവതരിക്കുമെന്ന്‌ വാഗ്ദാനം ചെയ്യുന്നു. ഈ ദിവസം ഓണമെന്നും സങ്കൽപ്പമുണ്ട്‌.
മലബാർ മാന്വലിന്റെ കർത്താവായ ലോഗൻ ഓണാഘോഷത്തെ ചേരമാൻപെരുമാളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. പെരുമാൾ ഇസ്ലാംമതം സ്വീകരിച്ച്‌ മക്കത്തുപോയത്‌ചിങ്ങമാസത്തിലെ തിരുവോണത്തിൻ നാളിലായിരുന്നുവെന്നും ഈ തിർത്ഥാടനത്തെ ആഘോഷപൂർവ്വം അനുസ്മരിപ്പിക്കുന്നതാണ്‌ ഓണാഘോഷത്തിന്‌ നിമിത്തമായതെന്നും ലോഗൻ പറയുന്നു.
എന്നാൽ ആണ്ടുപിറപ്പുമായി ബന്ധപ്പെടുത്തിയും വില്ല്യം ലോഗൻ ഓണത്തെപ്പറ്റി എഴുതിയിട്ടുണ്ട്‌. തൃക്കാക്കര വാണിരുന്ന ബുദ്ധമതക്കാരനായിരുന്ന ചേരമാൻ പെരുമാളിനെ ചതിയിൽ ബ്രഹ്മഹത്യ ആരോപിച്ച് ജാതിഭൃഷ്ടനാക്കിയതും നാടുകടത്തി എന്നും എന്നാൽ അദ്ദേഹത്തെ അത്യന്തം സ്നേഹിച്ചിരുന്ന ജനങ്ങളുടെ എതിർപ്പിനെ തണുപ്പിക്കാൻ എല്ലാ വർഷവും തിരുവിഴാ നാളിൽ മാത്രം നാട്ടിൽ പ്രവേശിക്കാനുമുള്ള അനുമതി നൽകപ്പെട്ടെന്നും അദ്ദേഹത്തിന്റെ ആശ്രിതർക്കയി നൽകി രാജ്യം വിട്ടുവെന്നും ചില ചരിത്രകാരന്മാർ സമർത്ഥിക്കുന്നു. ആ ഓർമ്മക്കായിരിക്കണം തൃക്കാക്കരയപ്പൻ എന്ന പേരിൽ ബുദ്ധസ്ഥൂപങ്ങളുടെ ആകൃതിയിൽ ഇന്നും ഓണത്തപ്പനെ പ്രതിഷ്ഠിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button