Latest NewsInternationalGulf

വ്യാജ സ്വദേശിവത്ക്കരണത്തിനെതിരെ കര്‍ശന നടപടിയുമായി സൗദി

റിയാദ്: വ്യാജ സ്വദേശിവത്കരണം നടപ്പാക്കുന്ന സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്താന്‍ സൗദി തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു, വ്യാജ നിതാഖത് നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് 25,000 റിയാല്‍ പിഴ ചുമത്തുമെന്ന് തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പുനല്‍കി. സ്വദേശികള്‍ക്ക് കൂടുതല്‍ മികച്ച തൊഴിലവസരം ലഭ്യമാക്കുന്നതിന് അടുത്തമാസം 3 മുതല്‍ സന്തുലിത നിതാഖാത് നടപ്പാക്കുമെന്നും മന്ത്രാലയം അറിയിച്ചു.

നിതാഖത് വ്യാപകമാക്കിയതോടെ സ്വകാര്യ സ്ഥാപനങ്ങള്‍‍ വ്യാജ സ്വദേശിവത്കരണം നടത്തുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു. നിതാഖാത് പ്രകാരം സ്വകാര്യസ്ഥാപനങ്ങള്‍ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ രജിസ്റ്റര്‍ചെയ്ത സ്വദേശികളുടെ ശരാശരി വേതനം 3500 റിയാലാണ്. സ്വകാര്യ സ്ഥാപനങ്ങള്‍ നിയമിച്ചവരില്‍ 48 ശതമാനവും ഇത്തരത്തില്‍ കുറഞ്ഞശമ്പളം നേടുന്നവരാണ്. ഇത് വ്യാജ സ്വദേശിവത്കരണത്തിന് ഉദാഹരണമാണെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടി സ്വീകരിക്കാന്‍ സൗദി തൊഴില്‍ മന്താലയം തീരുമാനമെടുത്തത്.

അതേസമയം, നിതാഖത് പാലിക്കുന്നതിന് സ്വദേശികള്‍ അറിയാതെയും അവരുടെ സമ്മതമില്ലാതെയും ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ രജിസ്റ്റര്‍ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് 25,000 റിയാല്‍ പിഴ ചുമത്തുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. കൂടാതെ സ്വദേശികള്‍ക്ക് മാത്രമായി നിജപ്പെടുത്തിയ തസ്തികകളില്‍ വിദേശികളെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 20,000 റിയാലാണ് പിഴ. മൊബൈല്‍ , ലേഡീസ് ഷോപ്പുകള്‍ എന്നിവിടങ്ങളില്‍ സമ്പൂര്‍ണ സ്വദേശിവത്കരണം നേരത്തെതന്നെ നടപ്പിലാക്കിയിട്ടുള്ളതാണ്. ഈ മേഖലകളില്‍ വിദേശികളെ നിയമിച്ചാല്‍ ഒരു തൊഴിലാളിക്ക് 20,000 റിയാല്‍ വീതവും പിഴയൊടുക്കണം.

സ്ഥാപനങ്ങള്‍ തൊഴിലാളികളെ സംബന്ധിക്കുന്ന വിവരങ്ങള്‍ കര്‍ശനമായും സൂക്ഷിക്കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.ഇത്തരത്തില്‍ തൊഴിലാളികളുടെ പേരുവിവരങ്ങള്‍, വേതനം, ഡ്യൂട്ടി രജിസ്റ്റര്‍ എന്നിവ വ്യക്തമാക്കുന്ന രേഖകള്‍ സൂക്ഷിക്കാത്ത സ്ഥാപനങ്ങള്‍ക്ക് 5000 റിയാല്‍ പിഴ ചുമത്തും. തൊഴിലാളികളുടെ പാസ്പോര്‍ട്ട് കൈവശം സൂക്ഷിക്കുന്ന ഉടമകളും പിഴനല്‍കേണ്ടിവരും. ഇക്കാര്യം ശ്രദ്ധയില്‍ പെട്ടാല്‍ 2000 റിയാലാല്‍ പിഴ ചുമത്താനാണ് സൗദി തൊഴില്‍മന്ത്രാലയത്തിന്റെ തീരുമാനം

shortlink

Related Articles

Post Your Comments

Related Articles


Back to top button